വളരെകാലമായി ന്യൂസിലാൻഡിനായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവച്ച താരമാണ് മാർട്ടിൻ ഗുപ്റ്റിൽ. ഇന്ത്യക്കെതിരെ പലപ്പോഴും വളരെ മികച്ച പ്രകടനങ്ങളാണ് ഗുപ്റ്റിൽ പുറത്തെടുത്തിരിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ പറ്റിയാണ് ഗുപ്റ്റിൽ സംസാരിച്ചിരിക്കുന്നത്. ഇപ്പോൾ താൻ ഇന്ത്യയെ വെറുക്കുന്നുവെന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ നിന്ന് മാന്യമല്ലാത്ത പെരുമാറ്റം തനിക്കെതിരെ ഉണ്ടായിട്ടുണ്ട് എന്നുമാണ് ഗുപ്റ്റിൽ പറയുന്നത്.
2019 ഏകദിന ലോകകപ്പിന് ശേഷം തനിക്ക് ഒരുപാട് വിദ്വേഷ ഈമെയിലുകൾ ലഭിക്കുന്നുണ്ട് എന്നാണ് ഗുപ്റ്റിൽ കൂട്ടിച്ചേർക്കുന്നത്. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു ന്യൂസിലാൻഡ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഈ മത്സരത്തിന് നടന്ന ഒരു സംഭവത്തിന്റെ പേരിലാണ് ഗുപ്റ്റിലിനെ ഇപ്പോഴും ഇന്ത്യൻ ആരാധകർ വേട്ടയാടുന്നത്.
മത്സരത്തിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്നത് മഹേന്ദ്ര സിംഗ് ധോണിയായിരുന്നു. മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയെ വിജയത്തിലെത്തിക്കും എന്ന് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ നിർണായകമായ സമയത്ത് ഗുപ്റ്റിൽ ധോണിയെ റൺഔട്ട് ആക്കുകയാണ് ഉണ്ടായത്. അതോടെ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയും ലോകകപ്പിൽ നിന്ന് പുറത്താകുകയും ചെയ്തു. ഇതിന് ശേഷം ഇന്ത്യൻ ആരാധകരിൽ നിന്ന് തനിക്ക് ഒരുപാട് അധിക്ഷേപ മെസ്സേജുകൾ വരുന്നുണ്ട് എന്ന് ഗുപ്റ്റിൽ വെളിപ്പെടുത്തുകയുണ്ടായി. 2023ലെ ലെജൻഡ് ലീഗ് ക്രിക്കറ്റിന്റെ ഇടവേളയിൽ സംസാരിക്കുകയായിരുന്നു ഗുപ്റ്റിൽ.
“2019 സെമിഫൈനൽ മത്സരത്തിൽ വളരെ വേഗത്തിൽ സംഭവിച്ച ഒരു കാര്യമായിരുന്നു അത്. അന്ന് പന്ത് എന്റെ മുൻപിലേക്ക് വരുന്നത് മാത്രമാണ് ഞാൻ കണ്ടത്. കൃത്യമായ സമയത്ത് ത്രോ എറിയാൻ എനിക്ക് സാധിച്ചു. പക്ഷേ പന്ത് സ്റ്റമ്പിൽ കൊള്ളുമെന്ന് ഞാൻ കരുതി പോലുമില്ല. എന്നാൽ മഹേന്ദ്ര സിംഗ് ധോണി റൺഔട്ടായി. ഈ ഒരു മത്സരത്തിന് ശേഷമാണ് ഇന്ത്യയിലെ ആരാധകർ പൂർണമായും എന്നെ വെറുത്തത്. എനിക്ക് ഒരുപാട് വിദ്വേഷ ഇമെയിലുകൾ ഇന്ത്യൻ ആരാധകരിൽ നിന്ന് ലഭിക്കുകയും ചെയ്തു.”- ഹിന്ദുസ്ഥാൻ ടൈംസിനോട് ഗുപ്റ്റിൽ പറഞ്ഞു.
എന്നാൽ ഇതേ സംബന്ധിച്ച് മറ്റു താരങ്ങളൊന്നും തന്നെ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയത് 239 എന്ന വിജയലക്ഷ്യമായിരുന്നു. ഇത് പിന്തുടർന്നിറങ്ങിയ ഇന്ത്യ 229 റൺസിന് മത്സരത്തിൽ ഓൾഔട്ട് ആവുകയായിരുന്നു. ഇന്ത്യയുടെ മുൻനിര ബാറ്റർമാരൊക്കെയും വളരെ നിരാശാജനകമായ പ്രകടനം പുറത്തെടുത്തതാണ് മത്സരത്തിലെ പരാജയത്തിന് കാരണമായത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത് ജഡേജയും ധോണിയും മാത്രമായിരുന്നു.