ഇന്ത്യ ടെസ്റ്റ്‌ പരമ്പരയിൽ വിജയിക്കണമെങ്കിൽ, ഇക്കാര്യം സംഭവിക്കണം. ഓസീസ് മുന്‍ നായകൻ പറയുന്നു.

2024 ബോർഡർ- ഗവാസ്കർ ട്രോഫിയ്ക്ക് മുന്നോടിയായി പ്രവചനങ്ങളുമായി മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്ക്. ഏത് തരത്തിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിജയം സ്വന്തമാക്കാൻ സാധിക്കും എന്നാണ് ക്ലാർക്ക് തുറന്നു പറഞ്ഞിരിക്കുന്നത്.

വിരാട് കോഹ്ലി റെക്കോർഡ് ബ്രേക്കിംഗ് പ്രകടനങ്ങൾ കാഴ്ചവെക്കുകയും, പരമ്പരയിലെ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരമായി മാറുകയും ചെയ്യുകയാണെങ്കിൽ ഇന്ത്യയ്ക്ക് ബോർഡർ- ഗവസ്കർ ട്രോഫി സ്വന്തമാക്കാൻ സാധിക്കുമെന്നാണ് ക്ലാർക്ക് പ്രവചിച്ചിരിക്കുന്നത്. പരമ്പരയിൽ ഇന്ത്യൻ താരം പന്തും മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നും ക്ലാർക്ക് പറഞ്ഞു.

“നിലവിൽ ഓസ്ട്രേലിയൻ മണ്ണിൽ വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ അതിശക്തമാണ്. ഇന്ത്യൻ ടീമിന് മുഴുവനായി ഓസ്ട്രേലിയൻ മണ്ണിലുള്ള നേട്ടത്തേക്കാൾ മികച്ച റെക്കോർഡാണ്, വിരാട് കോഹ്ലി തനിയെ ഓസ്ട്രേലിയയിൽ നേടിയിട്ടുള്ളത്. ഓസ്ട്രേലിയയിൽ 13 ടെസ്റ്റ് മത്സരങ്ങളിൽ 6 സെഞ്ച്വറിറികളോളം സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് ഈ പരമ്പരയിൽ വിജയം സ്വന്തമാക്കണമെങ്കിൽ കോഹ്ലി ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരമായി മാറണം. റിഷഭ് പന്തും പിന്നാലെ ഉണ്ടാവണം.”- മൈക്കിൾ ക്ലാർക്ക് പറയുന്നു.

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപാട് റെക്കോർഡുകളുടെ അരികിലാണ് വിരാട് കോഹ്ലി നിൽക്കുന്നത്. ഇതുവരെ ഓസ്ട്രേലിയൻ മണ്ണിൽ 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1352 റൺസാണ് വിരാട് കോഹ്ലി സ്വന്തമാക്കിയിട്ടുള്ളത്. 54 എന്ന ശരാശരിയിലാണ് കോഹ്ലിയുടെ നേട്ടം. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്ന് 557 റൺസ് സ്വന്തമാക്കാൻ സാധിച്ചാൽ സച്ചിൻ ടെണ്ടുൽക്കറുടെ ഓസ്ട്രേലിയയിലെ റെക്കോർഡ് മറികടക്കാൻ കോഹ്ലിയ്ക്ക് സാധിക്കും. തന്റെ കരിയറിൽ 20 ടെസ്റ്റ്‌ മത്സരങ്ങൾ ഓസ്ട്രേലിയൻ മണ്ണിൽ കളിച്ച സച്ചിൻ 1809 റൺസായിരുന്നു സ്വന്തമാക്കിയത്.

സച്ചിനും കോഹ്ലിയ്ക്കും ഓസ്ട്രേലിയൻ മണ്ണിൽ 6 സെഞ്ചുറികളാണ് ടെസ്റ്റ് ക്രിക്കറ്റിലുള്ളത്. അതുകൊണ്ടു തന്നെ മികച്ച പ്രകടനം കാഴ്ചവച്ചാൽ ഈ റെക്കോർഡുകളിലൊക്കെയും സച്ചിനെ മറികടക്കാനുള്ള അവസരം കോഹ്ലിയ്ക്ക് മുൻപിലുണ്ട്. എന്നിരുന്നാലും സമീപകാലത്ത് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനങ്ങൾ ഇന്ത്യയ്ക്ക് നിരാശ സമ്മാനിക്കുന്നതാണ്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും വമ്പൻ പ്രകടനങ്ങൾ കാഴ്ചവയ്ക്കാനോ തന്റെ പ്രതാപകാല ഫോമിന് അനുസരിച്ച് ഉയരാനോ കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. എന്നിരുന്നാലും നിർണായകമായ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന താരമാണ് കോഹ്ലി.

Previous articleരോഹിതിനെയും കോഹ്ലിയേയും മറികടന്ന് സഞ്ജു ഒന്നാമത്. 2024ലെ ട്വന്റി20യിലെ റൺവേട്ടക്കാർ.
Next article3 സെഞ്ചുറികള്‍ നേടിയിട്ടും സഞ്ജുവിന്റെ ട്വന്റി20 ഓപ്പണിങ് സ്ഥാനത്തിന് ഉറപ്പില്ലാ. കാരണം ഇതാണ്.