“ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഞാൻ പരാജയപ്പെട്ടു”, രോഹിത് ശർമ.

ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റ്‌ മത്സരത്തിലും ദയനീയമായ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിന്റെ അവസാന ഇന്നിങ്സിൽ 147 റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയും, മത്സരത്തിൽ ചരിത്ര പരാജയം നേരിടുകയും ചെയ്തു.

ഇതാദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീം ഇന്ത്യൻ മണ്ണിൽ ഇന്ത്യയ്ക്കെതിരെ 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പര തൂത്തുവാരുന്നത്. മാത്രമല്ല ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് നേരിട്ട കനത്ത തിരിച്ചടി തന്നെയാണ് ഈ പരാജയം. മത്സരത്തിൽ 25 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിലെ പരാജയത്തെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

“ഇത്തരത്തിൽ ഒരു ടെസ്റ്റ് മത്സരത്തിൽ പരാജയം നേരിടുക, ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുക എന്നതൊക്കെയും അത്ര അനായാസം അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇതൊന്നും തന്നെ ഒരിക്കലും ദഹിക്കുകയുമില്ല. വീണ്ടും, ഞങ്ങൾക്ക് മെച്ചപ്പെട്ട രീതിയിൽ കളിക്കാൻ സാധിച്ചില്ല. അത് ഞങ്ങൾ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. ന്യൂസിലാൻഡ് ഞങ്ങളെക്കാൾ മികച്ച രീതിയിൽ മത്സരത്തിൽ കളിച്ചു.”

“അതേസമയം ഞങ്ങൾ ഒരുപാട് പിഴവുകൾ വരുത്തി. അതും അംഗീകരിക്കാതിരിക്കാൻ സാധിക്കില്ല. ബാംഗ്ലൂരിലും പൂനെയിലും നടന്ന ടെസ്റ്റ് മത്സരങ്ങളുടെ ആദ്യ ഇന്നിങ്സിൽ വേണ്ട രീതിയിൽ റൺസ് സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മത്സരത്തിൽ പിന്നിലേക്ക് പോയി. എന്നാൽ ഇവിടെ ഞങ്ങൾക്ക് 30 റൺസ് ലീഡ് ലഭിച്ചിരുന്നു.”- രോഹിത് ശർമ പറയുന്നു.

“ആ സമയത്ത് മത്സരത്തിൽ ഞങ്ങൾ മുൻപിലാണ് എന്നാണ് ഞാൻ കരുതിയത്. മാത്രമല്ല വിജയലക്ഷ്യം ഞങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതും ആയിരുന്നു. പക്ഷേ കുറച്ച് മെച്ചപ്പെട്ട രീതിയിൽ കളിക്കേണ്ടതുണ്ടായിരുന്നു. കൃത്യമായി റൺസ് കണ്ടെത്തേണ്ടിയിരുന്നു. അതായിരുന്നു എന്റെ മനസ്സിലും ഉണ്ടായിരുന്നത്. ഇന്ന് ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോഴും അത് എന്റെ മനസ്സിൽ നിറഞ്ഞിരുന്നു. പക്ഷേ വേണ്ട രീതിയിൽ മികവ് പുലർത്താൻ സാധിച്ചില്ല. ഞാൻ ബാറ്റ് ചെയ്യാൻ എത്തുമ്പോൾ പലതരം ആശയങ്ങളാണ് എന്റെ മനസ്സിലുള്ളത്. പക്ഷേ ഈ പരമ്പരയിൽ അതൊന്നും പ്രാവർത്തികമായില്ല. അതെന്നെ ഒരുപാട് നിരാശപ്പെടുത്തുന്നു.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു.

“ഇത്തരം പിച്ചുകളിൽ ഏതുതരത്തിൽ ബാറ്റ് ചെയ്യണമെന്ന് പന്തും ജയസ്വാളും ഗില്ലും കാട്ടിത്തന്നു. മത്സരത്തിനു മുകളിൽ എത്താൻ മൂവർക്കും സാധിച്ചു. കഴിഞ്ഞ 3-4 വർഷങ്ങളായി ഞങ്ങൾ ഇത്തരം പിച്ചുകളിൽ കളിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ഏതുതരത്തിൽ നന്നായി കളിക്കണമെന്ന ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ ഈ പരമ്പരയിൽ അത് വേണ്ട രീതിയിൽ പ്രാവർത്തികമായില്ല. അതാണ് ഞങ്ങളെ ഏറെ വേദനിപ്പിച്ചത്. ഒരു ബാറ്റർ എന്ന നിലയിലും ഒരു നായകൻ എന്ന നിലയിലും എനിക്ക് മികവ് പുലർത്താൻ സാധിച്ചില്ല. അതെന്നെ വേട്ടയാടും. എന്നിരുന്നാലും ഒരു ടീം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്നതാണ് ഈ 3 പരാജയങ്ങൾക്കും പ്രധാന കാരണമായി ഞാൻ കാണുന്നത്.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.

Previous articleറിഷഭ് പന്തിനും രക്ഷിക്കാനായില്ല. തകർന്നടിഞ്ഞ് ഇന്ത്യ. പരമ്പര തൂത്തുവാരി കിവിസ്.