വളരെ കാലത്തിന് ശേഷമാണ് ഇന്ത്യയുടെ സീനിയർ താരമായ വിരാട് കോഹ്ലി ട്വന്റി20 ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നത്. 2022ലെ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ ആയിരുന്നു വിരാട് കോഹ്ലി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ശേഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ ട്വന്റി20യിലേക്ക് തിരിച്ചെത്തുകയാണ് കോഹ്ലി.
ട്വന്റി20 ലോകകപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് വിരാട് കോഹ്ലിയെ ഇന്ത്യ കുട്ടിക്രിക്കറ്റ് ടീമിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചെത്തുമ്പോഴും വിരാട് കോഹ്ലി തന്റെ സമീപനത്തിൽ മാറ്റം വരുത്തേണ്ടതില്ല എന്നാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന പറയുന്നത്. കോഹ്ലി ട്വന്റി20യിൽ ഏത് തരം സമീപനം തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു റെയ്ന.
“കോഹ്ലിക്ക് എല്ലായിപ്പോഴും ആക്രമണപരമായ മനോഭാവമാണുള്ളത്. ഇന്നിംഗ്സ് കൃത്യമായി നിയന്ത്രിക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കും. 20 ഓവർ മത്സരം എന്നതും വലിയ ഫോർമാറ്റ് തന്നെയാണ്. ആളുകൾ കരുതുന്നത് അത് വളരെ ചെറിയ ഒരു ഫോർമാറ്റ് ആണെന്നാണ്. എന്നിരുന്നാലും നമ്മൾ 20 ഓവറുകൾ കളിക്കുക തന്നെ വേണം.
ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത് വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ്. അവിടുത്തെ വിക്കറ്റുകൾ നമ്മുടെ ബാറ്റർമാർക്ക് വെല്ലുവിളി ഉയർത്തിയേക്കും. ആ പിച്ചുകൾ കൂടുതലായി സ്പിന്നിനെ അനുകൂലിക്കുന്നതും, സ്ലോ ആയതുമായിരിക്കും.”- റെയ്ന പറയുന്നു.
ഇന്ത്യയെ സംബന്ധിച്ച് വിരാട് കോഹ്ലി എത്രമാത്രം പ്രധാനപ്പെട്ട താരമാണെന്നും റെയ്‌ന കൂട്ടിച്ചേർക്കുകയുണ്ടായി. “വിരാട് കോഹ്ലി ക്രീസിലുള്ള സമയത്ത്, ഇന്ത്യ ചെയ്സ് ചെയ്ത അവസാന 19 മത്സരങ്ങളിൽ 17 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്. ചെയ്‌സിങ്ങിന്റെ സമയത്ത് ബാറ്റർമാർക്ക് കൃത്യമായ ഒരു കണക്കുകൂട്ടൽ മനസ്സിൽ ആവശ്യമാണ്.
ഇത്തരത്തിൽ മികവ് പുലർത്താൻ സാധിക്കുന്നത് കൊണ്ട് തന്നെയാണ് കോഹ്ലിയെ നമ്മൾ ചെയ്സ് മാസ്റ്റർ എന്ന് വിളിക്കുന്നത്. കൃത്യമായി ഏത് സമീപനം സ്വീകരിക്കണമെന്ന് കോഹ്ലിയ്ക്കറിയാം. എന്നിരുന്നാലും 20 ഓവറുകൾ കോഹ്ലി ക്രീസിൽ നിന്ന് കളിക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് അനായാസം 225-230 റൺസ് സ്വന്തമാക്കാൻ സാധിക്കും.”- റെയ്ന കൂട്ടിച്ചേർക്കുന്നു.
അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് വിരാട് കോഹ്ലി കാഴ്ച വെച്ചിട്ടുള്ളത്. 115 മത്സരങ്ങൾക്ക് ഇന്ത്യക്കായി കോഹ്ലി കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 4008 റൺസാണ് ഈ ഇതിഹാസ താരത്തിന്റെ സമ്പാദ്യം. 52.73 എന്ന ഉയർന്ന ആവറേജിലാണ് കോഹ്ലി റൺസ് സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല 137 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും വിരാട് കോഹ്ലിയ്ക്ക് കുട്ടിക്രിക്കറ്റിലുണ്ട്
ഇന്ത്യ ചെയ്സ് ചെയ്ത മത്സരങ്ങളിൽ 73 റൺസാണ് വിരാട് കോഹ്ലിയുടെ ശരാശരി. അതുകൊണ്ട് തന്നെ വിരാട് കോഹ്ലി എന്ന താരത്തിന്റെ ഇന്ത്യൻ ടീമിലെ സാന്നിധ്യം വളരെ നിർണായകമാണ്.