എനിക്ക് ആക്രമിക്കാനും അറിയാം, വേണ്ടി വന്നാൽ കരുതലോടെ കളിക്കാനും അറിയാം.. രോഹിത് ശർമ പറയുന്നു..

ഈ ലോകകപ്പിലുടനീളം വളരെ ആക്രമണപരമായി തന്നെയാണ് രോഹിത് ശർമ കളിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഓപ്പണറായ രോഹിത് ആദ്യ പന്ത് മുതൽ എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. താൻ ഏതുവിധത്തിൽ മത്സരത്തിൽ കളിക്കണമെന്ന് തനിക്ക് വ്യക്തതയുണ്ട് എന്ന് രോഹിത് ശർമ പറയുകയുണ്ടായി.

ഏകദിന ലോകകപ്പിന്റെ ഫൈനലിന് മുൻപുള്ള വാർത്ത സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. ഏകദിന ലോകകപ്പിലുടനീളം ഈ രീതിയിൽ കളിക്കാനാണ് ആഗ്രഹിച്ചതെന്നും, എങ്കിലും ഈ രീതി പരാജയപ്പെട്ടിരുന്നുവെങ്കിൽ തന്റെ പദ്ധതികൾ മാറ്റിയേനെ എന്നും രോഹിത് പറഞ്ഞു. ഇതോടൊപ്പം രാഹുൽ ദ്രാവിഡിനായി ഈ കിരീടം തങ്ങൾ സ്വന്തമാക്കുമെന്നും രോഹിത് പറയുകയുണ്ടായി.

“ഇത്തവണത്തെ ലോകകപ്പ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ഇത്തരത്തിൽ വെടിക്കെട്ട് രീതിയിൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന കാര്യം എനിക്ക് ഉറപ്പില്ലായിരുന്നു. എന്നാൽ ഒരു മത്സരത്തിൽ ഞാൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നാൽ അടുത്ത മത്സരത്തിൽ അത് തുടരണം എന്ന് ആഗ്രഹിച്ചു.”

” അഥവാ അത് വിജയിച്ചില്ലെങ്കിൽ പകരം മറ്റൊരു പ്ലാൻ കൂടി എനിക്കുണ്ടായിരുന്നു. എന്താണ് ടീമിന് ആവശ്യം എന്നതിനും പ്രാധാന്യമുണ്ട്. ഞാൻ ഇന്നിംഗ്സ് ആരംഭിക്കുന്ന താരമാണ്. എനിക്ക് മത്സരത്തിൽ സ്വയം പ്രകടിപ്പിക്കാൻ കുറച്ച് സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്.”- രോഹിത് ശർമ പറഞ്ഞു.

“ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിലാണ് എനിക്ക് എന്റെ സമീപനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നത്. അത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഞങ്ങൾക്ക് കുറച്ച് വിക്കറ്റ് നഷ്ടമായിരുന്നു. അതിനാൽ എന്റെ ആക്രമണപരമായ രീതിയിൽ മാറ്റം വരുത്തേണ്ടി വന്നു. ഇനിയും മത്സരങ്ങളിൽ തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായാൽ ഞാൻ ആ രീതി തുടരാനാണ് ശ്രമിക്കുന്നത്. ഒരു ഇന്ത്യൻ ബാറ്റർ എന്ന നിലയിൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് നല്ല വ്യക്തതയുണ്ട്.”- രോഹിത് കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വിജയത്തിൽ രാഹുൽ ദ്രാവിഡിന്റെ റോളിനെ പറ്റിയും രോഹിത് സംസാരിച്ചിരുന്നു. “ദുർഘടമായ സാഹചര്യത്തിൽ കളിക്കാരോടൊപ്പം നിന്നിട്ടുള്ള ആളാണ് രാഹുൽ ദ്രാവിഡ്. പ്രത്യേകിച്ച് ട്വന്റി20 ലോകകപ്പ് സമയത്ത്. അന്ന് ഇന്ത്യ സെമിഫൈനലിൽ പരാജയപ്പെടുന്നത് വരെ വളരെ മികച്ച പ്രകടനങ്ങൾ ആയിരുന്നു പുറത്തെടുത്തത്. അന്ന് സാഹചര്യങ്ങൾക്ക് അനുസൃതമായി പെരുമാറാനും കളിക്കാർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കാനും രാഹുൽ ദ്രാവിഡ് മുൻപിൽ ഉണ്ടായിരുന്നു. ഈ ലോകകപ്പിലും നല്ല സാന്നിധ്യം രാഹുലിൽ നിന്നുണ്ടായിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിനായി ഞങ്ങൾക്ക് ഈ കിരീടം ഉയർത്തണം.”- രോഹിത് പറഞ്ഞു വെക്കുന്നു.

Previous articleഫൈനലിൽ ഇന്ത്യ തന്നെ ഫേവറൈറ്റുകൾ. കിരീടം സ്വന്തമാക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് രവി ശാസ്ത്രി
Next articleടോസ് ഭാഗ്യം ഓസ്ട്രേലിയക്ക്. ഇന്ത്യന്‍ നിരയില്‍ മാറ്റമില്ലാ.