ധോണി 2025 ഐപിഎൽ കളിക്കണം, അത് മറ്റൊരു ചെന്നൈ താരത്തെ സഹായിക്കും. റെയ്‌ന പറയുന്നു.

dhoni walk

ഐപിഎല്ലിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ പ്രധാന താരമാണ് മഹേന്ദ്ര സിംഗ് ധോണി. 43കാരനായ ധോണി 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഫിറ്റ്നസ് മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും കഴിഞ്ഞ സീസണിൽ മികവാർന്ന പ്രകടനം തന്നെ പുറത്തെടുക്കാൻ ഇന്ത്യയുടെ ഇതിഹാസ താരത്തിന് സാധിച്ചിരുന്നു. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലും മഹേന്ദ്ര സിങ്‌ ധോണി അണിനിരക്കണം എന്നാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന പറയുന്നത്. ഇതിനുള്ള കാരണവും റെയ്ന പറയുകയുണ്ടായി.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ പല മത്സരങ്ങളിലും അവസാന ഓവറുകളിലായിരുന്നു മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തിയത്. 14 മത്സരങ്ങളിൽ നിന്ന് 161 റൺസാണ് സീസണിൽ ധോണി നേടിയത്. 220.25 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റ് ആയിരുന്നു ധോണിയുടെ കരുത്ത് തെളിയിച്ചത്.

എന്നാൽ അടുത്ത സീസണിലും ധോണി കളിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി റെയ്ന പറയുന്നു. നിലവിൽ ധോണിയുടെ സേവനം ഏറ്റവും ആവശ്യമുള്ളത് ചെന്നൈയുടെ പുതിയ നായകനായ ഋതുരാജ് ഗെയ്ക്വാഡിനാണ് എന്ന് റെയ്ന കരുതുന്നുണ്ട്. ഇനിയും ഋതുരാജിന് ധോണിയിൽ നിന്ന് നായകത്വത്തെ പറ്റി പഠിക്കാനുണ്ട് എന്നാണ് റെയ്ന കരുതുന്നത്.

“2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ മഹേന്ദ്ര സിംഗ് ധോണി കളിക്കണം എന്നതുതന്നെയാണ് എന്റെ ആഗ്രഹം. കാരണം കഴിഞ്ഞ വർഷത്തെ ടൂർണമെന്റിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ ധോണിയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ഋതുരാജിന് ഇനിയും ധോണിയുടെ സഹായങ്ങൾ ആവശ്യമുണ്ട് എന്നെനിക്ക് തോന്നുന്നു. കഴിഞ്ഞ വർഷം ടീമിനെ നന്നായി നയിക്കാൻ ഋതുരാജിന് സാധിച്ചിരുന്നു.”

Read Also -  സഞ്ജു കെസിഎല്ലിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്? ഇതാണ് യഥാർത്ഥ കാരണം

”എന്നാൽ ബാംഗ്ലൂരിനെതിരായ പ്ലേയോഫ് മത്സരത്തിലെ പരാജയം ചെന്നൈയ്ക്ക് തിരിച്ചടിയായി മാറുകയുണ്ടായി. അതുകൊണ്ട് തന്നെ ഇനിയും ധോണിയിൽ നിന്ന് ഋതുരാജിന് കുറച്ചു കാര്യങ്ങൾ പഠിക്കാനുണ്ട്. എന്നിരുന്നാലും കഴിഞ്ഞ സീസണിൽ ഋതുരാജ് പുലർത്തിയ മികവിനെ കുറച്ചു കാണാൻ സാധിക്കില്ല.”- റെയ്ന പറയുന്നു.

2024 ഐപിഎല്ലോടുകൂടി ധോണി വിരമിക്കും എന്ന വാർത്തകൾ സജീവമായിരുന്നു. പക്ഷേ ഇതുവരെയും ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസത്തിന്റെ തുടക്കത്തിൽ ഹൈദരാബാദിൽ ഒരു ഫംഗ്ഷൻ നടത്തുകയും, ധോണി തന്റെ വിരമിക്കലിനെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു.

ഐപിഎല്ലിലെ പുതിയ നിയമങ്ങളും പോളിസികളും പുറത്തുവന്നതിന് ശേഷം മാത്രമേ വിരമിക്കലിനെ സംബന്ധിച്ചുള്ള അവസാന തീരുമാനം താൻ എടുക്കു എന്നാണ് ധോണി ഫംഗ്ഷനിൽ പറഞ്ഞത്. കളിക്കാരെ നിലനിർത്തുന്നതിലടക്കം ഇനിയും വ്യക്തതകൾ വരാനുണ്ടെന്നും, അതിന് ശേഷം മാത്രമേ വിരമിക്കലിനെ സംബന്ധിച്ച് താൻ സംസാരിക്കു എന്നുമായിരുന്നു ധോണി പറഞ്ഞുവെച്ചത്.

Scroll to Top