കെ എൽ രാഹുലിന് ഇന്ത്യൻ ടീമിൽ തുടരെ അവസരങ്ങൾ നൽകുന്നത് ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. പല മുൻ താരങ്ങളും രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്ത് വരികയുണ്ടായി. വെങ്കിടേഷ് പ്രസാദ്, ഹർഭജൻസിങ് തുടങ്ങിയവർ ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷം, വിദേശ പിച്ചുകളിലെ റെക്കോർഡിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ രാഹുലിന് വീണ്ടും അവസരങ്ങൾ നൽകുന്നത് എന്ന ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞിരുന്നു.
ഇതിനെതിരെ രാഹുലിന്റെ വിദേശ പിച്ചുകളിലെ കണക്കുകൾ നിരത്തി വെങ്കിടേഷ് പ്രസാദ് രംഗത്ത് വന്നു. ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുന്നത് ഇന്ത്യയുടെ മുൻ താരം ആകാശ് ചോപ്രയാണ്.
രാഹുലിന് പകരം ശുഭമാൻ ഗില്ലിനെ ഇന്ത്യ കളിപ്പിക്കണം എന്ന പ്രസാദിന്റെ അഭിപ്രായത്തെയാണ് ചോപ്ര ചോദ്യം ചെയ്യുന്നത്. “ഗില്ലിന്റെ ഇന്ത്യൻ പിച്ചുകളിലെ പ്രകടനത്തെപ്പറ്റി പ്രസാദ് ഒന്നും പറയുന്നില്ല. ഇന്ത്യൻ പിച്ചുകളിൽ 26 മാത്രമാണ് ഗില്ലിന്റെ ശരാശരി. എന്നിരുന്നാലും ഇതിന്റെ അടിസ്ഥാനത്തില്‍ അയാളെ വിലയിരുത്തരുത് എന്നതാണ് എന്റെ അഭിപ്രായം. കാരണം അയാളൊരു മികച്ച ക്രിക്കറ്ററാണ്. അതുപോലെതന്നെ മറ്റുള്ളവരെയും റെക്കോർഡ് നോക്കി വിലയിരുത്തരുത്.”- ചോപ്ര പറയുന്നു.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ രാഹുലിന്റെ പ്രകടനങ്ങളും ചോപ്ര ഇതിനൊപ്പം ചൂണ്ടിക്കാട്ടുകയുണ്ടായി. 2020 നു ശേഷമുള്ള കണക്കെടുത്താൽ ഈ രാജ്യങ്ങളിൽ ഏറ്റവും മികച്ച ശരാശരിയുള്ള മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്ററാണ് കെഎൽ രാഹുൽ. ഈ രാജ്യങ്ങളിൽ ഏഴു മത്സരങ്ങൾ കളിച്ചിട്ടുള്ള രാഹുലിന്റെ ശരാശരി 38.64 റൺസാണ്. ഇതിൽ രണ്ടു സെഞ്ചുറികളും രണ്ട് അർത്ഥ സെഞ്ചുറികളും ഉൾപ്പെടുന്നു.
ഇക്കാരണങ്ങൾ കൊണ്ടാണ് സെലക്ടർമാരും കോച്ചുമൊക്കെ രാഹുലിനെ പിന്തുണയ്ക്കുന്നത് എന്നാണ് ആകാശ് ചോപ്ര പറഞ്ഞുവരുന്നത്. ഇതോടൊപ്പം തനിക്ക് സെലക്ടറാവാനോ പരിശീലകനാവാനോ ഉപദേശകനാവാനോ ഐപിഎല്ലിൽ മറ്റു പദവികളിൽ എത്താനോ താൽപര്യമില്ലെന്ന് ആകാശ് ചോപ്ര പറയുകയുണ്ടായി.