ലോകോത്തര പേസര്‍മാര്‍ക്കെതിരെ മികവ് പുലര്‍ത്തിയ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പാക്കിസ്ഥാന്‍ താരവും ഇതിഹാസ പേസറുമായ ഷോയീബ് അക്തറുമായി തീപാറും പോരാട്ടം നടന്നിട്ടുണ്ട്. ഇപ്പോഴിതാ ആ സംഭവങ്ങളെപ്പറ്റി ഓര്‍ത്തെടുക്കുകയാണ് അക്തര്‍. 2006 ല്‍ ഇന്ത്യയുടെ പാക്കിസ്ഥാന്‍ ടൂറിനിടെ നടന്ന സംഭവമാണ് സ്പോര്‍ട്സ്കീഡയമായുള്ള ചാറ്റിനിടെ അക്തര്‍ ഓര്‍ത്തെടുത്തത്.
കറാച്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റായിരുന്നു അത്. സച്ചിനെ പുറത്താക്കാനല്ലാ, അന്ന് പരിക്കേല്‍പ്പിക്കാനായിരുന്നു തന്‍റെ ലക്ഷ്യമെന്ന് അക്തര്‍ വെളിപ്പെടുത്തി. “ഞാൻ ഇതാദ്യമായാണ് ഇത് വെളിപ്പെടുത്തുന്നത്. ആ ടെസ്റ്റ് മത്സരത്തിൽ സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ ഞാൻ മനഃപൂർവ്വം ആഗ്രഹിച്ചിരുന്നു. എന്ത് വിലകൊടുത്തും ആ ടെസ്റ്റിൽ സച്ചിനെ മുറിവേൽപ്പിക്കണമെന്ന് ഞാൻ നിശ്ചയിച്ചു. ”
“വിക്കറ്റുകൾക്ക് മുന്നിൽ എറിയാനാണ് ഇൻസമാം ആവശ്യപ്പെട്ടത്, പക്ഷേ എനിക്ക് സച്ചിനെ മുറിവേല്‍പ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞാൻ അവന്റെ ഹെൽമെറ്റിൽ കൊള്ളിച്ചു, അവൻ തീർന്നുവെന്ന് എനിക്ക് തോന്നി. എന്നാൽ വീഡിയോ കണ്ടപ്പോൾ സച്ചിൻ തല രക്ഷിച്ചതായാണ് ഞാൻ കണ്ടത്,” അക്തർ പറഞ്ഞു.
പരിക്കേല്‍പ്പിക്കാനുള്ള എന്‍റെ ശ്രമം തുടര്‍ന്നപ്പോള്‍ മറുവശത്ത് ആസീഫിന്‍റെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ലാ. “ആ ദിവസത്തില്‍ ആസിഫ് ബൗൾ ചെയ്തതുപോലെ മികച്ച രീതിയിൽ ആരെങ്കിലും പന്തെറിയുന്നത് ഞാൻ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ,” അക്തര്‍ ഓര്‍ത്തെടുത്തു.
ഇര്‍ഫാന്‍ പത്താന്‍റെ പ്രസിദ്ധമായ ആദ്യ ഓവര്‍ ഹാട്രിക്ക് പിറന്ന മത്സരമായിരുന്നു ഇത്. മത്സരത്തില്‍ സച്ചിന്‍ ആദ്യ ഇന്നിംഗ്സില്‍ 23 ഉം രണ്ടാം ഇന്നിംഗ്സില്‍ 26 റണ്‍സുമാണ് നേടിയത്. മത്സരത്തില്‍ പാക്കിസ്ഥാന്‍ 341 റണ്‍സിനു വിജയിച്ചു.