എനിക്ക് അതിൽ സന്തോഷം മാത്രം : ക്യാപ്റ്റൻമാരെ സൃഷ്ടിക്കുമെന്ന് രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ അനവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് രോഹിത് ശർമ്മ. നിലവിൽ ഇന്ത്യൻ ടീമിനെ മൂന്ന് ഫോർമാറ്റിലും നയിക്കേണ്ട ചുമതല കരസ്ഥമാക്കിയ രോഹിത് ശർമ്മ ഭംഗിയായി ആ റോൾ കൈകാര്യം ചെയ്യുമെന്നാണ് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നത്. വിൻഡീസ് എതിരെ ലിമിറ്റെഡ് ഓവർ പരമ്പരകൾ തൂത്തുവാരിയ രോഹിത്തും സംഘവും ശ്രീലങ്കക്ക് എതിരായ ടി :20, ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പരകൾക്കായിട്ടാണ് ഇപ്പോൾ തയ്യാറെടുക്കുന്നത്. ഭാവി നായകന്മാരെ രോഹിത്തിന് കീഴിൽ സൃഷ്ടിക്കാനാണ് സെലക്ഷൻ കമ്മിറ്റി ഇപ്പോൾ ആലോചന നടത്തുന്നതെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാനായ ചേതൻ ശർമ്മ കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് രോഹിത് ശർമ്മ. ഇന്ന് ആരംഭിക്കുന്ന ടി :20 പരമ്പരക്ക് മുന്നോടിയായി മാധ്യമങ്ങളുമായി എല്ലാം സംസാരിക്കവേയാണ് ക്യാപ്റ്റൻ റോളിൽ തന്റെ ഭാവി പദ്ധതികൾ രോഹിത് ശർമ്മ വ്യക്തമാക്കിയത്.

റിഷാബ് പന്ത്, ജസ്‌പ്രീത് ബുംറ, ലോകേഷ് രാഹുൽ എന്നിവർ ഇന്ത്യൻ ടീമിനെ ഭാവി നാളുകളിൽ നയിക്കാൻ യോഗ്യരെന്ന് പറഞ്ഞ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഇവരെയെല്ലാം ഇക്കാര്യത്തിൽ മികച്ച ക്യാപ്റ്റൻമാരാക്കി മാറ്റുവാൻ രോഹിത് ശർമ്മക്ക് സാധിക്കുമെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. അതേസമയം ഇത്തരം ചുമതല തനിക്ക് നൽകുന്നതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും പറഞ്ഞ രോഹിത് ശർമ്മ.

“ഇന്ത്യൻ ടീമിന്റെ ഭാവി ക്യാപ്റ്റൻമാരെ എന്റെ കീഴിൽ വളർത്തിയെടുക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. അത് ഒരു നിർണായക കാര്യമായി ഞാൻ കാണുന്നുണ്ട്.ഇത്തരം സ്റ്റേജുകളിൽ കൂടിയാണ് ഞങ്ങളും വളർന്ന് വന്നത്. ഞങ്ങളെയും മറ്റ് പലരും വളർത്തി കൊണ്ട് വന്നതാണ് “രോഹിത് ശർമ്മ വാചാലനായി.

“എല്ലാ കാര്യവും അവർക്ക് അങ്ങനെ പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ല. അവർ എല്ലാം തന്നെ പക്വത നേടിയ പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങളാണ്. കൂടാതെ അവർക്ക് എല്ലാത്തിലും വളരെ വ്യക്തമായ ധാരണയുണ്ട്. സമ്മർദ്ദ സാഹചര്യങ്ങളിൽ അവരെ നയിക്കാൻ ഒരാൾ ആവശ്യമുണ്ട്. ആ ഒരാളായി മാറാൻ ഞാൻ തയ്യാർ.ആ ജോലി ചെയ്യാൻ ഞാൻ സന്തോഷാത്തോടെ തയ്യാറാണ്. ബുംറ, റിഷാബ് പന്ത്,ലോകേഷ് രാഹുൽ എന്നിവരെ പരിഗണിച്ചാൽ അവർ ടീമിനെ നയിക്കാൻ മിടുക്ക് ഉള്ളവർ തന്നെയാണ്. സമ്മർദ്ദങ്ങളെ നേരിടാനും അതിനെ മറികടക്കാനും അവർ റെഡി. അവരെ ആ റോളിലേക്ക് സഹായിക്കാൻ ഞാൻ തയ്യാർ “രോഹിത് ശർമ്മ പറഞ്ഞു.

Previous articleഅന്ന് ലോകകപ്പ് കളിച്ച രണ്ട് പേര്‍ എവിടെയാണ് എന്ന് പോലും അറിയില്ലാ. ടീം സെലക്ഷനെ വിമര്‍ശിച്ച് ആകാശ് ചോപ്ര
Next articleഒരൊറ്റ ടി:2 പരമ്പര കാത്തിരിക്കുന്നത് സൂപ്പർ റെക്കോർഡുകൾ :ഹിറ്റായി മാറാൻ ഹിറ്റ്‌മാൻ