ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിനെ ഇന്ത്യൻ ടീമിനെ നയിക്കാൻ താൻ ഒരിക്കലും അനുവദിക്കില്ലായിരുന്നു എന്ന് മുൻ ക്രിക്കറ്റ് താരവും മുന്‍ ബിസിസിഐ സെലക്ടറുമായ മദൻ ലാൽ പറഞ്ഞു. പന്ത് ഇപ്പോഴും ചെറുപ്പമാണെന്നും ക്യാപ്റ്റന്‍സി റോളിന് ഉത്തരവാദിത്തം ആവശ്യമാണെന്നും കാരണമായി അദ്ദേഹം പറഞ്ഞു.
പന്തിന്റെ ക്യാപ്റ്റൻസിയെ എംഎസ് ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും നായക ശൈലിയുമായാണ് മുന്‍ താരം താരതമ്യപ്പെടുത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശക്തമായ മത്സരാർത്ഥിയായി കണക്കാക്കാൻ അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നം അദ്ദേഹം അഭിപ്രായപ്പെട്ടു.
“അദ്ദേഹത്തെ ക്യാപ്റ്റനാകുന്നതിൽ നിന്ന് ഞാൻ തടയുമായിരുന്നു. അത് അനുവദിക്കുമായിരുന്നില്ല. കാരണം അത്തരമൊരു കളിക്കാരന് പിന്നീടാണ് ഈ ഉത്തരവാദിത്തം നൽകേണ്ടത്. ഇന്ത്യൻ ക്യാപ്റ്റനാകുക എന്നത് വലിയ കാര്യമാണ്. അവൻ ഒരു ചെറുപ്പക്കാരനാണ്. അവൻ പെട്ടെന്ന് എവിടെയും പോകുന്നില്ല. കൂടുതൽ കാലം കളിക്കുമ്പോൾ അയാൾക്ക് കൂടുതൽ പക്വത ലഭിക്കും,” മദന്‍ ലാൽ സ്പോർട്സ് ടാക്കിൽ പറഞ്ഞു.
“അടുത്ത രണ്ട് വർഷത്തിനുള്ളിൽ, അദ്ദേഹത്തിന് തന്റെ കളിയെ വേറെ ലെവലിലേക്ക് കൊണ്ടുപോകാൻ കഴിയുമെങ്കിൽ, അയാൾക്ക് ഒരു മികച്ച ക്യാപ്റ്റനാകാനും കാര്യങ്ങൾ പക്വതയോടെ നേരിടാനും കഴിയും. പന്ത് വ്യത്യസ്ത സ്വഭാവമുള്ള കളിക്കാരനാണ്. എംഎസ് ധോണി ശാന്തനായ ക്യാപ്റ്റനായിരുന്നു, അത് ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന് അനുയോജ്യമാണ്. വിരാട് കോഹ്‌ലി ബ്രില്യന്‍റ് ബാറ്ററാണ്. റിഷഭ് പന്ത് ബാറ്റ് വീശരുതെന്ന് ഞാൻ പറയുന്നില്ല, പക്ഷേ അദ്ദേഹത്തിന് കുറച്ച് കൂടി പക്വതയോടെ കളിക്കാൻ കഴിയുമെങ്കിൽ അത് മികച്ചതായിരിക്കും, ”ലാൽ കൂട്ടിച്ചേർത്തു.
സൗത്താഫ്രിക്കകെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ പ്രകടനത്തിന് പന്ത് നിരവധി വിമർശനങ്ങൾ നേരിടുന്നു. പരിക്ക് കാരണം കെ എൽ രാഹുൽ പരമ്പരയിൽ നിന്ന് പുറത്തായതിനെ തുടർന്നാണ് പന്തിനെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് ശേഷം പരമ്പര 2-2ന് സമനിലയിലാക്കാൻ കഴിഞ്ഞു, എന്നാൽ നിർണ്ണായകമായ അവസാന മത്സരം ബെംഗളൂരുവിൽ കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ക്യാപ്റ്റൻസിക്ക് പുറമെ ബാറ്റുകൊണ്ടും ശ്രദ്ധേയമായ പ്രകടനം നടത്താൻ പന്തിന് കഴിഞ്ഞില്ല.