സഞ്ജു മോശം ക്യാപ്റ്റൻ, അടുത്ത സീസണിൽ ബട്ലറെ രാജസ്ഥാൻ നായകനാക്കണം. വോൺ പറയുന്നു.

sanju sad ipl 2023

ഇത്തവണത്തെ ഐപിഎല്ലിൽ വലിയ പ്രതീക്ഷകളോടെയെത്തി ഒന്നുമാവാതെ പോയ കഥയാണ് രാജസ്ഥാൻ റോയൽസിന്റേത്. വളരെ മികച്ച ഒരു ടീം കയ്യിലുണ്ടായിട്ടും വേണ്ട രീതിയിൽ അത് ഉപയോഗിക്കാനോ പ്ലേയോഫിൽ സ്ഥാനം കണ്ടെത്താനോ രാജസ്ഥാന് സാധിച്ചില്ല. ആദ്യ റൗണ്ടിൽ നിന്ന് പുറത്തായതിനു ശേഷം രാജസ്ഥാൻ റോയൽസിനെതിരെ പലരും വലിയ രീതിയിലുള്ള വിമർശനങ്ങളും ഉന്നയിക്കുകയുണ്ടായി. നായകൻ സഞ്ജു സാംസണടക്കമുള്ളവരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ആരാധകർ രംഗത്ത് വന്നത്. ഇപ്പോൾ രാജസ്ഥാന് പറ്റിയ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ.

“ടൂർണമെന്റ്ലുടനീളം ടീം സെലക്ഷനിൽ രാജസ്ഥാന് പിഴവുകൾ പറ്റി. അവർ നിരന്തരം ടീമിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരുന്നു. അതൊരു അബദ്ധമായി മാറി. മാത്രമല്ല തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും അവർക്ക് പിഴവ് സംഭവിക്കുകയുണ്ടായി. ഇമ്പാക്ട് പ്ലെയറെ കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ രാജസ്ഥാന് സാധിക്കാതെ വന്നത് അവരുടെ പോരായ്മയായി നിൽക്കുന്നു. മത്സരത്തിലെ നിർണായകമായ സമയത്ത് രാജസ്ഥാൻ റോയൽസ് കൂടുതൽ പിഴവുകളുണ്ടാക്കി. അങ്ങനെ മത്സരങ്ങൾ വളരെ കഠിനമായി മാറുകയും ചെയ്തു.”- വോൺ പറയുന്നു.

See also  24 കോടിയുടെ ചെണ്ട. സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ട് കരണ്‍ ശര്‍മ്മ. ത്രില്ലിങ്ങ് പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് ഒരു റണ്‍സ് വിജയം.
sanju press

“മത്സരങ്ങൾ കഠിനമായി മാറുമ്പോൾ നമുക്ക് ആവശ്യം എം എസ് ധോണിയെ പോലെ കളിക്കാരെ കൂളാക്കാൻ സാധിക്കുന്ന ഒരു ക്യാപ്റ്റനെയാണ്. എന്നാൽ രാജസ്ഥാന് അങ്ങനെയൊരാൾ ഉണ്ടായില്ല. തന്റെ കളിക്കാർ എപ്പോഴും ശാന്തരായി കളിക്കുന്നു എന്ന് ധോണി എല്ലായിപ്പോഴും ഉറപ്പുവരുത്താറുണ്ട്. പക്ഷേ സഞ്ജുവിന് അത് സാധിച്ചില്ല. സഞ്ജുവിന്റെ നായകത്വത്തിലേക്ക് നോക്കുമ്പോൾ അത്തരം ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല എന്ന് വ്യക്തമാകും. ഇക്കാരണം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി വളരെ മോശമാണ് എന്ന് പറയാതിരിക്കാനാവില്ല. എന്തെന്നാൽ വളരെ ശക്തമായ ഒരു ടീമിനെയായിരുന്നു ഇത്തവണ സഞ്ജുവിന് ലഭിച്ചത്.”- വോൺ കൂട്ടിച്ചേർത്തു.

“ഞാൻ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്നെങ്കിൽ ഒരു ലളിതമായ മാറ്റം ഉടൻതന്നെ വരുത്തിയേനെ. അടുത്തവർഷം ജോസ് ബട്ലറെ ഞാൻ ടീമിന്റെ നായകനായി നിയമിച്ചേനെ. ഇംഗ്ലണ്ടിനായി ട്വന്റി20 ലോകകപ്പിൽ കിരീടമുയർത്തിയിട്ടുള്ള നായകനാണ് ബട്ലർ. ഈ സാഹചര്യത്തിൽ ബട്ലറെ ക്യാപ്റ്റനാക്കുന്നതാവും രാജസ്ഥാൻ റോയൽസിന് നല്ലത്. അല്ലാത്തപക്ഷം ഇനിയും ഇത്തരം പരീക്ഷണങ്ങൾ നടത്തി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവരും എന്ന കാര്യത്തിൽ സംശയമില്ല.”- വോൺ പറഞ്ഞുവയ്ക്കുന്നു.

Scroll to Top