2025 ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം തന്റെ അടുത്ത ലക്ഷ്യങ്ങളെ പറ്റി സംസാരിച്ച് ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. ഇനിയും തനിക്ക് ഒരുപാട് ഐസിസി ട്രോഫികൾ സ്വന്തമാക്കണമെന്ന് ലക്ഷ്യമുണ്ട് എന്ന പാണ്ഡ്യ പറഞ്ഞു. ഇപ്പോൾ 2026 ട്വന്റി20 ലോകകപ്പ് വിജയിക്കുക എന്ന ലക്ഷ്യമാണ് മുൻപിലുള്ളത് എന്നാണ് ഹർദിക് പാണ്ഡ്യ കൂട്ടിച്ചേർത്തത്.
ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേ പോലെ തിളങ്ങാൻ സാധിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് പാണ്ഡ്യ. ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ഫൈനൽ മത്സരത്തിലും മികച്ച പ്രകടനമായിരുന്നു പാണ്ഡ്യ പുറത്തെടുത്തത്. ഇതിന് ശേഷമാണ് ഇപ്പോൾ പ്രസ്താവനയുമായി താരം രംഗത്ത് എത്തിയത്.
“എന്നെ സംബന്ധിച്ച് നേടാനാവുന്ന അത്രയും ചാമ്പ്യൻഷിപ്പുകളിൽ വിജയം നേടുക എന്നതാണ് മുൻപിലുള്ള ലക്ഷ്യം. 2024 ട്വന്റി20 ലോകകപ്പ് വിജയിച്ചതിന് ശേഷം അവിടെ ഒന്നും അവസാനിക്കുന്നില്ല എന്ന് ഞാൻ പറഞ്ഞിരുന്നു. ഇനിയും 5- 6 ഐസിസി ട്രോഫികൾ എനിക്ക് നേടാനുണ്ട്. ഇപ്പോൾ ഒരു കിരീടം കൂടി സ്വന്തമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമാണുള്ളത്. എന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്റെ ടീമിനെ വിജയിപ്പിക്കാൻ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നതാണ്. അതിലാണ് ഞാൻ ശ്രദ്ധിക്കുന്നത്.”- പാണ്ഡ്യ പറയുകയുണ്ടായി.
ടൂർണമെന്റിൽ 5 മത്സരങ്ങളിൽ നിന്ന് 99 റൺസും 4 വിക്കറ്റുകളുമായിരുന്നു പാണ്ഡ്യ സ്വന്തമാക്കിയത്. പാണ്ഡ്യയുടെ ചെറിയ സംഭാവനകൾ പോലും വലിയ ഇമ്പാക്ടാണ് ടീമിന് ഉണ്ടാക്കിയത്. “എന്നെ സംബന്ധിച്ച് വളരെ സംതൃപ്തമായ നിലയിൽ, വളരെ ശാന്തമായി, വളരെ സന്തോഷമായി ടൂർണ്ണമെന്റിൽ മുൻപോട്ടു പോവാൻ സാധിച്ചു. ആവശ്യമായ സമയത്ത് മൈതാനത്തെത്തി ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനും അത് സഹായിച്ചു. ചില സമയങ്ങളിൽ ഞാൻ മോശം പ്രകടനം കാഴ്ചവച്ചപ്പോഴും ടീം വിജയിക്കുകയുണ്ടായി. ടീമിന്റെ വിജയമാണ് ഏറ്റവും മനോഹരമായ വികാരം.”- പാണ്ഡ്യ കൂട്ടിച്ചേർത്തു.
“ഇത്തരത്തിലുള്ള വിജയങ്ങൾ ഞാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. എവിടെയൊക്കെ മൈതാനത്തിറങ്ങിയാലും അവിടെയൊക്കെ പൂർണ്ണമായ രീതിയിൽ മുൻപോട്ടു പോയി വിജയങ്ങൾ സ്വന്തമാക്കാൻ സാധിക്കണം. ഇന്ത്യയ്ക്കായാണ് നമ്മൾ ഇതൊക്കെയും ചെയ്യുന്നത്. ഈ വിജയവും ഇന്ത്യക്കായാണ്. ഇപ്പോൾ ചാമ്പ്യൻസ് ട്രോഫി അവസാനിച്ചിരിക്കുന്നു. അടുത്ത ലക്ഷ്യം ട്വന്റി20 ലോകകപ്പ് തന്നെയാണ്.”- പാണ്ഡ്യ പറഞ്ഞു വയ്ക്കുകയുണ്ടായി.