“ഈ പരാജയം വേദനിപ്പിക്കുന്നു”. പരാജയ കാരണം തുറന്ന് പറഞ്ഞ് രോഹിത് ശർമ.

20240805 091317 scaled

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഹൃദയഭേദകമായ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇന്ത്യൻ മധ്യനിര ബാറ്റിംഗിന്റെ ഒരു ദുരന്തമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 240 റൺസാണ് നിശ്ചിത 50 ഓവറുകളിൽ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് രോഹിത് ശർമ വീണ്ടും ഇന്ത്യയ്ക്ക് നൽകിയത്.

പക്ഷേ അത് മുതലെടുക്കുന്നതിൽ മറ്റു ബാറ്റർമാർ പൂർണ്ണമായും പരാജയപ്പെട്ടു. ഇന്ത്യയുടെ ഇന്നിംഗ്സ് കേവലം 208 റൺസിൽ അവസാനിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി വാണ്ടർസേ മികച്ച പ്രകടനവും പുറത്തെടുക്കുകയുണ്ടായി. 32 റൺസിന്റെ പരാജയമാണ് ഇന്ത്യ രണ്ടാം ഏകദിനത്തിൽ നേരിട്ടത്. മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ പരാജയം തനിക്ക് വലിയ വേദനയുണ്ടാക്കുന്നു എന്നാണ് രോഹിത് ശർമ പ്രസന്റേഷൻ സമയത്ത് പറഞ്ഞത്. മത്സരശേഷം ടീമിന്റെ പരാജയത്തിന്റെ കാരണം വിശദീകരിക്കാനും രോഹിത് മറന്നില്ല. “ഇത്തരത്തിൽ മത്സരങ്ങളിൽ പരാജയപ്പെടുന്നത് വലിയ വേദന ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. ഏകദിന മത്സരം എന്നത് വെറും 10 ഓവറുകളുടെ കാര്യമല്ല. ഇന്ന് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിൽ ഞങ്ങൾ പരാജയപ്പെടുകയായിരുന്നു. ഇങ്ങനെ സംഭവിച്ചതിൽ എനിക്ക് വലിയ നിരാശയുണ്ട്. പക്ഷേ ക്രിക്കറ്റിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ട്. അത് നമ്മൾ അംഗീകരിക്കുക തന്നെ വേണം.”- രോഹിത് പറയുന്നു.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

“ബാറ്റിംഗിന്റെ മധ്യ ഓവറുകളിൽ ഇടത്- വലത് കോമ്പിനേഷനുകൾ അത്യാവശ്യമാണ് എന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകൾ സ്വന്തമാക്കിയ ശ്രീലങ്കൻ സ്പിന്നർ വാണ്ടർസേയ്ക്ക് അഭിനന്ദനങ്ങൾ. മത്സരത്തിൽ ഓപ്പണിങ് ഇറങ്ങി 65 റൺസ് സ്വന്തമാക്കാൻ എനിക്ക് സാധിച്ചു. ഞാൻ ബാറ്റ് ചെയ്ത രീതിയാണ് ഇത്തരത്തിൽ മികവ് പുലർത്താൻ കാരണമായത്. ഒരുപാട് റിസ്ക്കുകൾ എടുത്തുകൊണ്ടാണ് ഞാൻ ബാറ്റ് ചെയ്യാറുള്ളത്. എന്നിരുന്നാലും വരും മത്സരങ്ങളിലും ഈ മനോഭാവം തന്നെ പുലർത്താനാണ് ഞാൻ ശ്രമിക്കുന്നത്. പവർപ്ലെയിൽ മികച്ച രീതിയിൽ റൺസ് സ്വന്തമാക്കേണ്ടതുണ്ട്.”- രോഹിത് കൂട്ടിച്ചേർത്തു.

രണ്ടാം ഏകദിന മത്സരത്തിൽ തങ്ങൾ മികച്ച പ്രകടനമല്ല കാഴ്ചവച്ചത് എന്ന് രോഹിത് തുറന്നു പറയുകയുണ്ടായി. മാത്രമല്ല ടീമിന്റെ മധ്യനിരയെ സംബന്ധിച്ച് തന്റെ ആശങ്കയും രോഹിത് വ്യക്തമാക്കി. മധ്യനിരയുടെ പ്രകടനത്തെപ്പറ്റി കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും എന്നാണ് രോഹിത് പറയുന്നത്.

എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ ഹൃദയഭേദകമായ പരാജയമാണ് മത്സരത്തിൽ നേരിട്ടിരിക്കുന്നത്. ശ്രീലങ്കൻ ടീമിനെ വിലകുറച്ചു കണ്ടതും ഇന്ത്യയുടെ പരാജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് ആരാധകരടക്കം പറയുകയുണ്ടായി. ഓഗസ്റ്റ് ഏഴിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

Scroll to Top