അവർ ഇരുവരും ഇനി ടെസ്റ്റ്‌ ടീമിൽ കാണില്ല : സൂചന നൽകി ഗവാസ്ക്കർ

സൗത്താഫ്രിക്കക്ക്‌ എതിരായ നിർണായക കേപ്ടൗൺ ടെസ്റ്റിൽ നാലാം ദിനം എട്ട് വിക്കറ്റുകൾ അകലെ ചരിത്ര ജയം ലക്ഷ്യമിടുകയാണ് ഇന്ത്യൻ ടീം. നാലാം ദിനം ജയിക്കാൻ മികച്ച സൗത്താഫ്രിക്കയും കാഴ്ചവെക്കുമെന്ന് ഉറപ്പാകുമ്പോൾ പോരാട്ടം കനക്കുമെന്നത് തീർച്ച. രണ്ടാം ഇന്നിങ്സിൽ വെറും 198 റൺസിൽ പുറത്തായ ടീം ഇന്ത്യക്ക് വളരെ നിരാശ സമ്മാനിച്ചത് ബാറ്റിംഗ് നിരയുടെ മോശം പ്രകടനം തന്നെയാണ്‌. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി റിഷാബ് പന്ത് മറ്റൊരു ടെസ്റ്റ്‌ സെഞ്ച്വറിയിലേക്ക് കൂടി എത്തിയപ്പോൾ പൂജാര, രഹാനെ അടക്കം താരങ്ങൾ വീണ്ടും നിരാശയാണ് സമ്മാനിച്ചത്. ടെസ്റ്റ്‌ പരമ്പരയിലുടനീളം മോശം ഫോമിന്റെ പേരിൽ അതിരൂക്ഷ വിമർശനം കേട്ടിട്ടുള്ള ഇരുവർക്കും ഇനി ടെസ്റ്റ്‌ ടീമിൽ അവസരം ലഭിക്കുമോയെന്ന സംശയം ഉണർത്തുന്നതാണ് ഈ ഒരു ടെസ്റ്റിലെ പ്രകടനവും

സൗത്താഫ്രിക്കക്ക്‌ എതിരായ പ്രധാന ടെസ്റ്റ്‌ പരമ്പരയിലെ ആറ് ഇന്നിങ്സിൽ നിന്നായി പൂജാര 124 റൺസ്‌ മാത്രം നേടിയപ്പോൾ രഹാനെയുടെ സമ്പാദ്യം 136 റൺസായിരുന്നു.സീനിയർ താരങ്ങൾക്ക് വീണ്ടും വീണ്ടും അവസരം നൽകുമ്പോൾ ടീം മാനേജ്മെന്റ് ശ്രേയസ് അയ്യർ, ഹനുമാ വിഹാരി അടക്കമുള്ള യുവ താരങ്ങളെ ഒഴിവാക്കുന്നുവെന്നാണ് മുൻ താരങ്ങൾ അടക്കം വിമർശിക്കുന്നത്. ഈ കാര്യം ചൂണ്ടികാണിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ഗവാസ്ക്കർ.

ഈ മോശം പരമ്പരക്ക്‌ പിന്നാലെ ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി രഹാനെയുടെയും പൂജാരയുടെയും കാര്യത്തിൽ പുത്തൻ ചില തീരുമാനങ്ങളിലേക്ക് കടക്കുമെന്ന് പറയുകയാണ് സുനിൽ ഗവാസ്ക്കർ. രണ്ട് സ്റ്റാർ ബാറ്റ്‌സ്മാനമാരും ലങ്കക്കെതിരെ വരാനിരിക്കുന്ന ടെസ്റ്റ്‌ പരമ്പരയിൽ ടീമിൽ നിന്നും പുറത്തായാൽ പോലും നമുക്ക് അത്ഭുതപെടേണ്ടതില്ലെന്നാണ് സുനിൽ ഗവാസ്ക്കർ നിരീക്ഷണം.

“ഇന്ത്യൻ ടീമിന്റെ അടുത്ത ടെസ്റ്റ്‌ പരമ്പര ചില മാറ്റങ്ങൾക്ക് സാക്ഷിയാകുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്.അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടെസ്റ്റ്‌ ടീമില്‍ രണ്ട് ഒഴിവുകളുണ്ടാവുമെന്നാണ് ഞാന്‍ ഇപ്പോൾ തന്നെ കരുതുന്നത്. എന്റെ വിശ്വാസം രഹാനെക്കൊപ്പം ചേതേശ്വര്‍ പുജാരയും ഇന്ത്യൻ ടെസ്റ്റ്‌ സ്‌ക്വാഡിൽ നിന്നും ഡ്രോപ്പായെക്കാം. കിവീസിന് എതിരെ തിളങ്ങിയ ശ്രേയസ് അയ്യർക്ക് അർഹമായ സ്ഥാനം ലഭിക്കേണ്ട സമയം ആയി കഴിഞ്ഞു. പൂജാരയുടെ സ്ഥാനം ആരാണ് നേടുക എന്നത് നോക്കണം. വിഹാരിയാകും ഇനി ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്‌സ്മാൻ ” ഗവാസ്ക്കർ തന്റെ അഭിപ്രായം വിശദമാക്കി.