അടിയുണ്ടാക്കിയ താരങ്ങളുടെ ചെവിക്ക് പിടിച്ച് ഐസിസി. കനത്ത ശിക്ഷ

ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ അടിയുണ്ടാക്കിയ ശ്രീലങ്കന്‍ താരത്തെയും ബംഗ്ലാദേശ് താരത്തിനെയും ശിക്ഷിച്ചു ഐസിസി. ശ്രീലങ്കന്‍ പേസര്‍ ലഹിരു കുമാരാ, ബംഗ്ലാദേശ് ബാറ്റര്‍ ലിറ്റണ്‍ ദാസ് എന്നിവര്‍ക്കാണ് മാച്ച് ഫീയുടെ യഥാക്രമം 25%, 15% പിഴ ശിക്ഷ വിധിച്ചത്. കൂടാതെ 1 ഡീമെറിറ്റ് പോയിന്‍റും വിധിച്ചു.

മത്സരത്തില്‍ അടിപൊട്ടിയ താരങ്ങളെ സഹതാരങ്ങളും അപയര്‍മാരും ചേര്‍ന്നാണ് പിടിച്ചു മാറ്റിയത്. ബംഗ്ലാദേശ് ബാറ്റര്‍ ലിറ്റണ്‍ ദാസ് ഔട്ടായതിനെ തുടര്‍ന്നാണ് പേസര്‍ ലഹിരു കുമാരാ വാക്പോര് നടത്തിയത്. ലിറ്റണ്‍ ദാസും ഏറ്റുപിടിച്ചതോടെ കാര്യങ്ങള്‍ ശാരീരിക അഭ്യാസത്തിലേക്ക് കടന്നു.

മാച്ച് റഫറി ജവഗല്‍ ശ്രീനാഥാണ് ഇരുവര്‍ക്കും ലെവല്‍ 1 കുറ്റകാരണെന്ന് കണ്ടെത്തിയത്. കുറ്റം ഇരുവരും സമ്മതിച്ചു. പരമാവധി മാച്ച് ഫീയുടെ 50 ശതമാനവും 2 ഡീമെറിറ്റ് പോയിന്‍റുമാണ് പരമാവധി ലെവല്‍ 1 ശിക്ഷ. 16 റണ്‍സാണ് ലിറ്റണ്‍ ദാസ് നേടിയത്. ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ ലിറ്റണ്‍ ദാസ് രണ്ട് നിര്‍ണായകമായ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു

ബംഗ്ലാദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ശ്രീലങ്ക മറികടന്നു. 80 റണ്‍സ് നേടിയ അസലങ്കയും 53 റണ്‍സ് നേടിയ രാജപക്ഷയുമാണ് ശ്രീലങ്കന്‍ വിജയം ഉറപ്പിച്ചത്.

Previous articleഇന്ത്യ പരാജയപ്പെട്ടതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും ഷമിയ്ക്കാണ് എന്ന മട്ടിലാണ് പല ആളുകളും പ്രതികരിക്കുന്നത്.
Next articleഓസ്ട്രേലിയന്‍ അന്തകനാവാന്‍ അവന്‍ തിരിച്ചെത്തി. ആഷസ്സില്‍ ഓസ്ട്രേലിയ ചാരമാവുമോ ?