ശ്രീലങ്കക്ക് എതിരായ ടെസ്റ്റ് പരമ്പരക്കായി ഒരുക്കങ്ങൾ ആരംഭിച്ച് ഇന്ത്യൻ ടീം. ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പ് ഭാഗമായ ഈ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരാനാണ് രോഹിത് ശർമ്മയും സംഘവും ഒരുവേള ആഗ്രഹിക്കുന്നതെന്ന് വ്യക്തം. ടെസ്റ്റ് സ്ഥിര നായകനായി നിയമിതനായ രോഹിത് ശർമ്മ നയിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയാണ് ഇത്. നേരത്തെ ലിമിറ്റെഡ് ഓവർ പരമ്പരയിൽ എതിർ ടീമുകളെ അനായാസം തോൽപ്പിച്ച ടീം ഇന്ത്യക്ക് വരാനിരിക്കുന്ന ടെസ്റ്റ് ലോകകപ്പ് ഫൈനലിലേക്ക് സ്ഥാനം നേടാണമെങ്കിൽ ഇനിയുള്ള എല്ലാ ടെസ്റ്റ് പരമ്പരകളും തന്നെ പ്രധാനമാണ്.
അതേസമയം സ്റ്റാർ ബാറ്റ്‌സ്മാന്മാരായ വിരാട് കോഹ്ലി, റിഷാബ് പന്ത്, മുഹമ്മദ് ഷമി എന്നിവർ സ്‌ക്വാഡിലേക്ക് എത്തുമ്പോൾ രഹാനെ, പൂജാര എന്നിവർക്ക് ടീമിലെ സ്ഥാനം നഷ്ടമായിയെന്നത് ശ്രദ്ധേയം. രോഹിത് ശർമ്മക്കൊപ്പം ഉപനായകൻ റോളിൽ പേസർ ബുംറ എത്തുന്നതും ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ തന്നെ നോക്കുകയാണ് ഇപ്പോൾ.
ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പ്രസ്സ് മീറ്റിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ബുംറ എല്ലാ അർഥത്തിലും ക്യാപ്റ്റൻ രോഹിത് ശർമ്മയെ താൻ സഹായിക്കുമെന്നും വിശദമാക്കി. “ടീമിലെ ഒരു സീനിയർ താരമെന്നുള്ള നിലയിൽ ഞാൻ എപ്പോഴും ടീമിനായി ഏതൊരു റോളും ചെയ്യാൻ തയ്യാറാണ്.അതാണ് ടീം പ്ലാനും. ടി :20 മത്സരങ്ങൾക്ക് പിന്നാലെ ടെസ്റ്റ് മത്സരങ്ങളിലേക്ക് എത്തുമ്പോൾ ചില മാറ്റങ്ങൾ അനിവാര്യമാണ്.എങ്കിലും ടീം പ്ലാനുകൾ എല്ലാം ഞങ്ങൾക്ക് വളരെ വ്യക്തമാണ് “ജസ്‌പ്രീത് ബുംറ തന്റെ അഭിപ്രായം വിശദമാക്കി.
“ഞാൻ ചെറുപ്പ കാലത്ത് ഏതൊരു കാര്യത്തിലും അമിതമായ ആഘോഷം നടത്തിയിരുന്നു.പക്ഷെ ഇന്ത്യൻ ടീമിനായി കളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ എന്റെ സെലിബ്രേഷനും അപ്പുറം ടീമിന്റെ ജയമാണ് വലുതെന്നത് മനസ്സിലായി. ഞാൻ വ്യക്തിപരമായ ആഘോഷങ്ങൾ അപ്പുറം പിന്നീട് ടീമിന്റെ ജയത്തിനാണ് പ്രാധാന്യം നൽകുന്നത് “ജസ്‌പ്രീത് ബുംറ വാചാലനായി. മാർച്ച് നാലിനാണ് ടെസ്റ്റ് പരമ്പരയിൽ ആദ്യത്തെ മത്സരം. വിരാട് കോഹ്ലിയുടെ കരിയറിലെ നൂറാമത്തെ മത്സരം കൂടിയാണ് ഇത്.