സൗത്താഫ്രിക്കക്കെതിരെയുള്ള നാലാം ടി20 പരമ്പരയിലെ വിജയത്തോടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി. രാജ്കോട്ടില്‍ നടന്ന നാലാം മത്സരത്തില്‍ 82 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 169 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ സൗത്താഫ്രിക്ക 87 റണ്‍സില്‍ എല്ലാവരും പുറത്തായി.
മത്സരത്തില്‍ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റാണ് ആവേശ് ഖാന്‍ വീഴ്ത്തിയത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. മത്സര ശേഷം സംസാരിച്ച ആവേശ്, ജൂൺ 17 ന് തന്റെ ജന്മദിനം ആഘോഷിച്ച പിതാവിന് തന്റെ പ്രകടനം സമർപ്പിക്കുന്നു എന്ന് പറഞ്ഞു. കഴിയുന്നത്ര സ്‌ട്രെയ്‌റ്റ് ബൗൾ ചെയ്യുക എന്നതായിരുന്നു തന്‍റെ പ്ലാന്‍ എന്നും ആവേശ് ഖാന്‍ വെളിപ്പെടുത്തി.
പേസർമാരെ വളരെയധികം സഹായിച്ച പിച്ചില്‍ ആവേശ് ഖാന്‍ ബൗൺസ് മുതലെടുത്തിരുന്നു. മാർക്കോ ജാൻസനെ ഹെൽമെറ്റിന്റെ ഗ്രില്ലിൽ തട്ടി, ബാറ്റര്‍മാരെ സ്ഥിരമായി തന്റെ വ്യതിയാനങ്ങൾ കൊണ്ട് ബുദ്ധിമുട്ടിച്ചു. തന്നെ വിക്കറ്റെടുക്കാന്‍ സഹായിച്ച ക്യാപ്റ്റന്‍ റിഷഭ് പന്തിനു നന്ദി പറയുകയും ചെയ്തു.
“റാസിയെ കിട്ടിയതിന് ശേഷം റിഷഭ് പന്തിന്‍റെ വാക്കുകള്‍ അനുസരിച്ച് കട്ടര്‍ ബോളാണ് എറിഞ്ഞത്. സ്ലോ ബോളില്‍ മഹാരാജിനെ വീഴ്ത്തി. ഞങ്ങളുടെ ഫീൽഡിംഗും ബൗളിംഗും നന്നായി വരുന്നു, അടുത്ത മത്സരത്തിൽ മെച്ചപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, മത്സരത്തില്‍ ഞങ്ങളുടെ 100% നൽകും, ”അവേശ് ഖാന്‍ പറഞ്ഞു.