ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുൻപായി തങ്ങളുടെ വ്യക്തമായ തന്ത്രങ്ങൾ പുറത്തുവിട്ട് ഇംഗ്ലണ്ട് താരം മാർക്ക് വുഡ്. മത്സരത്തിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് മാർക്ക് വുഡ് പറയുകയുണ്ടായി. ഒപ്പം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെയും കൃത്യമായ തന്ത്രം തങ്ങൾ പുറത്തെടുക്കുമെന്നും മാർക്ക് വുഡ് സൂചിപ്പിച്ചു.
രോഹിത് ശർമ ഏറ്റവും നന്നായി പുൾ ഷോട്ടുകൾ കളിക്കുന്ന ഒരു ബാറ്ററാണെന്നും, എന്നിരുന്നാലും ബൗൺസറുകൾ താൻ രോഹിത് ശർമയ്ക്കെതിരെ എറിയുമെന്നുമാണ് മാർക്ക് വുഡ് പറഞ്ഞിരിക്കുന്നത്. പിച്ചിന്റെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷമാവും ഇതേ സംബന്ധിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ തങ്ങൾ കൈക്കൊള്ളുക എന്നും വുഡ് കൂട്ടിച്ചേർത്തു.

“മൈതാനത്ത് എത്തിയ ശേഷം ആദ്യം ചെയ്യേണ്ടത് പീച്ചിന്റെ സാഹചര്യങ്ങളെപ്പറ്റി കൃത്യമായി മനസ്സിലാക്കുക എന്നതാണ്. ഇത് വിലയിരുത്തിയ ശേഷമായിരിക്കും ബൗൺസറുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുക. പക്ഷേ പിച്ച് പല സമയത്തും 2 പേസായി കാണാൻ സാധ്യതയുണ്ട്. പിച്ച് സ്ലോ സ്വഭാവമാണ് കാണിക്കുന്നതെങ്കിൽ അത് ബോളർമാർക്ക് വളരെ സഹായകരമായിരിക്കും.
എന്തെന്നാൽ ബാറ്റർമാർ എല്ലായിപ്പോഴും അവരുടെ ഷോട്ടിനൊപ്പം സഞ്ചരിക്കുകയാണ് ചെയ്യുന്നത്. രോഹിത് ശർമ ഷോർട്ട് ബോളുകൾക്കെതിരെ എത്ര മികച്ച രീതിയിൽ കളിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. അതിനർത്ഥം ഞാൻ രോഹിത്തിനെതിരെ ബൗൺസറുകൾ എറിയില്ല എന്നതല്ല.

ഞാൻ അർത്ഥമാക്കുന്നത് രോഹിത്തിനെതിരെ കൃത്യമായ പന്തുകൾ കൈകാര്യം ചെയ്യുകയെന്നതും, കൃത്യസമയത്ത് അനിവാര്യമായ ബോളുകൾ എറിയുക എന്നതുമാണ്.”- വുഡ് പറഞ്ഞു.
മത്സരത്തിൽ ഇന്ത്യൻ ടീമിനെതിരെ സമ്മർദ്ദം ചെലുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വുഡ് പറയുന്നു. “മത്സരത്തിൽ ആധിപത്യം പുലർത്താൻ തന്നെയാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിനെതിരെ കൃത്യമായി സമ്മർദം ചെലുത്താൻ സാധിക്കണം. കൃത്യമായ സമയത്ത് സമ്മർദ്ദം ഉണ്ടാക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം.”

“ഇന്ത്യൻ ബാറ്റർമാർ മത്സരത്തിൽ ആധിപത്യം പുലർത്തുമ്പോൾ ഇത്തരത്തിൽ സമ്മർദ്ദം ചെലുത്താൻ സാധിക്കണം. ഒപ്പം മൈതാനത്ത് എന്തെങ്കിലുമൊക്കെ വ്യത്യസ്തത കൊണ്ടുവരണം. ശേഷം ഇന്ത്യയ്ക്കെതിരെ തിരികെ ആക്രമണം അഴിച്ചു വിടണം. ബാറ്റിഗിലും ബോളീംഗിലും ഞങ്ങൾ ശ്രമിക്കുന്നത് ഇതിനായാണ്.”- വുഡ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ സാഹചര്യത്തിൽ, ഇന്ത്യ എത്രമാത്രം അപകടകരമായ ടീമാണ് എന്നും വുഡ് പറയുകയുണ്ടായി. “ഇവിടെ ഞങ്ങൾ നേരിടാൻ പോകുന്ന വെല്ലുവിളികളെ പറ്റി ഞങ്ങൾക്കറിയാം. വളരെ യാദൃശ്ചികമായി മാത്രമാണ് ഇന്ത്യ തങ്ങളുടെ മണ്ണിൽ പരാജയപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ ഈ പരമ്പര ഞങ്ങളെ സംബന്ധിച്ച് ഒരു ഫ്രീ ഹിറ്റായാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾക്ക് പല കാര്യങ്ങളും ഇവിടെ വ്യത്യസ്തമായി ചെയ്യാൻ സാധിക്കും.”- വുഡ് പറഞ്ഞു വെക്കുന്നു.