ലോകകപ്പ് സ്‌ക്വാഡിലേക്ക് സൂപ്പര്‍ താരത്തിന്‍റെ മാസ്സ് എൻട്രി. കരിയറിലെ മൂന്നാം ഏകദിന ലോകകപ്പ്.

ലോകകപ്പിനുള്ള സ്ക്വാഡിൽ ഒരു അപ്രതീക്ഷിത മാറ്റവുമായി ഇന്ത്യൻ ടീം. 2023 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ഉൾപ്പെടുത്തി. ഇന്ത്യയുടെ ഓൾറൗണ്ടറായ അക്ഷർ പട്ടേലിന് പകരമാണ് അശ്വിനെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അക്ഷറിന് പരിക്കേറ്റ സാഹചര്യത്തിലാണ് പകരക്കാരനായി രവിചന്ദ്രൻ അശ്വിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏഷ്യാകപ്പിൽ ബംഗ്ലാദേശിനെതിരെ നടന്ന ഇന്ത്യയുടെ മത്സരത്തിനിടയായിരുന്നു അക്ഷർ പട്ടേലിന് പരിക്കേറ്റത്. നിലവിൽ അശ്വിൻ ഇന്ത്യൻ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് പരിശീലന മത്സരത്തിനായി എത്തിയിട്ടുണ്ട്. സെപ്റ്റംബർ 30ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പരിശീലന മത്സരം നടക്കുന്നത്.

അക്ഷറിന് പരിക്കേറ്റ ശേഷം ഇന്ത്യ അശ്വിനെ ടീമിലേക്ക് തിരികെ വിളിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടു മത്സരങ്ങളിൽ അശ്വിന് കളിക്കാൻ അവസരം ലഭിച്ചു. അത് നല്ല രീതിയിൽ വിനിയോഗിക്കാനും അശ്വിന് സാധിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങളിൽ നിന്നായി 4 വിക്കറ്റുകളാണ് അശ്വിൻ പരമ്പരയിൽ സ്വന്തമാക്കിയത്. ഇൻഡോറിൽ നടന്ന രണ്ടാമത്തെ ഏകദിനത്തിൽ 41 റൺസ് വിട്ടുനൽകി അശ്വിൻ 3 വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

ഒപ്പം ഓസ്ട്രേലിയയുടെ കരുത്തുറ്റ ബാറ്റർമാരായ ഡേവിഡ് വാർണർ, ലഭുഷൈൻ എന്നിവരെ വ്യത്യസ്തമായ ബോളുകളിലൂടെ അശ്വിൻ പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അശ്വിന് വീണ്ടും ലോകകപ്പ് ടീമിലേക്ക് വിളി വന്നിരിക്കുന്നത്.

അശ്വിൻ കൂടിയെത്തിയതോടെ ഇന്ത്യയുടെ ലോകകപ്പിനുള്ള സ്ക്വാഡിൽ സ്പിൻ ബലം വർദ്ധിച്ചിട്ടുണ്ട്. അശ്വിനെ കൂടാതെ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യയുടെ ലോകകപ്പിലെ സ്പിന്നർമാർ. രാജ്കോട്ടിൽ ഓസ്ട്രേലിയക്കെതിരെ നടന്ന അവസാന ഏകദിനത്തിന് മുൻപ് രവിചന്ദ്രൻ അശ്വിന്റെ കഴിവുകളെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിച്ചിരുന്നു.

“അശ്വിൻ വലിയ ക്ലാസ്സുള്ള ക്രിക്കറ്ററാണ്. മാത്രമല്ല കൃത്യമായ സമയങ്ങളിൽ സമ്മർദ്ദം നിയന്ത്രിക്കാനും മികച്ച രീതിയിൽ മത്സരത്തെ നേരിടാനുള്ള പരിചയസമ്പന്നത അശ്വിനുണ്ട്. കഴിഞ്ഞ സമയങ്ങളിൽ അശ്വിൻ വേണ്ടത്ര ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ല എന്നത് സത്യമാണ്. എന്നിരുന്നാലും അയാളുടെ ക്ലാസും അനുഭവസമ്പത്തും നമുക്ക് തള്ളിക്കളയാൻ സാധിക്കില്ല. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ എത്ര മികച്ച രീതിയിലാണ് അശ്വിൻ പന്തറിഞ്ഞത് എന്ന് നമ്മൾ കണ്ടുകഴിഞ്ഞു.”- രോഹിത് പറഞ്ഞു.

അശ്വിന്റെ മൂന്നാമത്തെ ഏകദിന ലോകകപ്പാണ് ഇത്. ഇന്ത്യയിൽ അശ്വിൻ കളിക്കുന്ന രണ്ടാമത്തെ ഏകദിന ലോകകപ്പ് കൂടിയാണ് 2023ലെത്. മുൻപ് 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ അശ്വിൻ ടീമിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് 2015ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിലും അശ്വിൻ പങ്കെടുത്തിരുന്നു. എന്നാൽ 2019 ലോകകപ്പിൽ ഇന്ത്യ അശ്വിനെ പരിഗണിച്ചിരുന്നില്ല. ശേഷമാണ് വീണ്ടും അശ്വിനെ തേടി ലോകകപ്പിലേക്ക് വിളി എത്തിയിരിക്കുന്നത്.

Previous articleഇന്ത്യൻ മണ്ണിൽ സിക്സ് ഹിറ്റിങ്ങിൽ റെക്കോർഡ് തീർത്ത് ഹിറ്റ്മാൻ. മറികടന്നത് കിവി സൂപ്പർ താരത്തെ.
Next article24ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് നവീൻ ഉൾ ഹഖ്. കോഹ്ലിയുമായുള്ള വാക്പോരിന്റെ പേരിൽ ശ്രദ്ധ നേടിയവൻ.