2024 ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയ്ക്ക് മുന്നോടിയായി വലിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. പരമ്പരയിൽ വിരാട് കോഹ്ലി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും, അത് ഓസ്ട്രേലിയക്ക് തലവേദനയായി മാറുമെന്നും സൂചന നൽകിയിരിക്കുകയാണ് വാർണർ.
നിലവിലെ കോഹ്ലിയുടെ പ്രകടനങ്ങൾ അത്ര മികച്ചതല്ലെങ്കിലും നിർണായകമായ മത്സരങ്ങളിൽ മികവ് പുലർത്താൻ കഴിവുള്ള താരമാണ് കോഹ്ലി എന്ന വാർണർ പറയുന്നു. അതുകൊണ്ടു തന്നെ ഓസ്ട്രേലിയൻ ടീമിനെ പറ്റി ഓർക്കുമ്പോൾ തനിക്ക് അല്പം നിരാശയുണ്ട് എന്നും വാർണർ കൂട്ടിച്ചേർക്കുകയുണ്ടായി.
ഓസ്ട്രേലിയൻ മണ്ണിലെ വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ എടുത്തുകാട്ടിയാണ് വാർണർ സംസാരിച്ചത്. “ഇത് ബോർഡർ- ഗവാസ്കർ ട്രോഫിയാണ്. മാത്രമല്ല ഓസ്ട്രേലിയയിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച ചരിത്രമാണ് വിരാട് കോഹ്ലിയ്ക്കുള്ളത്. മറ്റേത് ടീമിന്റെ താരങ്ങളെക്കാളും ഓസ്ട്രേലിയൻ മണ്ണിൽ ഓസ്ട്രേലിയൻ ടീമിനതിരെ വെല്ലുവിളി ഉയർത്താനും, കൃത്യമായി ആധിപത്യം സ്ഥാപിക്കാനും സാധിക്കുന്ന താരമാണ് വിരാട് കോഹ്ലി.
ഇപ്പോൾ കോഹ്ലി അല്പം വിമർശനങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ടു തന്നെ ഓസ്ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിമർശകരുടെ വായടപ്പിക്കാൻ കോഹ്ലി ശ്രമിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെപ്പറ്റി ആലോചിക്കുമ്പോൾ എനിക്ക് അല്പം നിരാശയാണുള്ളത്. കാരണം എല്ലാ തരത്തിലും കുറച്ചു റൺസ് കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാവും കോഹ്ലി മൈതാനത്ത് എത്തുക.”- വാർണർ പറയുന്നു.
ഈ വർഷം എല്ലാ ഫോർമാറ്റുകളിലുമായി 19 മത്സരങ്ങളാണ് വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 488 സ്വന്തമാക്കാൻ കോഹ്ലിക്ക് സാധിച്ചു. 20.3 എന്ന മോശം ശരാശരിയിലാണ് കോഹ്ലി റൺസ് സ്വന്തമാക്കിയത്. 25 ഇന്നിങ്സുകളിൽ നിന്ന് കേവലം 2 അർധ സെഞ്ച്വറികൾ മാത്രമാണ് കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് കോഹ്ലിയ്ക്ക് തന്റെ കരിയറിൽ ഇത്തരത്തിൽ ഒരു പിന്നോട്ട്പോക്ക് ഉണ്ടായിരിക്കുന്നത്. 2016 മുതൽ 2019 വരെ തന്റെ ഫോമിന്റെ ഏറ്റവും മികച്ച ഘട്ടത്തിലായിരുന്നു വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ വമ്പൻ നേട്ടങ്ങളാണ് ഈ സമയത്ത് കോഹ്ലി സ്വന്തമാക്കിയിരുന്നത്. 43 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4208 റൺസായിരുന്നു കോഹി 2016നും 2019നും ഇടയ്ക്ക് കോഹ്ലി നേടിയത്.
പക്ഷേ 2020ന് ശേഷം കോഹ്ലിയ്ക്ക് ഈ പ്രകടനങ്ങൾ ആവർത്തിക്കാൻ സാധിച്ചില്ല. 34 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1838 റൺസാണ് 2020ന് ശേഷം കോഹ്ലി സ്വന്തമാക്കിയിട്ടുള്ളത്. 2 സെഞ്ച്വറികളും 9 അർധ സെഞ്ച്വറികളും മാത്രമാണ് 2020ന് ശേഷം കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത്. എന്നാൽ ഓസ്ട്രേലിയൻ മണ്ണിൽ ശക്തമായ പ്രകടനങ്ങൾ കാഴ്ചവെച്ച് കോഹ്ലി തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. കോഹ്ലി മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ മണ്ണിൽ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ വിജയം സ്വന്തമാക്കാൻ സാധിക്കു എന്ന് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്ക് അടക്കം ഇതിനോടകം പറഞ്ഞിട്ടുണ്ട്.