ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയതിൽ തന്റെ ആഹ്ലാദം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. ഇന്ത്യയുടെ സ്ക്വാഡിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ ചർച്ച ചെയ്യുകയായിരുന്നു ഡിവില്ലിയേഴ്സ്.
ഇത്തവണത്തെ ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് വളരെ ശക്തമായ ഒന്നാണ് എന്ന് ഡിവില്ലിയേഴ്സ് പറയുകയുണ്ടായി. മാത്രമല്ല സഞ്ജുവിനെ ഇത്തരത്തിൽ സ്ക്വാഡിൽ ഉൾപ്പെടുത്തിയതിൽ തനിക്ക് വലിയ സന്തോഷമുണ്ട് എന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
“സഞ്ജു സാംസണിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ഞാൻ സഞ്ജുവിന്റെ വലിയൊരു ആരാധകൻ തന്നെയാണ്. ഇത്തവണത്തെ ലോകകപ്പിനുള്ള ടീമിൽ സഞ്ജു ഇടം പിടിക്കും എന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതുതന്നെയാണ് സംഭവിച്ചതും.”
“രാജസ്ഥാൻ ടീമിനൊപ്പം സഞ്ജുവിന് വളരെ മികച്ച ഒരു സീസനാണ് ഇപ്പോൾ നടക്കുന്നത്. എനിക്ക് സഞ്ജുവിന്റെ ബാറ്റിംഗ് കാണുന്നത് വളരെ ഇഷ്ടമാണ്. സഞ്ജുവിന്റെ ബാറ്റിംഗ് കാണുന്ന സമയത്ത് എല്ലാം വളരെ അനായാസമായി നമുക്ക് തോന്നാറുണ്ട്. അവനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നതോടുകൂടി പുതിയൊരു നായകനെ തന്നെ ഇന്ത്യയ്ക്ക് ലഭിക്കും.”- ഡിവില്ലിയേഴ്സ് പറഞ്ഞു.
“രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ലോകകപ്പ് ടീമിൽ വിരാട് കോഹ്ലിയെ ഉൾപ്പെടുത്തിയതും വളരെ മികച്ച ഒരു നീക്കമായാണ് എനിക്ക് തോന്നുന്നത്. രണ്ടുപേരും ട്വന്റി20 ലോകകപ്പിൽ കളിക്കുന്നത് എനിക്ക് സന്തോഷമുണ്ട്. ഇരുവരും ഒരുപാട് അനുഭവ സമ്പത്തുള്ള താരങ്ങൾ തന്നെയാണ്. സഞ്ജുവിനൊപ്പം ഹർദിക് പാണ്ട്യയെ ഉപ നായകനാക്കിയതിലൂടെ മറ്റൊരു ക്യാപ്റ്റനെ കൂടിയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.”
“മാത്രമല്ല ശിവം ദുബെയെ ടീമിൽ ഉൾപ്പെടുത്തിയതും നല്ലൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്. ചെന്നൈക്കായി ഈ ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ ദുബെ കാഴ്ച വച്ചിരുന്നു. ഇതുവരെ ഐപിഎല്ലിൽ വലിയ രീതിയിൽ ബോളിംഗ് ചെയ്യാൻ താരത്തിന് സാധിച്ചിട്ടില്ല. ലോകകപ്പിൽ ദുബെയ്ക്ക് ബോളിങ്ങിലും അവസരം ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.
“ചഹലിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയതും വലിയ സന്തോഷം നൽകുന്ന കാര്യമാണ്. ഈ സെലക്ഷൻ ചാഹലിനെ സംബന്ധിച്ച് എത്രമാത്രം വലുതായിരിക്കും എന്ന് എനിക്ക് ബോധ്യമുണ്ട്. സമീപകാലത്ത് ഇന്ത്യക്കായി ലോകകപ്പുകൾ കളിക്കാൻ സാധിക്കാതെ വന്നതിൽ ചാഹലിന് ഒരുപാട് വിഷമം ഉണ്ടാകും.”
“അതുകൊണ്ട് ചഹൽ ഇത്തവണത്തെ ലോകകപ്പിൽ സ്ഥാനം അർഹിക്കുന്നു. അഭിനന്ദനങ്ങൾm ഇഷാൻ കിഷനും രാഹുലിനും ഇന്ത്യയുടെ ടീമിൽ ഇടം ലഭിച്ചില്ല. ഇരുവർക്കും നിരാശയുണ്ടാകും. ഇരുവരും നല്ല ക്രിക്കറ്റർമാരാണ്. ഇനി വരാനിരിക്കുന്ന ടൂർണമെന്റുകളിൽ ഇരുവർക്കും സ്ഥാനം ലഭിക്കട്ടെ.”- ഡിവില്ലിയേഴ്സ് പറഞ്ഞു വയ്ക്കുന്നു.