ഇന്നലെയായിരുന്നു ലോകകപ്പിലെ ഇംഗ്ലണ്ട്-പാക്കിസ്ഥാൻ ഫൈനൽ പോരാട്ടം. കലാശ പോരാട്ടത്തിൽ പാക്കിസ്ഥാനെ 5 വിക്കത്തിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് രണ്ടാം കിരീടം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഓവർ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.
ഇപ്പോഴിതാ കലാശ പോരാട്ടത്തിന് ശേഷം ടൂർണമെൻ്റ് ഇലവന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐ.സി.സി. ടൂർണമെൻ്റ് ഇലവനിൽ രണ്ട് ഇന്ത്യൻ താരങ്ങൾ സ്ഥാനം നേടി. ഇന്ത്യൻ സൂപ്പർ താരങ്ങളായ മുൻ നായകൻ വിരാട് കോഹ്ലി, സൂര്യ കുമാർ യാദവ് എന്നിവരാണ് ഐ.സി.സിയുടെ ടൂർണമെൻ്റ് ഇലവനിൽ ഇടം നേടിയത്. ടീമിൻ്റെ നായകൻ ഇംഗ്ലണ്ടിനെ ലോക കിരീടത്തിലേക്ക് നയിച്ച ജോസ് ബട്ലർ ആണ്.
ബട്ലർ തന്നെയാണ് ഓപ്പണർ. ഇന്ത്യക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിന്റെ മറ്റൊരു ഓപ്പണർ ആയ അലക്സ് ഹെയ്ൽസും ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്. കോഹ്ലിയും സൂര്യകുമാർ യാദവും മൂന്നും നാലും സ്ഥാനങ്ങളിൽ ആണ് ഇടം നേടിയത്. അഞ്ചാമത്തെ ബാറ്റ്സ്മാൻ ആയി ടീമിൽ ഇടം നേടിയത് ന്യൂസിലാൻഡിന്റെ ഗ്ലെന്‍ ഫിലിപ്സ് ആണ്. ഓൾ റൗണ്ടർമാരായി ടീമിൽ ഇടം നേടിയത് കലാശ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിന്റെ യുവതാരം സാം കറൺ. സിംബാബുവേ താരം സിക്കന്ദർ റാസ, പാക്കിസ്ഥാൻ താരം ശദബ് ഖാൻ എന്നിവരാണ്.
ബൗളർമാരായി പാക്കിസ്ഥാൻ താരം ഷഹീൻ അഫ്രീദി, ഇംഗ്ലണ്ടിന്റെ മാർക്ക് വുഡ്, ദക്ഷിണാഫ്രിക്കയുടെ ആൻ്റിച്ച് നോർക്യെ എന്നിവരെ തിരഞ്ഞെടുത്തു. ഇന്ത്യൻ സൂപ്പർ താരം ഹർദിക് പാണ്ഡ്യയെ റിസർവ് താരമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിലെ 4 താരങ്ങൾ ഇംഗ്ലണ്ടിൽ നിന്നും ഉള്ളവരാണ്. ടീം തിരഞ്ഞെടുക്കുന്നത് മുൻ ക്രിക്കറ്റ് താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും ചേർന്നാണ്.
2022 ട്വന്റി 20 ലോകകപ്പ് ടീം : ജോസ് ബട്‌ലര്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), അലക്‌സ് ഹെയ്ല്‍സ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഗ്ലെന്‍ ഫിലിപ്‌സ്, സിക്കന്ദര്‍ റാസ, ശദബ് ഖാന്‍, സാം കറന്‍, ആന്റിച്ച് നോര്‍ക്യെ, മാര്‍ക്ക് വുഡ്, ഷഹീന്‍ അഫ്രീദി.