ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. പല കടമ്പകളും മറികടന്നായിരുന്നു കോഹ്ലിയുടെ ഈ വെടിക്കെട്ട് സെഞ്ച്വറി. 97 പന്തുകളിലാണ് വിരാട് തന്റെ 48ആം ഏകദിന സെഞ്ച്വറി മത്സരത്തിൽ കുറിച്ചത്. മാത്രമല്ല ഇന്ത്യയ്ക്ക് 7 വിക്കറ്റുകളുടെ കൂറ്റൻ വിജയം നേടിക്കൊടുക്കാനും വിരാട്ടിന്റെ ഇന്നിംഗ്സിന് സാധിച്ചു.
മത്സരശേഷം തന്റെ ഇന്നിംഗ്സിനെ പറ്റി വിരാട് കോഹ്ലി സംസാരിക്കുകയുണ്ടായി. ലോകകപ്പിൽ തനിക്ക് മികച്ച തുടക്കങ്ങൾ ലഭിച്ചിട്ടും അത് വലിയ സ്കോറുകളായി മാറ്റാൻ സാധിച്ചിരുന്നില്ല എന്നാണ് വിരാട് കോഹ്ലി പറഞ്ഞത്. എന്നാൽ ടീമിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നത് ഇത്തരം ഇന്നിംഗ്സുകൾക്ക് വലിയ പ്രചോദനം ഉണ്ടാക്കുന്നുവെന്നും കോഹ്ലി പറയുകയുണ്ടായി. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ജഡ്ഡുവില്‍ നിന്നും തട്ടിയെടുത്തതിന് മാപ്പ് പറഞ്ഞാണ് വിരാട് കോഹ്ലി തുടങ്ങിയത്. മത്സരത്തില്‍ 38 റണ്‍സ് വഴങ്ങി 2 വിക്കറ്റും ഉഗ്രന്‍ ഒരു ക്യാച്ചും ജഡേജ നേടിയിരുന്നു.
“എനിക്ക് മത്സരത്തിൽ വലിയ സംഭാവന നൽകണമെന്ന് തോന്നിയിരുന്നു. ലോകകപ്പ് മത്സരങ്ങളിൽ എനിക്ക് കുറച്ച് അർധസെഞ്ച്വറികളുണ്ട്. എന്നാൽ അവ വേണ്ട രീതിയിൽ മുൻപോട്ടു കൊണ്ടുപോയി സെഞ്ച്വറികൾ നേടാൻ സാധിച്ചിരുന്നില്ല. ഇന്ന് മത്സരം ഫിനിഷ് ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിനാൽ തന്നെ അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനാണ് ശ്രമിച്ചത്.
ഇന്ത്യൻ ടീമിനൊപ്പം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ ഇതേ ജോലി തന്നെയാണ് ചെയ്യുന്നത്. മികച്ച ഒരു തുടക്കമാണ് എന്റെ ഇന്നിംഗ്സിന് ലഭിച്ചത്. ഞാൻ ഇന്ന് നേരിട്ട ആദ്യ നാലു ബോളുകളിൽ രണ്ടെണ്ണം ഫ്രീ ഹിറ്റ് ആയിരുന്നു. അതിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും നേടാൻ എനിക്ക് സാധിച്ചു.”- കോഹ്ലി പറയുന്നു.
“ഇതിന് ശേഷം ഇന്നിംഗ്സിൽ കൂടുതൽ ശാന്തനാവാനാണ് ഞാൻ ശ്രമിച്ചത്. പിച്ച് വളരെ മികച്ച ഒന്നുതന്നെയായിരുന്നു. അതിനാൽ തന്നെ എന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനാണ് ഞാൻ ശ്രമിച്ചത്. ടൈമിംഗ് വേണ്ടവിധം ഉപയോഗിക്കാനും, ഗ്യാപ്പുകൾ കണ്ടെത്തി റൺസ് നേടാനും, ഒപ്പം വിക്കറ്റുകൾക്കിടയിലൂടെ നന്നായി ഓടാനും, ആവശ്യമായ സമയങ്ങളിൽ ബൗണ്ടറികൾ കണ്ടെത്താനും ഞാൻ ശ്രമിച്ചു. അതായിരുന്നു ടീമിന് വേണ്ടത്. ടീമിന്റെ ചേഞ്ച് റൂമിൽ വളരെ നല്ലൊരു അന്തരീക്ഷമാണുള്ളത്. എല്ലാവരും വലിയ സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. ആ പോസിറ്റീവ് കാര്യങ്ങൾ തന്നെയാണ് മൈതാനത്തും കാണാൻ സാധിക്കുന്നത്.”- കോഹ്ലി കൂട്ടിച്ചേർത്തു.
“ഡ്രസിങ് റൂമിലെ ആ മികച്ച അന്തരീക്ഷം മൈതാനത്ത് ആവർത്തിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. ഇതൊരു ദൈർഘ്യമേറിയ ടൂർണമെന്റാണ് എന്ന് ഞങ്ങൾക്കറിയാം. അതിനാൽ തന്നെ കൃത്യമായി ഒരു മൊമെന്റം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. സഹതാരങ്ങൾക്കൊക്കെയും അത് സഹായകരമാണ്. സ്വന്തം മണ്ണിൽ ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുമ്പോൾ അതിയായ സന്തോഷമുണ്ട്. നമ്മുടെ സ്വന്തം ജനതയ്ക്ക് മുൻപിൽ മികവ് പുലർത്തുമ്പോൾ ആവേശം കൂടുതലായുണ്ട്. ഈ സാഹചര്യങ്ങൾ പരമാവധി ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- കോഹ്ലി പറഞ്ഞു വയ്ക്കുന്നു.