ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കണമെങ്കിൽ ആ യുവതാരം കളിക്കണം. മുൻ ഓസീസ് കോച്ച് പറയുന്നു.

indian test team 2023

2024ൽ ക്രിക്കറ്റ് ലോകം വലിയ ആവേശത്തോടെ നോക്കിക്കാണുന്ന പരമ്പരയാണ് ബോർഡർ- ഗവാസ്കർ ട്രോഫി. ഇന്ത്യയും ഓസ്ട്രേലിയയും അണിനിരക്കുന്ന 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇത്തവണ ഓസ്ട്രേലിയൻ മണ്ണിലാണ് നടക്കുന്നത്. കഴിഞ്ഞ രണ്ടു തവണ ഓസ്ട്രേലിയൻ മണ്ണിൽ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണയും ഇന്ത്യ തയ്യാറെടുപ്പുകൾ നടത്തുന്നത്.

പരമ്പരയിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാകുന്നത് ബാറ്റർമാരുടെ പ്രകടനം ആയിരിക്കുമെന്ന് മുൻ ഓസ്ട്രേലിയൻ പരിശീലകൻ ജോൺ ബുക്കാനൻ പറയുന്നു. മാത്രമല്ല മത്സരത്തിൽ ഇന്ത്യൻ ഇടംകയ്യൻ ബാറ്റർ ജയസ്വാളിന്റെ പ്രകടനവും താൻ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്നുണ്ട് എന്ന് ബുക്കാനൻ പറയുന്നു.

ഇത് ആദ്യമായാണ് ജയസ്വാൾ ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. അതിനാൽ ഓസ്ട്രേലിയൻ സാഹചര്യങ്ങളെ താരം ഏതുതരത്തിൽ അനുകൂലമാക്കി മാറ്റും എന്ന് കാണാൻ തനിക്ക് ആഗ്രഹമുണ്ട് എന്നാണ് ബുക്കാനൻ പറഞ്ഞത്. ഇതുവരെ അത്യുഗ്രൻ പ്രകടനങ്ങൾ തന്നെയാണ് ജയസ്വാൾ ഇന്ത്യൻ ടീമിനായി ടെസ്റ്റുകളിൽ കാഴ്ചവച്ചിരിക്കുന്നത്.

jaiswal rajkot test

9 ടെസ്റ്റ്‌ മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ച ജയസ്വാൾ 1028 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 3 ടെസ്റ്റ് സെഞ്ച്വറികളും 4 അർദ്ധ സെഞ്ച്വറികളുമാണ് താരത്തിന്റെ പേരിലുള്ളത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ 171 റൺസ് നേടിയായിരുന്നു ജയസ്വാൾ കരിയർ ആരംഭിച്ചത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജയസ്വാൾ ബോർഡർ- ഗവാസ്കർ ട്രോഫിയിലും നിർണായക ഘടകം ആകുമെന്ന് ബുക്കാനൻ കരുതുന്നു.

Read Also -  ധോണി 2025 ഐപിഎൽ കളിക്കണം, അത് മറ്റൊരു ചെന്നൈ താരത്തെ സഹായിക്കും. റെയ്‌ന പറയുന്നു.

“ജയസ്വാളിനെ സംബന്ധിച്ച് ഒരുപാട് സംസാരങ്ങൾ പലയിടത്തു നിന്നും ഉയരുന്നുണ്ട്. അങ്ങേയറ്റം ആവേശം പകരുന്ന ഒരു യുവതാരമാണ് ജയസ്വാൾ. അവന്റെ ഓസ്ട്രേലിയയിലെ പ്രകടനം കാണാൻ എല്ലാവരും കാത്തിരിക്കുകയാണ്. ഇതുവരെ ഓസ്ട്രേലിയയിൽ കളിക്കാൻ ജയസ്വാളിന് സാധിച്ചിട്ടില്ല.”

”പേർത്ത് പോലെ ബൗൺസ് ലഭിക്കുന്ന വിക്കറ്റിൽ അവൻ ഇതുവരെയും ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഏതുതരത്തിൽ അവൻ തന്റെ മത്സരം സാഹചര്യങ്ങൾക്ക് അനുസൃതമായ രീതിയിൽ മാറ്റിയെടുക്കും എന്നത് നമുക്ക് കണ്ടറിയേണ്ടതാണ്. ജയസ്വാളിന്റെ ബാറ്റിംഗിലെ മികവ് ഇന്ത്യയ്ക്ക് പരമ്പര വിജയത്തിന് അത്യന്താപേക്ഷിതമാണ്.”- ബുക്കാനൻ പറഞ്ഞു.

5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര എല്ലാത്തരത്തിലും താരങ്ങൾക്ക് വെല്ലുവിളി ഉയർത്താറുണ്ട് എന്നും ബുക്കാനൻ കരുതുന്നു. “ഇതൊരു ക്ലാസിക് സീരിയസായി മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 5 ടെസ്റ്റ് മത്സരങ്ങളാണ് ഇത്തവണ ബോർഡർ – ഗവാസ്കർ ട്രോഫിയിലുള്ളത്. അതായത് സാധാരണ ഉണ്ടായിരിക്കുന്നതിലും ഒരു മത്സരം കൂടുതൽ. അത് ഈ പരമ്പരയിൽ വലിയ വ്യത്യാസമുണ്ടാകും.”

” അവസാന മത്സരം സിഡ്നിയിൽ നടക്കുന്നതിന് മുൻപ് തന്നെ ഇരു ടീമുകളും 4 മത്സരങ്ങൾ പൂർത്തീകരിക്കും. ഇതിനായി വളരെ ചെറിയ സമയമാണുള്ളത്. അതിനാൽ തന്നെ അഞ്ചാമത്തെ ടെസ്റ്റ് മത്സരം ശാരീരികമായും മാനസികപരമായും താരങ്ങളുടെ കഴിവിനെ വിലയിരുത്തും.”- ബുക്കാനൻ കൂട്ടിച്ചേർക്കുന്നു.

Scroll to Top