ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം നാളെ ആരംഭിക്കുകയാണ്. കരുത്തുറ്റ ദക്ഷിണാഫ്രിക്കെതിരെ അവരുടെ മണ്ണിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ഒരുപാട് വെല്ലുവിളികൾ നിലനിൽക്കുന്നു എന്നത് വാസ്തവമാണ്. എന്നിരുന്നാലും സമീപകാലത്ത് ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങൾ അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
പ്രധാനമായും ദക്ഷിണാഫ്രിക്കൻ പിച്ചുകളിലെ പേസും ബൗൺസുമാവും മത്സരഫലത്തെ നിർണയിക്കുക. നിലവിൽ ദക്ഷിണാഫ്രിക്കയ്ക്ക് റബാഡാ, യാൻസൺ, കോട്ട്സെ തുടങ്ങിയ പേസർമാരുണ്ട്. ഇതിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ പേസർ കോട്ട്സെ ഇപ്പോൾ.
വിരാട് കോഹ്ലിയും രോഹിത് ശർമയും മികച്ച താരങ്ങളാണെങ്കിലും അവരെ വീഴ്ത്താനുള്ള തന്ത്രങ്ങൾ താൻ മെനയുന്നുണ്ട് എന്നാണ് കോട്ട്സെ പറഞ്ഞിരിക്കുന്നത്. “രോഹിത് ശർമയും വിരാട് കോഹ്ലിയും ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ബാറ്റർമാരാണ്. ഇരുവരും വലിയ താരങ്ങൾ തന്നെയാണ്. അതിനാൽ തന്നെ വലിയ നിലവാരത്തിലുള്ള പോരാട്ടം തന്നെയാവും ടെസ്റ്റ് പരമ്പരയിൽ നടക്കുന്നത്. പക്ഷേ ഇത്തരത്തിലുള്ള വെല്ലുവിളികൾ ഞാൻ ആസ്വദിക്കാറുണ്ട്. മത്സരത്തിൽ ഇരുവരെയും പുറത്താക്കാനുള്ള തന്ത്രങ്ങൾ ഞങ്ങൾ മെനഞ്ഞു കഴിഞ്ഞു”- കോയെറ്റ്സി പറയുന്നു.
“ഞാൻ എല്ലായിപ്പോഴും മത്സരബുദ്ധിയോടെ തന്നെ കാര്യങ്ങളെ സമീപിക്കുന്ന ആളാണ്. അതിനാൽ തന്നെ ഉയർന്ന ലെവലിൽ എനിക്ക് എന്നെ തന്നെ പരീക്ഷിക്കാനുള്ള ഒരു അവസരമാണ് വന്നിരിക്കുന്നത്. എന്നാൽ കോഹ്ലിയെയും രോഹിത്തിനെയും സംബന്ധിച്ച് അവർക്ക് ഇതൊന്നും പുതിയ കാര്യമല്ല. അവർ ക്ലാസ് ബാറ്റർമാർ തന്നെയാണ്. പക്ഷേ എനിക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും.”- കോട്ട്സെ പറയുകയുണ്ടായി. ഒപ്പം ദക്ഷിണാഫ്രിക്കയുടെ മുൻ ബോളറായ സ്റ്റെയിനുമായി സമയം ചിലവഴിക്കാൻ സാധിച്ചതും തനിക്ക് ഗുണം ചെയ്യും എന്നാണ് കോട്ട്സെ പറയുന്നത്.
“എന്റെ ക്രിക്കറ്റിലെ ഹീറോ ഡെയ്ൽ സ്റ്റെയിൻ ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ വളരെ മോശം അവസ്ഥയിലൂടെ ഞാൻ കടന്നു പോകുന്ന സമയത്ത് എനിക്ക് അദ്ദേഹത്തെ കണ്ടുമുട്ടാനും സംസാരിക്കാനും സാധിച്ചു. അദ്ദേഹം എനിക്ക് ഒരുപാട് സഹായങ്ങളും ചെയ്തു തന്നു. ഞങ്ങൾ ഒരുമിച്ച് ചായ കുടിച്ചു.”
:അദ്ദേഹവുമായി വളരെ മികച്ച ബന്ധമാണ് ഞാൻ പുലർത്തിയിട്ടുള്ളത്. ഭാവിയിൽ അദ്ദേഹത്തിന്റെ കീഴിൽ കളിക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- കോട്ട്സെ പറഞ്ഞു വയ്ക്കുന്നു. എന്തായാലും ടെസ്റ്റ് പരമ്പര വളരെ ആവേശം നിറഞ്ഞതായിരിക്കും എന്നാണ് കോയെറ്റ്സിയുടെ അഭിപ്രായം. രോഹിത് ശർമയും ജൈസ്വാളും ഗില്ലും കോഹ്ലിയും ശ്രേയസ് അയ്യരുമൊക്കെ മികച്ച പ്രകടനങ്ങൾ നടത്തുമെന്നും കോട്ട്സെ പറഞ്ഞു.