“ലക്നൗ ടീമിലും ഞാൻ ധോണി ഭായുടെ ആ വാക്കുകൾ പിന്തുടരും”- നായകൻ റിഷഭ് പന്ത് പറയുന്നു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ നായകനായി ഇന്ത്യയുടെ സൂപ്പർ താരം റിഷഭ് പന്തിനെ തിരഞ്ഞെടുക്കുകയുണ്ടായി. ഇത്തവണത്തെ മെഗാ ലേലത്തിൽ 27 കോടി എന്ന റെക്കോർഡ് തുകയ്ക്കായിരുന്നു പന്തിനെ ലക്നൗ സ്വന്തമാക്കിയത്. ഇപ്പോൾ താരത്തെ തങ്ങളുടെ നായകനായി ടീം തിരഞ്ഞെടുത്തിരിക്കുന്നത്.

ഇതിന് ശേഷം വളരെ ആത്മവിശ്വാസത്തോടെയാണ് ലക്നൗവിന്റെ ഓണറായ സഞ്ജീവ് ഗോയങ്ക സംസാരിച്ചത്. ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനായി പന്ത് മാറുമെന്ന് ഗോയങ്ക പറയുകയുണ്ടായി. മഹേന്ദ്ര സിംഗ് ധോണിയുടെ വഴിയാണ് താൻ സ്വീകരിക്കാൻ തയ്യാറാവുന്നത് എന്ന് പന്തും പറയുകയുണ്ടായി.

ടീമിന്റെ നായകനായി മാറിയശേഷം പന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. “നായകത്വത്തെ പറ്റി മഹി ഭായുടെ വാക്കുകൾ വളരെ പ്രശസ്തമാണ്. ഒരിക്കൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു. ‘നമ്മൾ പൂർണമായും പ്രക്രിയയിൽ മാത്രമാണ് ശ്രദ്ധിക്കേണ്ടത്. ഫലങ്ങളെപ്പറ്റി നമ്മൾ വ്യാകുലപ്പെടുകയോ അതിനെ പിന്തുടരുകയോ ചെയ്യേണ്ട ആവശ്യമില്ല. അതാണ് എപ്പോഴും എന്റെ മനസ്സിലുള്ളത്.”- പന്ത് പറഞ്ഞു. അതേസമയം പന്തിൽ തങ്ങൾ വച്ചിരിക്കുന്ന വിശ്വാസത്തെയാണ് ലക്നൗ ഓണറായ ഗോയങ്ക ഉയർത്തി കാട്ടിയത്.

“ഇത്തവണത്തെ ലേലത്തിൽ 27 കോടി രൂപയാണ് ഞങ്ങൾ പന്തിനായി മാറ്റിവച്ചത്. കാരണം അവനെ കിട്ടണമെന്നത് ഞങ്ങളുടെ നിർബന്ധം ആയിരുന്നു. ലക്നൗ സൂപ്പർ ജയന്റ്സിലെ മാത്രമല്ല, ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച താരമായി മാറാൻ കെൽപ്പുള്ള ആളാണ് റിഷഭ് പന്ത്. ഇത്രമാത്രം പാഷനോടെ ക്രിക്കറ്റ് കളിക്കുന്ന ഒരാളെ ഞാൻ മുൻപ് കണ്ടിട്ടില്ല. ടീമിലുള്ള മറ്റു താരങ്ങളുമായി കൃത്യമായി ബന്ധം പുലർത്താനും ടീമിന്റെ പ്രക്രിയകളിൽ വളരെ വ്യത്യസ്തമായ ചിന്തകൾ കൊണ്ടുവരാനും പന്തിന് സാധിക്കും. ഇതൊക്കെയും അവനെ വ്യത്യസ്തനാക്കുന്നു.”- ഗോയങ്ക പറഞ്ഞു.

“ഞാനൊരു നായകനായി തന്നെയാണ് പന്തിനെ കാണുന്നത്. ഒരുപക്ഷേ ഐപിഎൽ കണ്ടതിൽ ഏറ്റവും മികച്ച നായകനായി അവന് മാറാൻ സാധിക്കും. നിലവിൽ ഫ്രാഞ്ചൈസിയിലുള്ള കുറച്ചു താരങ്ങളെ പന്തിനെ പരിചയമുണ്ട്. മറ്റുള്ളവരെ അവന് അറിയില്ല. അതുകൊണ്ടുതന്നെ പരസ്പര ധാരണയോടെ ഒരു പ്ലാറ്റ്ഫോം നിർമ്മിക്കുക എന്നതാണ് പ്രാഥമികമായി ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്. മത്സരത്തിൽ വിജയം നേടുക എന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാ മത്സരങ്ങളിലും നമുക്ക് വിജയം സ്വന്തമാക്കാൻ സാധിക്കില്ല. വിജയങ്ങളും പരാജയങ്ങളും ഇതിന്റെ ഭാഗം തന്നെയാണ്. പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.”- ഗോയങ്ക കൂട്ടിച്ചേർത്തു.