2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ വിജയിക്കണമെങ്കിൽ രോഹിതും കോഹ്ലിയും ടീമിലുണ്ടാവണം. ലാറ പറയുന്നു.

virat kohli bowling

2024ൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിൽ അണിനിരക്കണമെന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ലാറ. നിലവിൽ ഇന്ത്യയ്ക്ക് ശക്തമായ ഒരു ട്വന്റി20 ടീമുണ്ടെന്നും,അതിനൊപ്പം ഈ സീനിയർ താരങ്ങളുടെ അനുഭവസമ്പത്ത് കൂടിയെത്തുമ്പോൾ ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി മാറുമെന്നും ലാറ പറഞ്ഞു.

രോഹിത് ശർമയേയും വിരാട് കോഹ്ലിയേയും പോലെയുള്ള കളിക്കാരെ യാതൊരു തരത്തിലും ഒഴിവാക്കാൻ സാധിക്കില്ലയെന്നും ലാറ പറയുകയുണ്ടായി. 2022ലെ ട്വന്റി20 ലോകകപ്പിന് ശേഷം ഇതുവരെ കോഹ്ലിയും രോഹിത് ശർമയും ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങളിൽ അണിനിരന്നിട്ടില്ല. ഇരുവരുടെയും അഭാവത്തിൽ യുവതാരങ്ങളാണ് ഇന്ത്യയുടെ ട്വന്റി20 ടീമിൽ കളിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലാറയുടെ പ്രസ്താവന.

അനുഭവസമ്പത്ത് എന്നതിന് പകരം വയ്ക്കാൻ നമുക്ക് ഒന്നുകൊണ്ടും സാധിക്കില്ല എന്നാണ് ലാറ പറയുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് താൻ വിരാട് കോഹ്ലിയെയും രോഹിത് ശർമയേയും പിന്തുണയ്ക്കുന്നത് എന്നും ലാറ കൂട്ടിച്ചേർത്തു. “ഇന്ത്യ ട്വന്റി20 ലോകകപ്പിനായി ഏത് ടീം തിരഞ്ഞെടുത്താലും അത് വളരെ കണക്കുകൂട്ടലുകളുടെ തന്നെയായിരിക്കണം.

കളിക്കാരുടെ അനുഭവസമ്പത്ത് നമുക്ക് പകരം വയ്ക്കാൻ സാധിക്കില്ല. വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യയ്ക്ക് നൽകുന്നത് ഒരുപാട് അനുഭവ സമ്പത്ത് തന്നെയാണ്. അവർക്ക് കരീബിയൻ സാഹചര്യങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുണ്ട്. അവർ ഒരുപാട് മത്സരങ്ങൾ അവിടെ കളിച്ചിട്ടുണ്ട്.”- ലാറ പറയുന്നു.

Read Also -  ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വീണ്ടും തോൽവി.. ബംഗ്ലാദേശിന് മുമ്പിൽ മുട്ടുമടക്കിയത് 2 വിക്കറ്റുകൾക്ക്..

“രോഹിത്തിനും കോഹ്ലിയ്ക്കും അവരുടേതായ ഭാവികൾ തീരുമാനിക്കാൻ സാധിക്കും. എന്നാൽ ഞാൻ കരുതുന്നത് ഇരുവരെയും പോലെയുള്ള ഇതിഹാസ കളിക്കാർ ഇപ്പോഴും മത്സരത്തിൽ ശ്രദ്ധിക്കുന്നുണ്ട് എന്നാണ്. ഇന്ത്യൻ ടീമിന് എന്താണ് വേണ്ടത് എന്ന് ഏറ്റവും നന്നായി അറിയാവുന്നത് കോഹ്ലിക്കും രോഹിത് ശർമയ്ക്കുമാണ്. എങ്ങനെ മുൻപോട്ടു പോകണമെന്നും കൃത്യമായ സമയങ്ങളിൽ ഏതുതരം തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും ഇരു ബാറ്റർമാർക്കും അറിയാം.”- ലാറ കൂട്ടിച്ചേർക്കുന്നു.

ഇതോടൊപ്പം 2023 ഏകദിന ലോകകപ്പിൽ ഇന്ത്യ നടത്തിയ മികച്ച പ്രകടനങ്ങളെ പറ്റിയും ലാറ സംസാരിക്കുകയുണ്ടായി. “ഇന്ത്യൻ ടീം ഇപ്പോൾ പ്രയാസ സാഹചര്യത്തിലാണ് എന്ന് ഞാൻ കരുതുന്നില്ല. ലോകകപ്പിൽ അവർ അവരുടെ ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെയാണ് പുറത്തെടുത്തത്. ലോകകപ്പിൽ കാണാൻ സാധിച്ചത് പരാജയങ്ങളിൽ നിന്ന് എങ്ങനെ പാഠം ഉൾക്കൊള്ളാം എന്ന ഓസ്ട്രേലിയയുടെ ചിന്തയാണ്.

ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ രണ്ടു മത്സരങ്ങൾ നഷ്ടമായിരുന്നു. ശേഷം എങ്ങനെ കളിക്കണമെന്നും ഏതുതരത്തിൽ പുരോഗതി ഉണ്ടാക്കണമെന്നും ഓസ്ട്രേലിയ കൃത്യമായി തിരിച്ചറിഞ്ഞു.”- ലാറ പറഞ്ഞു വയ്ക്കുന്നു.

Scroll to Top