ഒരു മത്സരത്തിലെ മോശം പ്രകടനംകൊണ്ട് ഞാനൊരു മോശം ബോളറാവില്ല. വിമർശനങ്ങൾക്കെതിരെ സിറാജ്.

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ചതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന ബോളറാണ് മുഹമ്മദ് സിറാജ്. പാക്കിസ്ഥാനെതിരായ മത്സരത്തിലും ആദ്യ ഓവറുകളിൽ റൺസ് വിട്ടു നൽകിയതിന്റെ പേരിൽ സിറാജ് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഒരു ശക്തമായ തിരിച്ചുവരവാണ് മത്സരത്തിൽ സിറാജ് കാഴ്ചവെച്ചത്.

സിറാജിന്റെ മികവിൽ ആയിരുന്നു ഇന്ത്യ പാകിസ്താനെ 191 എന്ന ചെറിയ സ്കോറിൽ ഒതുക്കിയത്. മത്സരത്തിൽ പാക്കിസ്ഥാൻ ഓപ്പണർ ഷഫീക്കിന്റെയും നായകൻ ബാബർ അസമിന്റെയും നിർണായകമായ വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. വിമർശനങ്ങൾ താൻ വക വെക്കുന്നില്ല എന്നാണ് മത്സരശേഷം മുഹമ്മദ് സിറാജ് പറഞ്ഞത്.

കേവലം രണ്ടു മത്സരങ്ങളിലെ മോശം പ്രകടനം മൂലം തന്റെ ആത്മവിശ്വാസം ആരുടെയും മുമ്പിൽ അടിയറവ് വയ്ക്കാൻ തനിക്ക് സാധിക്കില്ല എന്ന് സിറാജ് പറയുന്നു. “നിങ്ങൾ ഒരു ജോലിക്കായി പോകുമ്പോൾ ചിലപ്പോൾ നിങ്ങൾക്കും ഒരു മോശം ദിവസമുണ്ടാവും. എല്ലാ സമയത്തും എല്ലാവർക്കും ഒരേപോലെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കണമെന്നില്ല. ഒരാളുടെ ഗ്രാഫ് എല്ലായിപ്പോഴും മാറിക്കൊണ്ടിരിക്കും. അതിനാൽ തന്നെ കേവലം ഒരു മത്സരം കൊണ്ട് നമുക്ക് ഒരാളെ വിലയിരുത്താൻ സാധിക്കില്ല. ഒരു മത്സരം കാരണം ഞാൻ ഒരു മോശം ബോളറായി മാറില്ല എന്നാണ് സ്വയം കരുതുന്നത്”- സിറാജ് പറയുന്നു.

“ഞാൻ മികച്ച രീതിയിൽ ബോൾ ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഒന്നാം നമ്പർ ബോളറാകണമെന്ന ആത്മവിശ്വാസം ഞാൻ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നു. എന്റെ ഈ ആത്മവിശ്വാസം എന്നെ ബോളിങ്ങിൽ ഒരുപാട് സഹായിക്കുന്നുണ്ട്. കേവലം ഒരു മത്സരത്തിൽ പരാജയമറിഞ്ഞതിന്റെ പേരിൽ ഒരു മോശം ബോളറായി മാറാൻ എനിക്ക് സാധിക്കില്ല. ഞാൻ പൂർണ്ണമായും എന്നെ പിന്തുണയ്ക്കുന്നുണ്ട്. അതിനുള്ള ഫലങ്ങളും എനിക്കിപ്പോൾ ലഭിക്കുന്നു.”- മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ സിറാജ് കൂട്ടിച്ചേർക്കുകയുണ്ടായി.

മത്സരത്തിൽ നിർണായകമായ സമയത്തായിരുന്നു സിറാജിന്റെ മികവാർന്ന പ്രകടനങ്ങൾ. പാക്കിസ്ഥാൻ ഇന്നിങ്സിന്റെ തുടക്കത്തിൽ മികച്ച പ്രകടനമാണ് ഓപ്പണർമാർ കാഴ്ചവച്ചിരുന്നത്. ഈ സമയത്ത് കൃത്യമായി മുഹമ്മദ് സിറാജ് എത്തുകയും ഓപ്പണർ ഷെഫീക്കിനെ വിക്കറ്റിന് മുൻപിൽ കുടുക്കുകയും ചെയ്തു. ശേഷം ബാബർ ആസമും റിസ്വാനും ക്രീസിൽ ഉറക്കുകയുണ്ടായി. ഈ സമയത്ത് മുഹമ്മദ് സിറാജ് തിരിച്ചെത്തി ആസാമിന്റെ കുറ്റി പിഴുതെറിയുകയായിരുന്നു. മത്സരത്തിൽ 8 ഓവറുകളിൽ 50 റൺസ് വിട്ടു നൽകി 2 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്.

Previous articleവലിയ ആൺകുട്ടികൾ സ്കൂൾ കുട്ടികളെ തോൽപിച്ച പ്രതീതി. വീണ്ടും പാകിസ്ഥാനെ ട്രോളി സേവാഗ് രംഗത്ത്.
Next articleഷാഹീൻ അഫ്രീദി വല്യ സംഭവമല്ല. വസിം അക്രവുമായി താരതമ്യം ചെയ്യരുത്. രവി ശാസ്ത്രി പറയുന്നു.