ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 350 ഏകദിനങ്ങളാണ് മഹേന്ദ്ര സിംഗ് ധോണി തന്റെ കരിയറിൽ കളിച്ചിട്ടുള്ളത്. ഇതിൽ 21 തവണ മാത്രമാണ് ധോണിയ്ക്ക് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചിട്ടുള്ളത്. തന്റെ കരിയറിൽ 10000ലധികം റൺസും 321 ക്യാച്ചുകളും 123 സ്റ്റമ്പിങ്ങുകളും ധോണി നടത്തിയിട്ടുണ്ട്. എന്നാൽ ധോണിക്ക് കിട്ടിയിരിക്കുന്ന മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ വളരെ കുറച്ചു മാത്രമാണ്. 2012ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ മഹേന്ദ്രസിംഗ് ധോണിയെ പ്ലെയർ ഓഫ് ദി മാച്ച് ആയി തീരുമാനിച്ചിരുന്നു. ഈ തീരുമാനം തെറ്റായിരുന്നു എന്ന് പ്രസ്താവിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ സ്പിന്നർ സയീദ് അജ്മൽ. അന്ന് തനിക്ക് ലഭിക്കേണ്ട മാൻ ഓഫ് ദി മാച്ച് പുരസ്കാരമാണ് ധോണിക്ക് ലഭിച്ചത് എന്നായിരുന്നു അജ്മൽ പറഞ്ഞത്.
മത്സരത്തിൽ താൻ 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. എന്നാൽ മഹേന്ദ്രസിംഗ് ധോണി കേവലം 36 റൺസാണ് നേടിയത്. എന്നിട്ടും ഇന്ത്യ വിജയിച്ചതിന്റെ പേരിൽ ധോണിയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയത് അംഗീകരിക്കാനാവില്ല എന്നാണ് അജ്മൽ പറഞ്ഞത്. “അത് വളരെ നിർഭാഗ്യകരമായ ഒരു കാര്യമായാണ് ഞാൻ കരുതുന്നത്. അന്ന് മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 175 റൺസിൽ ഒതുക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. ഇന്ത്യയിൽ എന്റെ കരിയറിൽ കളിച്ച ഒരേയൊരു പരമ്പര അത് മാത്രമാണ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഞങ്ങൾ വിജയിച്ചു. ആ രണ്ടു മത്സരങ്ങളിലും മികച്ച രീതിയിൽ പന്തറിയാൻ എനിക്ക് സാധിച്ചു. മൂന്നാമത്തെ ഏകദിനത്തിൽ ഞാൻ 5 വിക്കറ്റുകൾ സ്വന്തമാക്കി. എന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. ഇന്ത്യ 175 റൺസിനായിരുന്നു അന്ന് പുറത്തായത്. പക്ഷേ ധോണി കേവലം 18 റൺസോ മറ്റോ ആണ് നേടിയത്. മാത്രമല്ല രണ്ട് ക്യാച്ചുകളും നഷ്ടമാക്കി. പക്ഷേ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ധോണിക്ക് തന്നെ അന്ന് നൽകുകയുണ്ടായി. അത് വളരെ അനീതിയായിരുന്നു.”- അജ്മൽ പറഞ്ഞു.
“മാൻ ഓഫ് ദി മാച്ച് എന്നതിന്റെ അർത്ഥം എന്താണ്? ഒരു മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാർക്കാണ് മാൻ ഓഫ് ദ് മാച്ച് നൽകേണ്ടത്. ശരിയല്ലേ? പക്ഷേ ആ മത്സരത്തിൽ ഇന്ത്യ വിജയിച്ചതോടെ അവർ മാൻ ഓഫ് ദ് മാച്ച് ധോണിക്ക് നൽകി. ധോണി അന്ന് ക്യാച്ചുകൾ പോലും നഷ്ടപ്പെടുത്തിയിരുന്നു.”- അജ്മൽ കൂട്ടിച്ചേർത്തു. ആ സമയത്ത് ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പർ ബോളറായിരുന്നു സയീദ് അജ്മൽ. പക്ഷേ തന്റെ കരിയറിൽ ഒരിക്കൽ പോലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം അജ്മലിന് വന്നുചേർന്നിട്ടില്ല. 113 ഏകദിന മത്സരങ്ങൾ കളിച്ച അജ്മൽ രണ്ടുതവണ അഞ്ചു വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. പക്ഷേ നിർഭാഗ്യം അജ്മലിനെ പിന്തുടരുകയുണ്ടായി.
പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ 175 റൺസിന് ഇന്ത്യ പുറത്താക്കുകയുണ്ടായി. എന്നാൽ ബോളിംഗിൽ ഇന്ത്യ മികവുകാട്ടി. പാക്കിസ്ഥാനെ കേവലം 167 റൺസിൽ ഒതുക്കി ഇന്ത്യ മത്സരത്തിൽ വിജയം നേടുകയായിരുന്നു. 36 റൺസെടുത്ത മഹേന്ദ്രസിംഗ് ധോണിയായിരുന്നു മത്സരത്തിലെ ഇന്ത്യയുടെ ടോപ് സ്കോറർ. ഈ സാഹചര്യത്തിലാണ് മത്സരത്തിൽ ധോണിക്ക് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നൽകിയത്. ഇതിനെ ചോദ്യം ചെയ്താണ് അജ്മൽ രംഗത്ത് എത്തിയിരിക്കുന്നത്.