ഇരട്ട സെഞ്ച്വറി പ്രകടനവുമായി ജോ റൂട്ട് : ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സിൽ കുറ്റൻ സ്കോർ

നായകൻ  ജോ റൂട്ടിന്‍റെ ഡബിള്‍ സെഞ്ചുറിയുടെയും  ആൾറൗണ്ടർ
ബെന്‍ സ്റ്റോക്സിന്‍റെ  വെടിക്കെട്ട്  അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട്  ടീം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 555 റൺസ് ഇതുവരെ എടുത്തിട്ടുണ്ട് . 28 റണ്‍സോടെ ഡൊമനിക് ബെസ്സും ആറ് റണ്‍സുമായി ജാക്ക് ലീച്ചും  ആണ്  ക്രീസിൽ .

രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെന്ന ശക്തമായ  നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് ടീമിന് മികച്ച തുടക്കമാണ് രണ്ടാം ദിനം ആദ്യ സെക്ഷനിൽ റൂട്ട് : സ്റ്റോക്സ് സഖ്യം നൽകിയത് .നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റൂട്ടും സ്റ്റോക്സും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. രണ്ടാം ദിനം 263/3 എന്ന സ്കോറില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന് ഇരുവരും ടീം സ്കോർ  387 റൺസ് എത്തിയപ്പോളാണ്  പിരിഞ്ഞത് . ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സ്റ്റോക്സ് 118 പന്തില്‍ 82 റണ്‍സെടുത്തു.

സ്റ്റോക്സിനെ മടക്കി നദീമാണ് ഇന്ത്യക്ക് പ്രധാന  ബ്രേക്ക് ത്രൂ സമ്മാനിച്ചത്.  നദീമിന്റെ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച താരം  ബൗണ്ടറി ലൈനിൽ പൂജാരക്ക് ക്യാച്ച് നൽകി മടങ്ങി .ശേഷം വന്ന ഓലി പോപ്പിനെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന റൂട്ട് ഇംഗ്ലണ്ടിനെ 450 കടത്തി. പോപ്പിനെ(34) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഡബിള്‍ തികച്ച റൂട്ടിനെ(218) നദീം പുറത്താക്കി.

ഇന്നലെ തന്റെ നൂറാം ടെസ്റ്റിൽ സെഞ്ച്വറി  കണ്ടെത്തിയ നായകൻ റൂട്ട് ഇന്ന്  ഇന്ത്യൻ ബൗളിങ്ങിനെ ക്ഷമയോടെ നേരിട്ട് മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു .
377 പന്തുകൾ നേരിട്ട താരം 19 ഫോറും 2 സിക്സും അടക്കമാണ്  218 റൺസ് നേടിയത് .ഇന്നിങ്സിലെ  143 ആം ഓവറിൽ അശ്വിൻ എതിരെ സിക്സ്  അടിച്ചാണ് ടെസ്റ്റിൽ  ഇരട്ട ശതകം പൂർത്തിയാക്കിയത് . കരിയറിലെ റൂട്ടിന്റെ ആറാം ഇരട്ട സെഞ്ച്വറി ആണിത് .കൂടാതെ നൂറാം ടെസ്റ്റിൽ ഒരു താരത്തിന്റെ ഏറ്റവും  ഉയർന്ന സ്കോറും ആണിത് .

ശേഷം ക്രീസിൽ എത്തിയ ജോസ് ബട്‌ലറും(30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ രണ്ടാം ദിനം തന്നെ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി. രണ്ടാം ദിനം അവസാനം തുടര്‍ച്ചയായ
പന്തുകളിൽ ജോസ് ബട്‌ലറെയും ആര്‍ച്ചറെയും(0) ബൗള്‍ഡാക്കിയ  പേസർ ഇഷാന്ത് ശര്‍മയാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ അൽപ്പം  വക നല്‍കിയത്. ഇന്ത്യക്കായി ഇഷാന്തും ബുമ്രയും അശ്വിനും നദീമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Previous articleആ വിക്കറ്റ് എടുക്കരുതെന്ന് ഞാൻ മുഹമ്മദ്‌ ഷമിയോട് പറഞ്ഞിരുന്നു : വിരമിക്കലിന് പിന്നാലെ രസകരമായ സംഭവം വെളിപ്പെടുത്തി അശോക് ഡിണ്ട
Next articleമിന്നും ബാറ്റിങ് ഫോം തുടർന്ന് റൂട്ട് :ബ്രാഡ്മാൻ ഒപ്പം അപൂർവ്വ നേട്ടവും സ്വന്തം പേരിലാക്കി