പാക്കിസ്ഥാനെതിരായ കലാശ പോരാട്ടത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ലോകകപ്പിലെ തങ്ങളുടെ റെക്കോർഡ് നിലനിർത്തിയ ഇന്ത്യ, 7 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ സ്വന്തമാക്കിയത്. 19.3 ഓവറുകൾ ബാക്കി നിൽക്കവെയായിരുന്നു ഇന്ത്യയുടെ ഈ തകർപ്പൻ വിജയം. ഇന്ത്യയ്ക്കായി ബാറ്റിംഗിൽ രോഹിത് ശർമയും ശ്രേയസ് അയ്യരുമാണ് തിളങ്ങിയത്. ബോളിങ്ങിൽ ഇന്ത്യക്കായി ബൂമ്ര, സിറാജ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ എന്നിവർ മികവ് പുലർത്തുകയുണ്ടായി. എന്തായാലും ആവേശം നിറഞ്ഞ ഒരു വിജയമാണ് അഹമ്മദാബാദിൽ ഇന്ത്യ നേടിയിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് പാക്കിസ്ഥാന് തങ്ങളുടെ മുൻനിര ബാറ്റർമാർ നൽകിയത്. എന്നാൽ കൃത്യമായ സമയങ്ങളിൽ ഇന്ത്യയുടെ പേസ് ബോളർമാർ വിക്കറ്റുകൾ കണ്ടെത്തിയത് പാക്കിസ്ഥാനെ അലട്ടി. മൂന്നാം വിക്കറ്റിൽ നായകൻ ബാബർ ആസമും(50) മുഹമ്മദ് റിസ്വാനും(49) ചേർന്നായിരുന്നു പാക്കിസ്ഥാനായി ഒരു ഭേദപ്പെട്ട കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. എന്നാൽ രോഹിത് ശർമ ഒരു തകർപ്പൻ ബോളിംഗ് ചേഞ്ച് നടത്തിയതോടെ മത്സരത്തിന്റെ ഗതി മാറുകയായിരുന്നു. കൃത്യമായ സമയത്ത് ബോളിംഗ് ക്രീസിലേക്ക് മുഹമ്മദ് സിറാജിനെ രോഹിത് ക്ഷണിച്ചു. പിന്നീട് കണ്ടത് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു.
155ന് 2 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാൻ കേവലം 191 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കായി മത്സരത്തിൽ ബൂമ്ര, സിറാജ്, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി. വളരെ മികച്ച ബോളിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യ മത്സരത്തിൽ കാഴ്ചവച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതിവുപോലെ ആക്രമിച്ചു തന്നെ തുടങ്ങി.
ഷാഹിൻ അഫ്രീദിയെ ആദ്യ പന്തിൽ ബൗണ്ടറി കടത്തിയാണ് രോഹിത് ആരംഭിച്ചത്. പിന്നീട് പവർപ്ലേ ഓവറുകളിൽ ബൗണ്ടറികൾ കൊണ്ട് ഘോഷയാത്ര സൃഷ്ടിക്കുകയായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ. 11 പന്തുകളിൽ 16 റൺസ് നേടിയ ശുഭ്മാൻ ഗിൽ പുറത്തായ ശേഷവും രോഹിത് പാക്കിസ്ഥാൻ ബോളർമാരെ ആക്രമിച്ചു.
തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും സിക്സറുകൾ പറത്താനും രോഹിത് ശർമ മറന്നില്ല. മത്സരത്തിൽ 36 പന്തുകളിൽ നിന്നായിരുന്നു രോഹിത് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തികരിച്ചത്. അതിന് ശേഷവും രോഹിത് പാകിസ്ഥാന് മേൽ പ്രഹരം ഏൽപ്പിക്കുകയുണ്ടായി. മത്സരത്തിൽ 63 പന്തുകളിൽ 86 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു
ഒപ്പം ശ്രേയസ് അയ്യരും രോഹിത്തിന് പിന്തുണയുമായി മികവ് പുലർത്തി. മത്സരത്തിൽ 53 റൺസാണ് ശ്രേയസ് നേടിയത്. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.