വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് പ്രസീദ്ദ് കൃഷ്ണയുടെ ബോളിംഗാണ്. 9 ഓവറില്‍ 3 മെയ്ഡനടക്കം 12 റണ്‍സ് വഴങ്ങി 4 വിക്കറ്റാണ് പ്രസീദ്ദ് കൃഷ്ണ നേടിയത്. കരിയറില്‍ ഇതിനോടകം 6 മത്സരങ്ങളില്‍ 15 വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍ നേടിയത്.
മികച്ച പ്രകടനം തുടരുന്ന പ്രസീദ്ദിനെ ഓസ്ട്രേലിയന്‍ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായവുമായി എത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങ്. മറ്റേത് ബൗളറേക്കാളും ബൗണ്‍സ് കണ്ടെത്തുന്ന ഈ ഇന്ത്യന്‍ താരം ഓസ്ട്രേലിയന്‍ പിച്ചുകളില്‍ ഗുണം ചെയ്യുമെന്നാണ് മുന്‍ ഓഫ് സ്പിന്നറുടെ അഭിപ്രായം.
” അവന്‍ ഇന്ന് തന്‍റെ കഴിവ് കാണിച്ചു തന്നു. ഭാവിയില്‍ അവന് ടെസ്റ്റ് ക്രിക്കറ്റിലും അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ ഏകദിന ക്രിക്കറ്റാണ് കളിക്കുന്നതെങ്കിലും അദ്ദേഹത്തെ ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. മത്സരം നടക്കുന്നത് വലിയ ഗ്രൗണ്ടിലായതിനാല്‍ അദ്ദേഹത്തിന്‍റെ പേസും ഉയരവും കൊണ്ട് ഇന്ത്യന്‍ ടീമിനു ഗുണം ചെയ്യും ” ഹര്‍ഭജന്‍ സിങ്ങ് പറഞ്ഞു.
പ്രസീദ്ദ് കൃഷ്ണക്ക് നിരന്തരം അവസരം നല്‍കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ പഠിക്കാനാകും എന്ന് ജസ്പ്രീത് ബൂംറയുമൊത്ത് മികച്ച ഒരു കൂട്ടുകെട്ട് സൃഷ്ടിക്കാനാകുമെന്നും ഹര്‍ഭജന്‍ സിങ്ങ് അഭിപ്രായപ്പെട്ടു.