ഐസിസി വനിത ടി20 ലോകകപ്പിലെ മത്സരത്തില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ശനിയാഴ്‌ച്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 3.2 ഓവറില്‍ 32 റണ്‍സ് എന്ന നിലയിലായിരുന്നു. സ്മൃതി മന്ദാന (7 പന്തില്‍ 10) ജെമീമ (1) ഷെഫാലി (23 പന്തില്‍ 28) എന്നിവരെ നഷ്ടമായതോടെ ഇന്ത്യ 43 ന് 3 എന്ന നിലയിലായി.
പിന്നീട് ഒത്തുചേര്‍ന്ന റിച്ചാ ഘോഷും ഹര്‍മ്മന്‍ പ്രീത് കൗറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയത്തിനടുത്ത് എത്തിച്ചു. ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍ 42 പന്തില്‍ 3 ഫോറുമായി 33 റണ്‍സെടുത്ത് പുറത്തായി.
റിച്ചാ ഘോഷ് 32 പന്തില്‍ 5 ഫോറുമായി 44 റണ്‍സ് നേടിയപ്പോള്‍ ദേവിക (0) പുറത്താകതെ നിന്നു.
ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് വനിതകള്‍ ദീപ്‌തി ശര്‍മ്മയുടെ മൂന്ന് വിക്കറ്റ് മികവിന് മുന്നില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. വിന്‍ഡീസിനായി സ്റ്റെഫനീ ടെയ്‌ലറും (40 പന്തില്‍ 42) ഷിമൈന്‍ കാംപ്‌ബെല്ലും (36 പന്തില്‍ 30) തിളങ്ങി. 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ദീപ്‌തിയുടെ മൂന്ന് വിക്കറ്റ് പ്രകടനം. രേണുകയും പൂജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.