നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന താരമാണ് ലോകേഷ് രാഹുൽ. ഓപ്പണർ എന്നുള്ള നിലയിലും മിഡിൽ ഓർഡറിലും എല്ലാം തിളങ്ങുന്ന രാഹുൽ ഭാവി ഇന്ത്യൻ ക്യാപ്റ്റനുമാണ്. ഏകദിന ഉപനായകനായി രാഹുൽ എത്തിയേക്കും എന്നുള്ള വാർത്തകൾ സജീവമാകവേ താരത്തെ കുറിച്ചുള്ള ചില ആശങ്കകൾ പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരവും നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനുമായ ലക്ഷ്മൺ.
രാഹുൽ നിലവിൽ ഇന്ത്യൻ ടീമിന്റെ സൂപ്പര്‍ താരമാണെന്ന് പറഞ്ഞ ലക്ഷ്മൺ ചില പ്രശ്നങ്ങൾ എനിക്ക് ഇപ്പോഴും രാഹുൽ ബാറ്റിങ്ങിൽ തോന്നാറുണ്ടെന്നും പറഞ്ഞു. “ടെസ്റ്റ് കുപ്പായത്തിൽ ഗംഭീരമായ തിരിച്ച് വരവ് നടത്തിയ ഒരു ബാറ്റ്‌സ്മാനാണ് ലോകേഷ് രാഹുൽ. രോഹിത് ശർമ്മ കൂടി പരിക്കേറ്റ സാഹചര്യത്തിൽ മായങ്കിനും ഒപ്പം രാഹുൽ തിളങ്ങുമെന്നാണ് നമ്മൾ എല്ലാം പ്രതീക്ഷിക്കുന്നത്.ആക്രമണ ശൈലിയിൽ തന്റെ സ്വതസിദ്ധമായ പല ഷോട്ടുകൾ കളിക്കാനും രാഹുലിന് സാധിക്കും. കൂടാതെ റൺസ് നേടാൻ വളരെ അധികം ആവേശം നമുക്കെല്ലാം രാഹുലിൽ കാണുവാൻ സാധിക്കും.”മുൻ താരം വാചാലനായി.
അതേസമയം സൗത്താഫ്രിക്കയിലെ പോലെ പേസും ബൗൺസുമുള്ള വളരെ ബുദ്ധിമുട്ടേറിയ പിച്ചകളിൽ റൺസ് നേടാൻ ബാറ്റ്‌സ്മാൻ വിയർക്കുമെന്നാണ് ലക്ഷ്മണിന്‍റെ അഭിപ്രായം. “രാഹുൽ മുൻപ് ഇംഗ്ലണ്ടിൽ ഓഫ് സ്റ്റമ്പിന് വെളിയിൽ കൂടി പോകുന്ന പന്തുക്കളെ ക്ഷമയോടെ കളിച്ച മികവ് നാം കണ്ടതാണ്.സൗത്താഫ്രിക്കൻ മണ്ണിലും നമ്മൾ അത് ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ഇത്തരം വിക്കറ്റുകളിൽ ഓഫ് സ്റ്റമ്പ് എവിടെയെന്നുള്ള ബോധ്യം കൂടി ബാറ്റ്‌സ്മാനുണ്ടാകണം “ലക്ഷ്മൺ തന്റെ അഭിപ്രായം വിശദമാക്കി.