ഒരുപാട് വിമർശനങ്ങൾ നേരിട്ടു കൊണ്ടായിരുന്നു ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലേക്ക് എത്തിയത്. കഴിഞ്ഞ സമയങ്ങളിലൊക്കെ തന്നെയും ഏകദിന ക്രിക്കറ്റിൽ വലിയ പരാജയമായി സൂര്യകുമാർ മാറിയിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ സംഹാരം തുടരുമ്പോഴും ഏകദിന ക്രിക്കറ്റിൽ നിരാശ മാത്രമായിരുന്നു സൂര്യയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് സൂര്യകുമാർ കാഴ്ചവച്ചത്. മത്സരത്തിൽ 49 പന്തുകൾ നേരിട്ട സൂര്യ 50 റൺസ് നേടുകയുണ്ടായി. നിർണായകമായ ഒരു ഇന്നിങ്സ് തന്നെയാണ് ഇന്ത്യക്കായി സൂര്യ കളിച്ചത്. ഇതിനുശേഷം തന്റെ ഇന്നിംഗ്സിനെ പറ്റി സൂര്യ സംസാരിക്കുകയുണ്ടായി.
ഏകദിന ഫോർമാറ്റ് അനുസരിച്ച് തന്റെ മത്സരത്തിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് സൂര്യകുമാർ യാദവ് പറഞ്ഞത്. “ഏകദിന ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ സമയം തൊട്ട് ഇത്തരമൊരു ഇന്നിംഗ്സാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്. മത്സരത്തിലുടനീളം ബാറ്റ് ചെയ്യാനും മത്സരം ഫിനിഷ് ചെയ്യാനുമാണ് ഞാൻ ശ്രമിച്ചത്. എന്നാൽ നിർഭാഗ്യവശാൽ ഫിനിഷിംഗ് സാധ്യമായില്ല.
എന്നിരുന്നാലും മത്സരഫലം വലിയ സന്തോഷം നൽകുന്നുണ്ട്. ഏകദിന ക്രിക്കറ്റിൽ എനിക്ക് എന്ത് സംഭവിച്ചു എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടിരുന്നു. ടീം അംഗങ്ങളും ബോളർമാരുമെല്ലാം എന്റെ മോശം ഫോമിൽ അത്ഭുതപ്പെട്ടിരുന്നു.”- സൂര്യകുമാർ യാദവ് പറഞ്ഞു.
“പിന്നീട് ഞാൻ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. ഏകദിന ക്രിക്കറ്റിൽ ഞാൻ അല്പം തിടുക്കം കാട്ടിയിരുന്നതായി. അത് എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ മത്സരത്തിൽ പതിയെ കളിക്കാനാണ് ഞാൻ ശ്രമിച്ചത്. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിക്കുന്നതിൽ പരിശ്രമിച്ചു.
ഇത് ആദ്യമായാണ് ഒരു സ്വീപ്പ് ഷോട്ട് കളിക്കാതെ ഞാൻ ഇന്നിംഗ്സ് അവസാനിപ്പിക്കുന്നത് എന്നെനിക്ക് തോന്നുന്നു. മത്സരത്തിൽ ഓപ്പണർമാരുടെ ബാറ്റിംഗ് വളരെ ആസ്വാദകരമായിരുന്നു. ഇത്തരത്തിൽ തന്നെ ഇനിയും മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. മത്സരത്തിലുടനീളം ബാറ്റ് ചെയ്യണം. മാത്രമല്ല ടീമിനായി മത്സരം വിജയിക്കാൻ ശ്രമിക്കണം.”- സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.
മത്സരത്തിൽ നിർണായകമായ സമയത്തായിരുന്നു സൂര്യകുമാർ യാദവ് ക്രീസിൽ എത്തിയത്. തുടർച്ചയായി ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടമായ സമയത്ത് ക്രീസിലെത്തിയ സൂര്യയ്ക്ക് മുൻപിൽ വലിയൊരു ലക്ഷ്യം തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ അതിവിദഗ്ധമായ രീതിയിൽ ഓസ്ട്രേലിയൻ ബോളിങ്ങിനെ നേരിടാൻ സൂര്യകുമാറിന് സാധിച്ചു. മത്സരത്തിൽ 49 പന്തുകളിൽ നിന്ന് 5 ബൗണ്ടറികളും ഒരു സിക്സറുമടക്കം 50 റൺസാണ് സൂര്യകുമാർ നേടിയത്. ഇത് ഇന്ത്യക്ക് മത്സരത്തിലെ വിജയത്തിന് വലിയ പ്രചോദനമായി മാറി.