“ഞാനെന്തിന് അപ്പീൽ പിൻവലിക്കണം.. ഇത് നിയമത്തിലുള്ള കാര്യം”.. ന്യായീകരണവുമായി ഷാക്കിബ് അൽ ഹസൻ..

വളരെ അവിചാരിതമായ സംഭവങ്ങൾ നിറഞ്ഞ മത്സരമായിരുന്നു ശ്രീലങ്കയും ബംഗ്ലാദേശും തമ്മിൽ നടന്നത്. മത്സരത്തിൽ ശ്രീലങ്കൻ താരം എഞ്ചലോ മാത്യൂസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ടായി പുറത്തായി. മാത്യൂസ് കൃത്യസമയത്ത് ക്രീസിലെത്തിയെങ്കിലും, തന്റെ ഹെൽമറ്റ് മാറാനായി രണ്ടു മിനിറ്റിലധികം സമയമെടുക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ ഔട്ടിനായി അമ്പയറോട് അപ്പീൽ ചെയ്യുകയും, അമ്പയർ അത് അംഗീകരിക്കുകയുമാണ് ചെയ്തത്. എന്നാൽ ഇതിന് ശേഷം ഒരുപാട് വിമർശനങ്ങൾ ഷാക്കിബ് അൽ ഹസനെതിരെ ഉയർന്നിരുന്നു. ക്രിക്കറ്റിന്റെ മാന്യത വിട്ടാണ് ഷാക്കിബ് പെരുമാറിയത് എന്നാണ് ആരാധകരടക്കം പറഞ്ഞത്. എന്നാൽ ബംഗ്ലാദേശ് ടീമിന്റെ ഈ തീരുമാനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നായകൻ ഷാക്കിബ്.

എന്തുകൊണ്ടാണ് താൻ ആ അപ്പീൽ പിൻവലിക്കാതിരുന്നത് എന്ന് ഷാക്കിബ് പറയുന്നു. “ഈ സമയത്ത് ഞങ്ങളുടെ ഫീൽഡർമാരിൽ ഒരാൾ എന്റെ അടുത്ത് വരികയും അപ്പീൽ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗൗരവപരമായി കാര്യങ്ങൾ എടുത്താൽ മാത്യൂസ് ഔട്ടാവും എന്ന് അവൻ പറഞ്ഞു. ശേഷം ഞാൻ അപ്പീൽ ചെയ്യുകയായിരുന്നു. അമ്പയർ എന്നോട് ഇക്കാര്യം ഗൗരവകരമായാണോ എടുക്കേണ്ടത് എന്ന് ചോദിച്ചു. അതോ അപ്പീൽ തിരികെ എടുക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ അപ്പീൽ പിൻവലിക്കില്ല എന്ന് ഞാൻ അമ്പയറോട് പറഞ്ഞു. ഇത്തരമൊരു കാര്യം നിയമത്തിലുണ്ടെങ്കിൽ, അത് ഔട്ട് ആണെങ്കിൽ, ഞാൻ എന്തിനാണ് അപ്പീൽ പിൻവലിക്കുന്നത്. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.”- ഷാക്കിബ് പറഞ്ഞു.

“ഇത് നിയമത്തിലുണ്ടെങ്കിൽ ഞങ്ങൾ അപ്പീൽ ചെയ്യും. അത് തെറ്റാണോ ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഒരു യുദ്ധം പോലെയാണ് എനിക്ക് തോന്നിയത്. അതിനാൽ തന്നെ എനിക്ക് കൃത്യമായ ഒരു തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയൊരു യുദ്ധം ഉണ്ടാവുമ്പോൾ നമ്മുടെ ടീം വിജയിക്കാനായി നമ്മൾ എങ്ങനെയും ശ്രമിക്കും. ഞാനും അതുതന്നെയാണ് ചെയ്തത്.”- ഷാക്കിബ് കൂട്ടിച്ചേർത്തു.

“ഇത് തെറ്റാണോ ശരിയാണോ എന്ന കാര്യത്തിൽ വലിയ ചർച്ചകൾ ഇനിയും ഉണ്ടാവും. പക്ഷേ ഇത് നിയമത്തിലുള്ളതാണ്. അതിനാൽ തന്നെ അത്തരം ചർച്ചകളൊന്നും ഞാൻ കാര്യമാക്കുന്നില്ല. മത്സരത്തിൽ വലിയൊരു ചലനമുണ്ടാക്കാൻ ഇതിന് സാധിച്ചു എന്നാണ് ഞാൻ കരുതുന്നത്. എനിക്ക് 36 വയസ്സായി. അതിനാൽ തന്നെ മൈതാനത്ത് ഇത്തരം പോരാട്ടങ്ങൾ എല്ലായിപ്പോഴും പൊട്ടിപ്പുറപ്പെടാറില്ല. പക്ഷേ ഇന്ന് ഈ സംഭവം ഞങ്ങളെ സഹായിച്ചു. അക്കാര്യം ഞാൻ നിരാകരിക്കുന്നില്ല.”- ഷാക്കിബ് പറഞ്ഞുവെക്കുന്നു. മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമായിരുന്നു ബംഗ്ലാദേശ് ശ്രീലങ്കയ്ക്ക് മേൽ നേടിയത്. ഇരു ടീമുകളും ലോകകപ്പിന്റെ സെമിഫൈനലിൽ നിന്ന് പുറത്തായിട്ടുണ്ട്.