ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണർമാരിൽ ഒരാളാണ് ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗ്. ടെസ്റ്റ് ഫോർമാറ്റ് എന്നോ ഏകദിന ഫോർമാറ്റ് എന്നോ നോക്കാതെ ആദ്യ പന്ത് മുതൽ ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതായിരുന്നു സേവാഗിന്റെ ശൈലി. സേവാഗിനെതിരെ ബോൾ ചെയ്യുന്ന സമയത്ത് ആദ്യ പന്തിൽ തന്നെ ഒരു സിക്സർ താൻ പ്രതീക്ഷിക്കാറുണ്ട് എന്നായിരുന്നു മുൻ ഓസ്ട്രേലിയൻ ഇതിഹാസ പേസർ ബ്രെറ്റ് ലീ മുൻപ് പറഞ്ഞിട്ടുള്ളത്.
അതിനാൽ തന്നെ ആ സമയത്ത് പല റെക്കോർഡുകളും സേവാഗ് തന്റെ പേരിൽ സ്വന്തമാക്കുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗും ട്വന്റി20 ക്രിക്കറ്റുമൊക്കെ രംഗത്ത് വരുന്നതിന് മുൻപ് തന്നെ ആ രീതിയിൽ കളിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സേവാഗ്. ഇപ്പോൾ സേവാഗ് നടത്തിയിരിക്കുന്ന ഒരു പ്രസ്താവനയാണ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ നിലവിൽ സാങ്കേതികപരമായി വന്നിരിക്കുന്ന മാറ്റങ്ങളെയാണ് സേവാഗ് ചൂട്ടിക്കാട്ടുന്നത്. ഈ തലമുറയിലെ ഏതെങ്കിലും കളിക്കാരൻ 300 പന്തിന് താഴെ കളിച്ച്, 400 റൺസ് സ്വന്തമാക്കിയാലും താൻ ഒരിക്കലും അത്ഭുതപ്പെടില്ല എന്നാണ് സേവാഗ് പറഞ്ഞത്. കാരണം മത്സരത്തിൽ അത്രമാത്രം മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു എന്നാണ് സേവാഗ് കരുതുന്നത്. ഡൽഹി പ്രീമിയർ ലീഗിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് സേവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ഇംഗ്ലണ്ട് പോലെയുള്ള ടീമുകൾ ടെസ്റ്റ് ക്രിക്കറ്റിനെ നോക്കിക്കാണുന്ന രീതിയെ ഉദാഹരണമായി എടുത്തുകൊണ്ടാണ് സേവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“നിലവിൽ ഇംഗ്ലണ്ട് ടീം ടെസ്റ്റ് കളിക്കുന്ന രീതി വളരെ മനോഹരമാണ്. മികച്ച രീതിയിൽ അവർക്ക് ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ സാധിക്കുന്നു. ഓരോവരിൽ 5 റൺസ് വീതം നേടി മുൻപോട്ടു പോകാൻ അവർക്ക് സാധിക്കുന്നുണ്ട്. ഞങ്ങൾ കളിക്കുന്ന സമയത്ത് ടെസ്റ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയൻ ടീം, ഓവറിൽ 4 റൺസ് വീതം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ നമുക്ക് ആക്രമിച്ചു കളിക്കാൻ സാധിക്കുകയാണെങ്കിൽ, അത് മത്സരങ്ങൾ വിജയിക്കാനുള്ള ഒരു അവസരം നമ്മുടെ ടീമിന് നൽകുന്നതിന് തുല്യമാണ്.”- വീരേന്ദർ സേവാഗ് പറയുകയുണ്ടായി.
“ഞങ്ങളുടെ സമയത്ത് ഐപിഎൽ ഒന്നുമില്ലായിരുന്നു. ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ഏത് യുവതാരത്തിനും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ സാധിക്കും. ഇങ്ങനെ ചിന്തിക്കുന്ന താരങ്ങളിൽ ഒരാൾ ടെസ്റ്റ് ക്രിക്കറ്റിൽ ആക്രമണ മനോഭാവത്തോടെ കളിക്കണമെന്ന് സ്വയം തീരുമാനിച്ചാലോ? അത് ടെസ്റ്റ് ക്രിക്കറ്റിന് വലിയ രീതിയിൽ ഗുണം ചെയ്യും. ഞാൻ അന്നൊക്കെ 270 പന്തുകളിലാണ് 300 റൺസൊക്കെ നേടിയത്. ഇപ്പോഴത്തെ താരങ്ങൾക്ക് അത്രയും പന്തിൽ 400 റൺസിന് മുകളിൽ നേടാൻ സാധിക്കുന്നവരാണ്.”- വീരേന്ദർ സേവാഗ് കൂട്ടിച്ചേർക്കുന്നു.