ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ താരമാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ബാറ്റിംഗിൽ മാത്രമല്ല, ഇന്ത്യൻ ടീമിനായി വലിയൊരു ഘടന ഉണ്ടാക്കിയെടുക്കുന്നതിൽ സച്ചിൻ വഹിച്ച പങ്ക് ചെറുതായി കാണാൻ സാധിക്കില്ല. ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയ സച്ചിൻ ഇന്ത്യൻ ടീമിനായി പല വലിയ കാര്യങ്ങളും ചെയ്തിട്ടുണ്ട്.
ഇതിലൊന്നായിരുന്നു ഇന്ത്യൻ താരം സൗരവ് ഗാംഗുലിയെ ടീമിന്റെ ഉപനായകനാക്കാൻ ആവശ്യപ്പെട്ടത്. തന്റെ ക്യാപ്റ്റൻസി റെക്കോർഡുകൾ വളരെ നിരാശപ്പെടുത്തുന്നതാണെങ്കിലും, ഗാംഗുലിയെ ഉപനായകനാക്കാനുള്ള സച്ചിന്റെ തീരുമാനം ഇന്ത്യൻ ടീമിന്റെ ഭാവി മാറ്റിമറിക്കുകയായിരുന്നു. ഇതേപ്പറ്റി സച്ചിൻ ടെണ്ടുൽക്കർ സംസാരിക്കുകയുണ്ടായി.
ഇന്ത്യ-ഓസ്ട്രേലിയ മത്സരം നടക്കുന്ന സമയത്താണ് ഇങ്ങനെയൊരു തീരുമാനം താൻ കൈക്കൊണ്ടത് എന്ന് സച്ചിൻ പറയുകയുണ്ടായി. “അന്ന് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം നടക്കുകയായിരുന്നു. ആ സമയത്ത് ഞാൻ നായകസ്ഥാനം ഒഴിയണമെന്ന തീരുമാനം കൈക്കൊണ്ടു. ഇതേസമയം തന്നെ സൗരവ് ഗാംഗുലിയെ വൈസ് ക്യാപ്റ്റനായി ഉയർത്തിക്കൊണ്ടുവരാൻ ഞാൻ നിർദ്ദേശിക്കുകയായിരുന്നു. അന്ന് ഗാംഗുലിയുടെ പ്രകടനവും ക്രിക്കറ്റിലെ നിരീക്ഷണവും കാണാൻ എനിക്ക് സാധിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റിനെ എല്ലാത്തരത്തിലും മുന്നോട്ടു നയിക്കാൻ അവന് സാധിക്കുമെന്ന് ഞാൻ വിശ്വസിച്ചു.”- സച്ചിൻ പറയുന്നു.
“ഗാംഗുലി എല്ലാത്തരത്തിലും നല്ലൊരു നായകനായിരുന്നു. അതുകൊണ്ടു തന്നെയാണ് അന്ന് ഞാൻ അവന്റെ പേര് നിർദ്ദേശിച്ചത്. ഇന്ത്യയുടെ ക്യാപ്റ്റനായ ശേഷം ഗാംഗുലിയ്ക്ക് തിരിഞ്ഞു നോക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. ടീമിൽ കൃത്യമായി ബാലൻസ് ഉണ്ടാക്കി ഏത് തരത്തിൽ മുൻപോട്ട് പോകണമെന്ന് അവന് അറിയാമായിരുന്നു.”
”ഓരോ താരത്തിന്റെയും പ്രതിഭ മനസ്സിലാക്കി അവർക്ക് ആവശ്യമായ രീതിയിൽ സ്വാതന്ത്ര്യം നൽകി മൈതാനത്ത് മികവ് പുലർത്താൻ ഗാംഗുലിയ്ക്ക് സാധിച്ചു. മാത്രമല്ല ഇന്ത്യൻ ടീമിൽ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ ഗാംഗുലി വലിയൊരു പങ്കു വഹിച്ചിരുന്നു.”- സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തു.
ഗാംഗുലി ഇന്ത്യയുടെ നായക സ്ഥാനത്ത് എത്തുമ്പോൾ ടീമിലെ സാഹചര്യം വളരെ മോശമായിരുന്നു. പലതരം വിവാദങ്ങളും ഇന്ത്യൻ ടീമിനെ വേട്ടയാടിയിരുന്നു. പക്ഷേ ഇതിനെയെല്ലാം അതിജീവിച്ച് മികവ് പുലർത്താൻ ഗാംഗുലിയ്ക്ക് സാധിച്ചു. കൃത്യമായ രീതിയിൽ ഒരു ടീമിനെ കെട്ടിപ്പടുക്കാനും കളിക്കാരെ മികച്ച രീതിയിൽ ഉപയോഗിക്കാനും ഗാംഗുലി മിടുക്കനായിരുന്നു. ഒരു വമ്പൻ ടീം മഹേന്ദ്ര സിംഗ് ധോണിയ്ക്കും രാഹുൽ ദ്രാവിഡിനും മുൻപിൽ സംഭാവന നൽകിയാണ് ഗാംഗുലി നായക സ്ഥാനം ഒഴിയുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ വലിയൊരു മാറ്റം തന്നെയാണ് ഗാംഗുലി ഉണ്ടാക്കിയത്.