രഞ്ജി ട്രോഫിയിൽ മുംബൈ നായകനായ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ തകർപ്പൻ ഡബിൾ സെഞ്ച്വറി ആണ് കുറിച്ചത്. ഹൈദരാബാദിനെതിരെയാണ് താരം 261 പന്തുകളിൽ നിന്നും 204 റൺസ് നേടിയത്. 26 ഫോറുകളും മൂന്ന് സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.
ഇപ്പോഴിതാ തൻ്റെ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ. ഇന്ത്യൻ ടീമിൽ തിരിച്ചെത്തുക എന്നതാണ് തൻ്റെ ലക്ഷ്യം എന്നാണ് രഹാനെ തുറന്നു പറഞ്ഞത്. മോശം ഫോമിൽ ആയതിനാൽ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ ടീമിൽ നിന്നും പുറത്താണ് താരം.
മത്സരശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിന് ഇടയിലാണ് രഹാനെ തൻ്റെ ലക്ഷ്യം വെളിപ്പെടുത്തിയത്. “ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതാണ് എൻ്റെ ഇപ്പോഴത്തെ സ്വപ്നം. അതുകൊണ്ടുതന്നെ ഒരിക്കലും ഞാൻ തോൽവി സമ്മതിക്കില്ല.
ആ സ്വപ്നത്തോടൊപ്പം തന്നെ മുംബൈയെ ഓരോ മത്സരത്തിലും വിജയിപ്പിക്കാനും മികച്ച പ്രകടനം പുറത്തെടുക്കുവാനും ഞാൻ ആഗ്രഹിക്കുന്നു.”- രഹാനെ പറഞ്ഞു. ആദ്യന്നിങ്സിൽ ഹൈദരാബാദിനെതിരെ 6 വിക്കറ്റ് നഷ്ടത്തിൽ 651 റൺസിന്റെ കൂറ്റൻ സ്കോറാണ് മുംബൈ നേടിയിട്ടുള്ളത്. രഹാനയുടെ ഡബിൾ സെഞ്ചുറിയോടൊപ്പം ജയ്സ്വാൾ (162) സർഫറാസ് ഖാൻ(126) സൂര്യ കുമാർ യാദവ് (90) എന്നിവരും മികച്ച സ്കോർ കണ്ടെത്തി.