എട്ടാം അണ്ടർ 19 ഏഷ്യ കപ്പ് കിരീടവുമായി ടീം ഇന്ത്യ:ലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ ടീം

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ നോക്കി കണ്ട അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ വമ്പൻ ജയവുമായി ഇന്ത്യൻ ടീം. അത്യന്തം വാശിനിറഞ്ഞ ഫൈനലിൽ പലതവണ മഴ വില്ലനായി എത്തിയെങ്കിൽ പോലും വളരെ ഏറെ ആധികാരികമായ ഒൻപത് വിക്കറ്റ് ജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കൻ ടീമിന് ഇന്ത്യൻ ബൗളർമാർക്ക്‌ മുൻപിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. മനോഹര ബൗളിങ്ങുമായി ഒരിക്കൽ കൂടി ഇന്ത്യൻ ടീം തിളങ്ങിയപ്പോൾ എതിരാളികൾക്ക്‌ യാതൊരു അവസരവും ലഭിച്ചില്ല.ഏറെ കരുത്തരായ ശ്രീലങ്കൻ ടീമിന് തുടക്ക ഓവറുകളിൽ തന്നെ വിക്കറ്റുകൾ ടോപ് ഓർഡറിൽ നഷ്ടമായി.

ചാമിന്തു വിക്രം (2), ശിവോൺ ഡാനിയൽ (6),അഞ്ജല ബണ്ടാര (9) എന്നിവർ നിരാശപെടുത്തിയപ്പോൾ സാധിശ രാജപക്സ (14 റൺസ്‌ ),യാസിരു റോഡ്രിഗോ (19 റൺസ്‌ )എന്നിവരാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർമാർ. ഇന്ത്യൻ ബൗളർമാർ കൃത്യമായ ലൈൻ ആൻഡ് ലെങ്ത് കൈവരിച്ചപ്പോൾ ശ്രീലങ്കൻ ടീമിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

ശ്രീലങ്കൻ ടീമിന് 38 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടാൻ സാധിച്ചത്. മഴ കാരണമാണ് ഫൈനൽ മത്സരം 38 ഓവറുകളാക്കി ചുരുക്കിയത്.ഇതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യൻ ടാര്‍ഗറ്റ് 102 റൺസായി മാറി. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനായി വിക്കി ഓസ്ട്വാൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കൗശാൽ താംബേ രണ്ട് വിക്കറ്റുകളുമായി തിളങ്ങി.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് വേണ്ടി ഓപ്പണർ അഗ്രിഷ് രഗുവംശി 56 റൺസുമായി തിളങ്ങി. 5 റൺസുമായി ഹർണൂർ പുറത്തായപ്പോൾ എത്തിയ ഷെയ്ഖ് റഷീദ് (31 റൺസ്‌ )വിജയലക്ഷ്യം എളുപ്പമാക്കി.കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.