ഐസിസി വനിത ടി20 ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയക്ക് വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 5 റണ്‍സ് അകലെ വീണു. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ എത്താനാണ് സാധിച്ചത്
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലേ ഷഫാലിയേയും (9) സ്മൃതിയേയും (2) യാസ്തികയേയും (4) നഷ്ടമായി. 28 ന് 3 എന്ന നിലയില്‍ നിന്നും ജെമീമയും ഹര്‍മ്മന്‍ പ്രീതും ചേര്‍ന്ന് മുന്നോട്ട് നയിച്ചു. പവര്‍പ്ലേയില്‍ ബൗണ്ടറികള്‍ കണ്ടെത്തി ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. 41പന്തില്‍ 69 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.
24 പന്തില്‍ 6 ഫോര്‍ സഹിതം 43 റണ്‍സ് നേടിയ ജെമീമയെ പുറത്താക്കി ഡാര്‍സി ബ്രൗണ്‍ ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ പനി ബാധിച്ച് ആശുപത്രി കിടക്കയില്‍ നിന്നും ബാറ്റ് ചെയ്യാന്‍ എത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൗര്‍ 32 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടു പിന്നാലെ താരം റണ്ണൗട്ടായി.
അവസാന 5 ഓവറില്‍ 39 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. റിച്ചയും (14) പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങി. എന്നാല്‍ ബൗണ്ടറിയടിച്ച് ദീപ്തിയും സ്നേഹ റാണയും ചെറിയ പ്രതീക്ഷകള്‍ നല്‍കി. അവസാന രണ്ട് ഓവറില്‍ 20 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
ജൊനാസന്‍ എറിഞ്ഞ 19ാം ഓവറില്‍ സ്നേഹ് റാണയുടെ (11) വിക്കറ്റ് അടക്കം 4 റണ്‍ മാത്രമാണ് വഴങ്ങിയത്. ഗാര്‍ഡനര്‍ എറിഞ്ഞ ഓവറില്‍ മനോഹരമായി ഓസ്ട്രേലിയ റണ്‍സ് പ്രതിരോധിച്ചതോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ബെത്ത് മൂണിയുടെയും മെഗ് ലാനിങിന്‍റെയും ആഷ്‌ലി ഗാര്‍ഡ്നറുടെയും മികച്ച ബാറ്റിംഗിന്‍റെ പ്രകടനത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ബെത് മൂണി 37 പന്തില്‍ 54 റണ്‍സെടുത്തപ്പോള്‍ ലാനിങ് 34 പന്തില്‍ 49 റണ്‍സടിച്ചു. ഗാര്‍ഡ്നര്‍ 18 പന്തില്‍ 31 റണ്‍സടിച്ച് നിര്‍ണായക പ്രകടനം നടത്തി.
മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളും നിര്‍ണായകമായി. മെഗ് ലാനിങ്ങിനെ 1 ലും 9 ലും പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയിരുന്നു. ബെത്ത് മൂണിക്ക് 32 ല്‍ വച്ച് ഒരു ജീവന്‍ നല്‍കി. കൂടാതെ 10 ലധികം റണ്‍സ് ഫീല്‍ഡിങ്ങ് പിഴവിലൂടെ വഴങ്ങി. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മയും രാധാ യാദവും ഓരോ വിക്കറ്റെടുത്തു.