ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പ്രതികാരം വീട്ടി. 9 വിക്കറ്റ് വിജയവുമായി ന്യൂസിലന്‍റ്

rachin raveendra and devon conway

2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി ന്യൂസിലാൻഡ്. മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. 82 പന്തുകൾ ബാക്കി നിൽക്കവെയായിരുന്നു ന്യൂസിലാൻഡിന്റെ ഈ പടുകൂറ്റൻ വിജയം. 2019 ഏകദിന ലോകകപ്പ് ഫൈനലിൽ തങ്ങളെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിനോടുള്ള മധുര പ്രതികാരമാണ് ന്യൂസിലാൻഡ് 2023 ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ തീർത്തിരിക്കുന്നത്. ന്യൂസിലാൻഡിനായി ബാറ്റിംഗിൽ ഡവൻ കോൺവെയും രചിൻ രവീന്ദ്രയുമാണ് തിളങ്ങിയത്. ബോളിംഗിൽ ഹെൻറിയുടെ തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡിനെ വിജയത്തിലേക്ക് വഴിതെളിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം ഇംഗ്ലണ്ടിന് നൽകാൻ ഓപ്പണർ ബെയർസ്റ്റോയ്ക്ക്(33) സാധിച്ചു. ഒപ്പം മൂന്നാമനായെത്തിയ ജോ റൂട്ടും ക്ലാസിക് ഷോട്ടുകളുമായി തിളങ്ങി. 86 പന്തുകളിൽ 77 റൺസാണ് ജോ റൂട്ട് മത്സരത്തിൽ നേടിയത്. ഇംഗ്ലണ്ടിനായി നായകൻ ജോസ് ബട്ലർ 42 പന്തുകളിൽ 43 റൺസ് നേടി.

joe root cwc 2023

എന്നാൽ ഈ താരങ്ങൾക്കൊക്കെയും മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാൻ സാധിച്ചില്ല. ഒരു ബാറ്റർ പോലും ഏകദിന ശൈലിയിൽ കളിച്ച് മികച്ച ഒരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തയ്യാറാകാതിരുന്നത് ഇംഗ്ലണ്ടിനെ ബാധിക്കുകയായിരുന്നു. ഒരു സമയത്ത് ഇംഗ്ലണ്ടിന്റെ സ്കോർ അനായാസം 300 കടക്കും എന്ന് കരുതി. എന്നാൽ കേവലം 282 റൺസിന് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിച്ചു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

ന്യൂസിലാൻഡ് നിരയിൽ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കിയ മാറ്റ് ഹെൻട്രിയാണ് ബോളിംഗിൽ നെടുംതൂണയി മാറിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന് ഓപ്പണർ വിൽ യങ്ങിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒരു വെടിക്കെട്ട് കൂട്ടുകെട്ടാണ് ഡെവൻ കോൺവയും രജിൻ രവീന്ദ്രയും ചേർന്നു കെട്ടിപ്പടുത്തത്. ഇരുവരും ഇന്ത്യൻ മണ്ണിൽ ക്ലാസിക് ഷോട്ടുകളുമായി പൊരുതുകയായിരുന്നു. ഒരു സമയത്തും ഇംഗ്ലണ്ടിന് മത്സരത്തിൽ ആധിപത്യം നേടാൻ സാധിച്ചില്ല. കൃത്യമായ ഗ്യാപ്പുകൾ കണ്ടെത്തി ബൗണ്ടറി നേടാനും ഇംഗ്ലണ്ട് ബോളർമാരെ സമ്മർദ്ദത്തിലാക്കാനും ഇരു താരങ്ങൾക്കും സാധിച്ചു.

മത്സരത്തിൽ 36 പന്തുകളിൽ നിന്നായിരുന്നു ഇരു ബാറ്റർമാരും തങ്ങളുടെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. കേവലം 73 പന്തുകളിൽ ന്യൂസിലാൻഡിനെ 100 റൺസിൽ എത്തിക്കാൻ ഇരുവർക്കും സാധിച്ചു. ഇതിനുശേഷവും ഇരു ബാറ്റർമാരും മികവുപുലർത്തി. മത്സരത്തിൽ 82 പന്തുകളിൽ നിന്നായിരുന്നു ഡെവൻ കോൺവെയും രവീന്ദ്രയും തങ്ങളുടെ ഏകദിന സെഞ്ച്വറി സ്വന്തമാക്കിയത്. മത്സരത്തിൽ കോൺവെ 121 പന്തുകളിൽ നിന്ന് 151 റൺസ് നേടി. രവീന്ദ്ര 96 പന്തുകളിൽ നിന്ന് 123 റൺസാണ് നേടിയത്. ഇതോടെ ന്യൂസിലാൻഡ് അനായാസം വിജയത്തിൽ എത്തുകയായിരുന്നു. ആദ്യ മത്സരത്തിലെ ഈ പടുകൂറ്റൻ വിജയം ന്യൂസിലാൻഡിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Scroll to Top