2023 ഏകദിന ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനം തന്നെയായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോടും രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനോടും കൂറ്റൻ വിജയം തന്നെ ഇന്ത്യ സ്വന്തമാക്കുകയുണ്ടായി. ബാറ്റിങ്ങിലും ബോളിങ്ങിലും ശക്തമായ പ്രകടനം പുറത്തെടുത്തായിരുന്നു ഇന്ത്യയുടെ വിജയം.
അതിനാൽ പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിലും ഇന്ത്യ വിജയം നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഈ സമയത്ത് ഇന്ത്യയെ നിരാശയിലാക്കുന്ന ഒരു കാര്യം ശുഭമാൻ ഗില്ലിന്റെ പരിക്കാണ്. ഡെങ്കിപ്പനിയുടെ പിടിയിലായിരുന്ന ഗിൽ ടീമിലേക്ക് തിരികെ എത്താനുള്ള ശ്രമത്തിലാണ്. ഗില്ലിന് ഈ സമയത്ത് താൻ നൽകിയ പ്രചോദനത്തെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ തരം യുവരാജ് സിംഗ്.
ഗില്‍ എത്രയും പെട്ടെന്ന് ഇന്ത്യൻ ടീമിൽ തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് യുവരാജ്. “ഞാൻ ശുഭ്മാൻ ഗിലുമായി സംസാരിച്ചിരുന്നു. ഞാൻ അവനെ മാനസികപരമായി കുറച്ചുകൂടി ശക്തിപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് സമയത്ത് ക്യാൻസറിനോട് പോരടിച്ചാണ് ഞാൻ ഇന്ത്യൻ ടീമിൽ കളിച്ചിരുന്നത് എന്ന് ഞാൻ അവനോട് പറഞ്ഞു. അതിനാൽ തന്നെ ടീമിനൊപ്പം എത്രയും പെട്ടെന്ന് ചേരുക എന്നതായിരുന്നു എന്റെ അന്നത്തെ ലക്ഷ്യം. എന്തായാലും പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ശുഭമാൻ തിരികെ ടീമിലെത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- യുവരാജ് പറഞ്ഞു.
“നമുക്ക് ഡെങ്കിപ്പനി ബാധിക്കുന്ന സമയത്ത് ക്രിക്കറ്റ് മത്സരം കളിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. എനിക്കും അത്തരം കാര്യങ്ങളിൽ പരിചിതമാണ്. എന്നിരുന്നാലും ഗിൽ പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്തായാലും അവൻ പാക്കിസ്ഥാനെതിരായ മത്സരത്തിൽ കളിക്കും.”- യുവരാജ് കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം ഇന്ത്യൻ ടീമിന്റെ ആദ്യ രണ്ടു മത്സരങ്ങളിലെ പ്രകടനങ്ങളെ വിലയിരുത്തിയും യുവരാജ് സംസാരിക്കുകയുണ്ടായി. മത്സരങ്ങളിൽ ഇന്ത്യ സമ്മർദ്ദം നിയന്ത്രിച്ച രീതി അതി ഗംഭീരമായിരുന്നു എന്ന് യുവരാജ് പറയുന്നു.
“ആദ്യ മത്സരത്തിൽ ചെറിയ ഇടവേളയിൽ തന്നെ ഒരുപാട് വിക്കറ്റുകൾ നമുക്ക് നഷ്ടമായിരുന്നു. അതിനുശേഷം വളരെ മികച്ച രീതിയിൽ സമ്മർദ്ദം നിയന്ത്രിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. നമ്മുടെ ബോളർമാരും നന്നായി പന്തറിയുന്നുണ്ട്. നമ്മുടെ രാജ്യത്തെ സാഹചര്യങ്ങൾ വളരെ നന്നായി ഉപയോഗിക്കാൻ ടീമിന് സാധിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും നമ്മൾ ആക്രമണപരമായാണ് കളിച്ചിരുന്നത്. രോഹിത് ശർമയുടെ അവിസ്മരണീയ സെഞ്ച്വറി മത്സരം നമ്മുടെ കൈകളിലെത്തിച്ചു. ഇപ്പോൾ നമ്മൾ സാഹചര്യങ്ങളോട് കൂടുതൽ പൊരുത്തപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ സമ്മർദ്ദം നിയന്ത്രിക്കുകയാണെങ്കിൽ സെമിഫൈനൽ പോലെയുള്ള മത്സരങ്ങൾ വരുമ്പോൾ നമുക്ക് കൂടുതൽ മികവ് പുലർത്താൻ സാധിക്കും. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.”- യുവരാജ് പറഞ്ഞു വയ്ക്കുന്നു.