കേപ്ടൗൺ പിച്ചിനെ പൂട്ടി ഐസിസി. പിച്ചിനെ വിലക്കാൻ തയാറെടുപ്പുകൾ.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഇടംപിടിച്ച ഒന്നായിരുന്നു കേപ്ടൗണിൽ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം. കേവലം രണ്ട് ദിവസങ്ങൾ പോലും മത്സരം നീണ്ടു നിന്നില്ല. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്ര ദൈർഘ്യം കുറഞ്ഞ ഒരു മത്സരം നടക്കുന്നത്. മത്സരത്തിൽ പ്രധാനമായും വിവാദമായി മാറിയത് പിച്ചിന്റെ സാഹചര്യങ്ങളായിരുന്നു.

പൂർണമായും ബോളിങ്ങിനെ അനുകൂലിക്കുന്ന പിച്ചായിരുന്നു കേപ്ടൗണിലേത്. മത്സരത്തിന്റെ രണ്ടു ദിവസങ്ങളിലും ബോളർമാർ കൃത്യമായി മികവ് പുലർത്തുകയും, ബാറ്റർമാർക്ക് പിച്ച് ഒരു ശവപ്പറമ്പായി മാറുകയും ചെയ്തു. ഈ പിച്ചിനെ ഇപ്പോൾ റേറ്റ് ചെയ്ത് പ്രസ്താവന നടത്തിയിരിക്കുകയാണ് ഐസിസി.

കേപ്ടൗണിലെ പിച്ച് തൃപ്തികരമല്ല എന്ന വിഭാഗത്തിലാണ് ഐസിസിയുടെ മാച്ച് റഫറി ക്രിസ് ബ്രോഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല പിച്ചിന് ഡിമെറിറ്റ് പോയിന്റുകളും ചുമത്തപ്പടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എത്ര ഡിമെറിറ്റ് പോയിന്റുകൾ കേപ്ടൗണിലെ പിച്ചിന് ലഭിക്കും എന്നതിനെ സംബന്ധിച്ചുള്ള പൂർണ്ണവിവരം ഐസിസി വ്യക്തമാക്കിയിട്ടില്ല. അഥവാ 6 ഡിമെറിറ്റ് പോയിന്റുകൾ പിച്ചിന് ലഭിക്കുകയാണെങ്കിൽ ഒരു വർഷത്തേക്ക് രാജ്യാന്തര മത്സരങ്ങൾ നടത്താൻ സാധിക്കില്ല. 12 പോയിന്റുകൾ ലഭിക്കുകയാണെങ്കിൽ രണ്ടു വർഷത്തേക്ക് പിച്ചിൽ മത്സരങ്ങൾ നടക്കില്ല. ഇതേ സംബന്ധിച്ചുള്ള കൃത്യമായ വിവരം ഉടൻതന്നെ പുറത്തു വരും.

വളരെ മോശം മത്സരം തന്നെയായിരുന്നു കേപ്ടൗണിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്നത്. മത്സരത്തിൽ ആകെ 642 പന്തുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പൂർണ്ണമായും ബോളർമാരുടെ ആധിപത്യമാണ് പിച്ചിൽ കണ്ടത്. ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ മുഹമ്മദ് സിറാജാണ് മികവ് പുലർത്തിയത്. 6 വിക്കറ്റുകൾ ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കാൻ സിറാജിന് സാധിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി ബൂമ്ര 6 വിക്കറ്റുകൾ വീഴ്ത്തി വീണ്ടും മികവുപുലർത്തി. രണ്ടുദിവസമായി നടന്ന മത്സരത്തിൽ 5 സെഷനുകൾ മാത്രമായിരുന്നു പൂർത്തീകരിച്ചത്. ആദ്യ ദിവസത്തെ 3 സെഷനിൽ 23 വിക്കറ്റുകളാണ് പൊലിഞ്ഞത്.

ശേഷം രണ്ടാം ദിവസം 2 സെഷനുകളിലായി 10 വിക്കറ്റുകളും പൊലിഞ്ഞതോടെ മത്സരം അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിനം ദക്ഷിണാഫ്രിക്ക കേവലം 55 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 153 റൺസ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക എയ്ഡൻ മാക്രത്തിന്റെ സെഞ്ചുറിയുടെ ബലത്തിൽ 176 റൺസ് സ്വന്തമാക്കിയിരുന്നു. എന്നിരുന്നാലും ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടത്തിൽ മത്സരത്തിൽ വിജയം നേടാൻ സാധിച്ചു. ഇന്ത്യയെ സംബന്ധിച്ച് ഒരു ചരിത്രവിജയം തന്നെയാണ് മത്സരത്തിൽ പിറന്നത്.

Previous articleറാങ്കിങ്ങില്‍ മുന്നേറ്റവുമായി ഇന്ത്യന്‍ താരങ്ങള്‍. വമ്പന്‍ കുതിപ്പുമായി മുഹമ്മദ് സിറാജ്.
Next articleരോഹിതിനെയും കോഹ്ലിയെയും ഇന്ത്യ ട്വന്റി20യിൽ ഉൾപെടുത്തരുത്. ചോദ്യം ചെയ്ത് ദീപ്ദാസ് ഗുപ്ത.