ശ്രീലങ്കയുടെ ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ വളരെ അവിചാരിതമായ നിമിഷങ്ങളാണ് സംഭവിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ബാറ്റർ ടൈംഡ് ഔട്ടായി പുറത്തായത് മത്സരത്തിൽ ആയിരുന്നു. മത്സരത്തിൽ ശ്രീലങ്കൻ താരം മാത്യൂസാണ് പന്തിനെ നേരിടാൻ വൈകിയതിന്റെ പേരിൽ പുറത്തായത്. ഈ വിവാദ സംഭവത്തിനെതിരെ മാത്യൂസ് രംഗത്ത് വന്നിരിക്കുകയാണ്. ബംഗ്ലാദേശിനെ പോലെ മോശം എതിരാളികളെ താൻ കണ്ടിട്ടില്ല എന്നാണ് മാത്യൂസ് പറഞ്ഞത്. മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മാത്യൂസ് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.
മത്സരത്തിലെ ബംഗ്ലാദേശിന്റെ പ്രവർത്തി അങ്ങേയറ്റം അപമാനകരമാണ് എന്ന് മാത്യൂസ് പറയുകയുണ്ടായി. ബംഗ്ലാദേശ് ഒഴികെ മറ്റൊരു ടീമും ഇങ്ങനെ ചെയ്യുമെന്ന് താൻ കരുതുന്നില്ല എന്നും മാത്യൂസ് കൂട്ടിച്ചേർത്തു. “മത്സരത്തിൽ ഞാൻ യാതൊരു തെറ്റും ചെയ്തിട്ടില്ല. ക്രീസിലെത്തിയ ശേഷം അടുത്ത പന്ത് നേരിടാനായി എനിക്ക് രണ്ടു മിനിറ്റ് സമയം ഉണ്ടായിരുന്നു. അതാണ് ഞാൻ ചെയ്തത്. എന്നാൽ തുടർന്ന് ഹെൽമെറ്റ് തകരാറിലാവുകയാണ് ഉണ്ടായത്.”- മാത്യൂസ് പറഞ്ഞു.
“എതിർ ടീമിന്റെ സാമാന്യബുദ്ധി എവിടെപ്പോയി എന്ന കാര്യം എനിക്കറിയില്ല. എന്ത് ന്യായം പറഞ്ഞാലും ഷാക്കിബ് അൽ ഹസനിൽ നിന്നും ബംഗ്ലാദേശ് താരങ്ങളിൽ നിന്നുമുണ്ടായ പ്രവർത്തി വളരെ അപമാനകരം തന്നെയായിരുന്നു. അവർ മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, ഇത്തരം കാര്യങ്ങളല്ല ചെയ്യേണ്ടത്. 2 മിനിറ്റിനുള്ളിൽ ബാറ്റർ അടുത്ത പന്ത് നേരിടാൻ തയ്യാറാവണം എന്നാണ് ക്രിക്കറ്റ് നിയമത്തിലുള്ളത്. ആ സമയം അവസാനിക്കാൻ ഇനിയും എനിക്ക് മുൻപിൽ സെക്കന്റുകൾ ബാക്കിയുണ്ടായിരുന്നു.”- മാത്യൂസ് കൂട്ടിച്ചേർത്തു.
“ബംഗ്ലാദേശ് ടീമിനോട് അങ്ങേയറ്റം ബഹുമാനം ഉണ്ടായിരുന്ന ആളാണ് ഞാൻ. വ്യക്തമായും എല്ലാ ടീമുകളും തങ്ങൾ ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്. അത് ക്രിക്കറ്റ് നിയമത്തിനുള്ളിൽ നിന്നുകൊണ്ടാണ് എങ്കിൽ ശരി തന്നെയാണ്. എന്നാൽ ഇന്ന് അങ്ങനെയല്ല ഉണ്ടായത്. ഞാൻ നിശ്ചിത 2 മിനിറ്റിനുള്ളിൽ തന്നെ ക്രീസിലെത്തിയിരുന്നു. അതിനുള്ള വീഡിയോ തെളിവുകളുണ്ട്. എല്ലാ തെളിവോടും കൂടിയാണ് ഞാൻ സംസാരിക്കുന്നത്.”- മാത്യൂസ് പറഞ്ഞുവെക്കുന്നു. മത്സരത്തിൽ 3 വിക്കറ്റിന്റെ തകർപ്പൻ വിജയം ബംഗ്ലാദേശ് നേടുകയുണ്ടായി. ബംഗ്ലാദേശിന്റെ ഈ വിജയത്തോടെ ശ്രീലങ്ക ഏകദിന ലോകകപ്പിൽ നിന്ന് പുറത്തായിട്ടുണ്ട്.