ഡെങ്കിയ്ക്ക് ശേഷം 4 കിലോയോളം നഷ്ടമായി. ഫിറ്റ്നസ് വീണ്ടെടുക്കാൻ ബുദ്ധിമുട്ടി. ശുഭമാൻ ഗിൽ പറയുന്നു..

ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ പക്വതയാർന്ന ബാറ്റിംഗ് പ്രകടനമായിരുന്നു ഓപ്പണർ ശുഭ്മാൻ ഗിൽ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. പിന്നീട് കോഹ്ലിയുമൊത്ത് ഒരു തരക്കേടില്ലാത്ത കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഗില്ലിന് സാധിച്ചു. മത്സരത്തിൽ 92 പന്തുകളിൽ 92 റൺസാണ് ഗിൽ നേടിയത്.

11 ബൗണ്ടറികളും രണ്ട് സിക്സറുകളും ഗില്ലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. എന്നിരുന്നാലും അർഹതപ്പെട്ട സെഞ്ച്വറി സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചില്ല. പക്ഷേ മത്സരത്തിൽ ഇന്ത്യയെ ഒരു ശക്തമായ നിലയിൽ എത്തിക്കുന്നതിൽ വലിയ പങ്കുതന്നെ ഗിൽ വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മത്സരത്തിലെ ഇന്ത്യയുടെ വിജയത്തെപ്പറ്റിയും തന്റെ ഇന്നിങ്സിനെ പറ്റിയും ഗിൽ സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ സിറാജിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടാണ് ഗിൽ സംസാരിച്ചു തുടങ്ങിയത്. “ഞങ്ങളുടെ പേസ് ബോളർമാർ ബോൾ ചെയ്യുന്ന രീതി വെച്ച് ഞങ്ങളെല്ലായിപ്പോഴും വിക്കറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്. ഇതിൽ സിറാജാണ് പലപ്പോഴും തീയായി മാറാറുള്ളത്. പേസർമാരൊക്കെയും വളരെ കൃത്യത പാലിക്കുന്നു. ഞങ്ങൾ ബാറ്റർമാരെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ അനായാസമാക്കുന്നത് അവരുടെ പ്രകടനമാണ്.”- ശുഭമാൻ ഗില്‍ പറയുകയുണ്ടായി. ഒപ്പം തന്റെ മത്സരത്തിലെ ബാറ്റിംഗ് പ്രകടനത്തെപറ്റിയും ഗിൽ സംസാരിച്ചു. താൻ അങ്ങനെ പെട്ടെന്ന് പരിഭ്രാന്തിയിലാകുന്ന ബാറ്ററല്ലെന്നും, മികച്ച തുടക്കങ്ങൾ സ്വന്തമായി ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും ഗിൽ പറഞ്ഞു.

ഡെങ്കിപ്പനിക്ക് ശേഷം വളരെ വേഗത്തിൽ ടീമിലേക്ക് തിരികെയെത്തിയതിനാൽ തന്നെ കുറച്ച് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു എന്ന് ഗിൽ പറയുകയുണ്ടായി. “ഞാൻ പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുക്കാൻ ബുദ്ധിമുട്ടിയിരുന്നു. ഡെങ്കി പിടിപെട്ടതിനു ശേഷം എനിക്ക് 4 കിലോയോളം കുറയുകയുണ്ടായി. മത്സരത്തിൽ ഏറ്റവും മികച്ച രീതിയിൽ ബോളുകളെ നേരിടാനാണ് ഞാൻ ശ്രമിച്ചത്.

ചില ബോളുകൾ സീം ചെയ്യുന്നുണ്ടായിരുന്നു. കൃത്യമായ ഏരിയകളിൽ വരുന്ന പന്തുകൾക്ക് പിച്ചിൽ നിന്ന് സഹായം ലഭിച്ചിരുന്നു. അതിനാൽ തന്നെ ബോളർമാരിൽ സമ്മർദ്ദം ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. കഴിഞ്ഞ മത്സരങ്ങളൊക്കെയും പരിശോധിക്കുകയാണെങ്കിൽ, ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൊഴികെ എല്ലായിപ്പോഴും എനിക്ക് തുടക്കങ്ങൾ ലഭിച്ചിരുന്നു.”- ഗിൽ കൂട്ടിച്ചേർക്കുന്നു.

“ചില സമയങ്ങളിൽ നമ്മൾ മികച്ച ഷോട്ടുകൾ കളിക്കുകയും അത് ഫീൽഡർമാരുടെ കൈകളിൽ എത്തുകയും ചെയ്യും. ഇന്ന് ഞങ്ങൾ ശ്രമിച്ചത് പരമാവധി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാണ്. ഇതൊരു 400 റൺസ് നേടാൻ പറ്റുന്ന വിക്കറ്റാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. മത്സരത്തിൽ 350 റൺസ് സ്വന്തമാക്കുന്നതിനായി ഞങ്ങൾ വളരെ നന്നായി ബാറ്റ് ചെയ്തിട്ടുണ്ട്. ശ്രേയസ് അയ്യരായിരുന്നു ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട താരം. അവൻ അവസാന ഓവറുകളിൽ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. മുഹമ്മദ് ഷാമിയുടെ മത്സരത്തിലെ പ്രകടനവും എടുത്തു പറയേണ്ടതാണ്.”- ഗിൽ പറഞ്ഞു വെക്കുന്നു