എന്തുകൊണ്ട് കോഹ്‌ലിക്ക് പകരം രഹാനെയും പൂജാരയും കളിക്കുന്നില്ല? ഉത്തരം നൽകി ഇന്ത്യൻ നായകൻ.

Pujara and Rahane

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് സീനിയർ താരം വിരാട് കോഹ്ലി മാറിനിന്നത് ഇന്ത്യയെ ആശങ്കയിൽ ആഴ്ത്തുകയുണ്ടായി. തന്റെ വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് കോഹ്ലി ബിസിസിഐയോട് വിശ്രമത്തിന് ആവശ്യപ്പെട്ടത്. കോഹ്ലിക്ക് പകരക്കാരനായി ഇന്ത്യ ആരെ ടീമിൽ തിരഞ്ഞെടുക്കും എന്നത് വലിയ രീതിയിലുള്ള ചർച്ചയായിരുന്നു.

പിന്നീട് ഇന്ത്യ യുവതാരം രജത് പട്ടിദാറിനെ തങ്ങളുടെ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് ശേഷം രോഹിത് ശർമയോട് ഇക്കാര്യത്തെപ്പറ്റി മാധ്യമപ്രവർത്തകർ സംസാരിക്കുകയുണ്ടായി. വിരാട് കോഹ്ലിയുടെ അഭാവത്തിൽ പകരക്കാരനായി ആരെയാണ് ആദ്യം നിശ്ചയിച്ചത് എന്ന ചോദ്യത്തിനാണ് രോഹിത് ശർമ ഉത്തരം നൽകിയത്.

ഇന്ത്യൻ ടീം മാനേജ്മെന്റും സെലക്ടർമാരും കോഹ്ലിക്ക് പകരക്കാരനായി അനുഭവസമ്പത്തുള്ള താരങ്ങളെയും യുവതാരങ്ങളെയും നിരീക്ഷിച്ചിരുന്നു എന്നാണ് രോഹിത് ശർമ പറഞ്ഞത്. എന്നിരുന്നാലും, ഇത് യുവതാരങ്ങൾക്ക് അവസരം നൽകാൻ പറ്റിയ സാഹചര്യമാണെന്ന് മനസ്സിലാക്കി തീരുമാനം കൈക്കൊണ്ടിരിക്കുന്നതായും രോഹിത് ചൂണ്ടിക്കാട്ടി.

“കോഹ്ലിയുടെ പകരക്കാരനായി അനുഭവസമ്പത്തുള്ള ഒരു താരത്തെ തിരഞ്ഞെടുക്കുന്നതിനെ പറ്റി ഞങ്ങൾ ചിന്തിച്ചിരുന്നു. പക്ഷേ അങ്ങനെ ചിന്തിച്ചതിന് തൊട്ടു പിന്നാലെ യുവതാരങ്ങളെപ്പറ്റി ആലോചിക്കേണ്ടതായി വന്നു. ഇപ്പോഴുള്ള സാഹചര്യങ്ങളിലാണ് യുവതാരങ്ങൾക്ക് കൂടുതലായും അവസരം നൽകാൻ സാധിക്കുന്നത്.”- രോഹിത് ശർമ പറഞ്ഞു.

ഇന്ത്യക്ക് മുൻപിൽ സീനിയർ താരങ്ങളായുള്ള രണ്ട് കളിക്കാർ ചേതെശ്വർ പൂജാരയും അജിങ്ക്യ രഹാനെയുമാണ്. കഴിഞ്ഞ സമയങ്ങളിൽ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമാണ് പൂജാര കാഴ്ചവച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20,000 റൺസ് പൂർത്തിയാക്കാനും പൂജാരയ്ക്ക് സാധിച്ചിരുന്നു. സുനിൽ ഗവാസ്കർക്കും സച്ചിൻ ടെണ്ടുൽക്കർക്കും രാഹുൽ ദ്രാവിഡിനും ശേഷം 20,000 റൺസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സ്വന്തമാക്കുന്ന താരമാണ് പൂജാര.

Read Also -  ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.

എന്നാൽ ചേതേശ്വർ പൂജാരയെ ഇതുവരെ ഇന്ത്യ തങ്ങളുടെ സീനിയർ ടീമിലേക്ക് തിരികെ വിളിച്ചിട്ടില്ല. ഇന്ത്യൻ മണ്ണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ യുവതാരങ്ങളിലേക്ക് ടീം കൂടുതൽ ശ്രദ്ധ ചെലുത്തുന്നു എന്നതിന് ഉദാഹരണം കൂടിയാണ് ഇത്.

ഇന്ത്യൻ മണ്ണിൽ മികവ് പുലർത്തിയിട്ടുള്ള യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നും രോഹിത് ശർമ പറയുകയുണ്ടായി. ഇത്തരം യുവതാരങ്ങളെ നേരിട്ട് വിദേശ പിച്ചുകളിൽ കളിപ്പിക്കുന്നതിൽ കാര്യമില്ലന്നും രോഹിത് സൂചന നൽകുകയുണ്ടായി.

“ഈ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോകാൻ സാധിക്കുന്ന കളിക്കാരെയാണ് നമുക്ക് ടീമിലേക്ക് ഉൾപ്പെടുത്തേണ്ടത്. അത്തരം താരങ്ങളെ നേരെ വിദേശ സാഹചര്യങ്ങളിൽ കളിപ്പിക്കുന്നത് കൊണ്ട് അർത്ഥമില്ല.”- രോഹിത് കൂട്ടിച്ചേർത്തു. നിലവിൽ യുവതാരം രജത് പട്ടിദാർ വിരാട് കോഹ്ലിക്ക് പകരക്കാരനായി ഇന്ത്യന് ടീമിലേക്ക് എത്തിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Scroll to Top