“ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് തഴഞ്ഞപ്പോൾ വിഷമിച്ചു, ഇപ്പോൾ എനിക്ക് ചില കാര്യങ്ങൾ തെളിയിക്കണം”- സിറാജ് പറയുന്നു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച തുടക്കമാണ് സ്റ്റാർ പേസറായ മുഹമ്മദ് സിറാജിന് ലഭിച്ചിരിക്കുന്നത്. ബാംഗ്ലൂർ ടീമിൽ നിന്ന് ഗുജറാത്ത് ടീമിലേക്ക് ഇത്തവണ ചേക്കേറിയ സിറാജിന് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുന്നുണ്ട്. ഹൈദരാബാദിനെതിരായ മത്സരത്തിലും ആദ്യ ഓവറുകളിൽ തന്നെ കൃത്യമായ ലൈനും ലെങ്തും കണ്ടെത്താനും ഹൈദരാബാദ് ബാറ്റർമാരെ മുട്ടുകുത്തിക്കാനും സിറാജിന് സാധിച്ചിരുന്നു.

മത്സരത്തിൽ 4 വിക്കറ്റുകൾ താരം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇതിന് മുൻപ് ഇന്ത്യ സിറാജിനെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. ഇതേ സംബന്ധിച്ച് സിറാജ് സംസാരിക്കുകയുണ്ടായി.

മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടത് തനിക്ക് വളരെ വലിയ ബുദ്ധിമുട്ടുണ്ടാക്കി എന്നായിരുന്നു സിറാജ് തുറന്നു പറഞ്ഞത്. താൻ സ്ഥിരമായി ഇന്ത്യൻ ടീമിൽ അംഗമായിരുന്നു എന്നും, അങ്ങനെയൊരു സാഹചര്യത്തിൽ വളരെ അപ്രതീക്ഷിതമായി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് തന്റെ സ്വന്തം കഴിവിനെ പോലും സംശയിക്കാൻ കാരണമായി എന്നും സിറാജ് ഐപിഎൽ മത്സരത്തിനിടെ പറയുകയുണ്ടായി. ഈ തഴയലിന് ശേഷം തനിക്ക് മുൻപിലുള്ള ഒരേയൊരു ലക്ഷ്യം ഐപിഎൽ മാത്രമായിരുന്നു എന്ന് സിറാജ് പറഞ്ഞു. ഇതിനായി കഠിനാധ്വാനം ചെയ്തിരുന്നു എന്നും സിറാജ് കൂട്ടിച്ചേർത്തു. ഇനി തന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് എന്നാണ് സിറാജ് പറഞ്ഞത്.

തന്റെ പഴയ ടീമായ ബാംഗ്ലൂർ റോയൽസിനെതിരെയും ഈ സീസണിൽ മികച്ച പ്രകടനം സിറാജ് കാഴ്ചവെച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 19 റൺസ് മാത്രം വിട്ടു നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയ സിറാജ് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കുകയുണ്ടായി. ശേഷമാണ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 4 ഓവറുകളിൽ 17 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഈ മത്സരത്തിലും സിറാജ് തന്നെയായിരുന്നു മാൻ ഓഫ് ദി മാച്ച്. 2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ പർപ്പിൾ ക്യാപ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്താനും ഇതോടെ സിറാജിന് സാധിച്ചു. നിലവിൽ 9 വിക്കറ്റുകളാണ് ഈ സീസണിൽ സിറാജ് സ്വന്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ 7 ഐപിഎൽ സീസണുകളിലും ബാംഗ്ലൂർ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു സിറാജ്. എന്നാൽ ഈ സീസണിൽ ബാംഗ്ലൂർ സിറാജിനെ കൈവിടുകയാണ് ഉണ്ടായത്. ശേഷമാണ് ഗുജറാത്ത് ടീമിലേക്ക് സിറാജ് എത്തിയത്. ചാമ്പ്യൻസ് ട്രോഫിയിൽ വലിയ വിമർശനങ്ങൾ ആയിരുന്നു സിറാജിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ ഉയർന്നത്. എന്നാൽ അന്ന് സിറാജിന്റെ കഴിവിനെ സംബന്ധിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ പോലും സംശയം പ്രകടിപ്പിച്ചിരുന്നു. എല്ലാത്തിലുമുള്ള മറുപടിയാണ് ഐപിഎല്ലിൽ സിറാജ് നൽകുന്നത്