ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലെത്തിച്ച ഒന്നു തന്നെയായിരുന്നു ഐപിഎൽ 2023 ഫൈനൽ. രവീന്ദ്ര ജഡേജ അവസാന പന്തിൽ മോഹിത് ശർമയ്ക്കെതിരെ ബൗണ്ടറി നേടി ചെന്നൈ സൂപ്പർ കിംഗ്സിനെ വിജയത്തിലെത്തിച്ചപ്പോൾ ഇതുവരെ ആരും കാണാത്ത വൈകാരിക നിമിഷങ്ങളാണ് മഹേന്ദ്ര സിംഗ് ധോണിയിൽ നിന്ന് കാണാൻ സാധിച്ചത്. മത്സരം വിജയിപ്പിച്ചതിനുശേഷം ജഡേജ ധോണിയുടെ അടുത്തേക്ക് ഓടി വരികയും, ധോണി ജഡേജയെ എടുത്തു പോക്കുകയുമുണ്ടായി. ധോണി ഇത്രയും വൈകാരികപരമായി ആ സമയത്ത് പെരുമാറുമെന്ന് ആരും കരുതിയില്ല എന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ പറഞ്ഞത്.
“ധോണി ഇത്തരത്തിൽ പെരുമാറുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. മത്സരത്തിൽ റായുഡു മികച്ച ഒരു ഇന്നിംഗ്സ് കളിക്കുകയും, ഇക്വേഷൻ 16 പന്തിൽ 21 എന്ന നിലയിൽ എത്തിക്കുകയും ചെയ്തു. അതിനുശേഷം ധോണി ക്രീസിലെത്തിയെങ്കിലും ആദ്യ പന്തിൽ തന്നെ പുറത്താവുകയാണ് ഉണ്ടായത്. ഒരുപക്ഷേ ധോണി ക്രീസിൽ തുടർന്നിരുന്നെങ്കിൽ അദ്ദേഹം മത്സരം വിജയിപ്പിച്ച ശേഷമേ മടങ്ങുമായിരുന്നുള്ളൂ. മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായതിനു ശേഷം ധോണിയുടെ മനസ്സ് ഒരുപക്ഷേ വിഷമിച്ചിരിക്കണം. തന്റെ ചുമതല നിർവഹിക്കാൻ സാധിക്കാതെ വന്നതിൽ ധോണിയ്ക്ക് വിഷമം ഉണ്ടായിരുന്നു. മാത്രമല്ല ഇത്ര അടുത്തെത്തിയിട്ടും മറ്റൊരു കിരീടം കൂടി നഷ്ടമാകുമോ എന്ന ആശങ്കയും ധോണിക്ക് ഉണ്ടായിരിക്കണം. എന്നിരുന്നാലും ജഡേജ ക്രീസിൽ തുടരുന്ന അത്രയും സമയം ഞങ്ങൾക്ക് സാധ്യതകൾ ഉണ്ടായിരുന്നു. കാരണം ജഡേജ വലിയ മത്സരങ്ങളിലെ കളിക്കാരനാണ്. എല്ലാവർക്കും അയാളുടെ കഴിവുകളെ പറ്റി അറിയാം.”- വിശ്വനാഥൻ പറഞ്ഞു.
“മത്സരത്തിന്റെ അവസാന രണ്ടു പന്തുകളിൽ 10 റൺസ് വിജയിക്കാൻ വേണമായിരുന്നു. അത് വളരെ പ്രയാസകരമായ ഇക്വേഷനായിരുന്നു. ആ സാഹചര്യത്തിൽ ആദ്യ പന്തിൽ സിക്സർ നേടുക എന്നതും വളരെ പ്രയാസമേറിയതാണ്. ആ സിക്സറിനു ശേഷമാണ് എല്ലാവർക്കും വിജയപ്രതീക്ഷ വന്നത്. കാരണം അത്തരമൊരു ഷോട്ട് കളിക്കുന്നതോടുകൂടി അവസാന ബോളിൽ സമ്മർദ്ദം പൂർണമായും ബോളറിലേക്ക് എത്തുമായിരുന്നു. മോഹിത് ശർമ ഓവറിലെ ആദ്യ നാല് പന്തുകളും അതിമനോഹരമായിയാണ് എറിഞ്ഞത്. പക്ഷേ ആ സിക്സർ അയാളിൽ സമ്മർദ്ദമുണ്ടാക്കി. അതിനുശേഷം അയാളിൽ നിരാശ ദൃശ്യമായിരുന്നു. അടുത്ത പന്ത് ലെഗ് സ്റ്റമ്പിന് പുറത്തുവരികയും, ജഡേജ അത് വളരെ മികച്ച രീതിയിൽ ബൗണ്ടറി കടത്തുകയും ചെയ്തു. ചെന്നൈയെ സംബന്ധിച്ച് അതൊരു സ്വപ്നതുല്യമായ നിമിഷമായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം ധോണി അത്രമാത്രം വൈകാരികപരമായി ആ സമയത്ത് പെരുമാറിയത്.”- വിശ്വനാഥൻ കൂട്ടിച്ചേർത്തു.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഐപിഎൽ ചരിത്രത്തിലെ അഞ്ചാം കിരീടമാണ് 2023 സീസണിൽ നേടിയത്. ഈ അഞ്ചു കിരീടവും ധോണിയുടെ നായകത്വ മികവിലാണ് ചെന്നൈ സ്വന്തമാക്കിയത്. ടൂർണമെന്റ് ആരംഭിക്കുന്ന സമയത്ത് ചെന്നൈയുടെ ബോളിങ് നിരയെയും ചെന്നൈ താരങ്ങളുടെ പ്രായത്തെയും പരിഹസിച്ചിരുന്ന വിമർശനങ്ങൾക്ക് കിട്ടിയ മറുപടി തന്നെയായിരുന്നു ഈ വിജയം. എന്തായാലും മഹേന്ദ്ര സിംഗ് ധോണി അടുത്ത ഐപിഎല്ലിലും കളിക്കാൻ സാധ്യതയുണ്ട് എന്നതിനാൽ ചെന്നൈ ആരാധകരുടെ ആവേശം വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.