“ഞാൻ നന്നായി കളിച്ചില്ല, അതുകൊണ്ട് പുറത്താക്കി.. ഒരു വിഷമവും ഇല്ല”, തുറന്ന് പറഞ്ഞ് സൂര്യകുമാർ.

2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കിയിരുന്നു. ഇതേ സംബന്ധിച്ച് സൂര്യകുമാർ സംസാരിക്കുകയുണ്ടായി. തന്നെ ഒഴിവാക്കിയ സെലക്ഷൻ കമ്മറ്റിയുടെ തീരുമാനത്തെ ശരിവച്ചാണ് സൂര്യകുമാർ സംസാരിച്ചത്.

കഴിഞ്ഞ സമയങ്ങളിൽ തനിക്ക് ഏകദിനങ്ങളിൽ വേണ്ട രീതിയിൽ റൺസ് സ്വന്തമാക്കാൻ സാധിക്കാതിരുന്നതിനാലാണ്, തന്നെ ഒഴിവാക്കിയത് എന്ന് സൂര്യകുമാർ പറഞ്ഞു. ഇത്തരത്തിൽ ടീമിനായി മികവ് പുലർത്താൻ സാധിക്കാതിരുന്നതാണ് തന്നെ നിരാശപ്പെടുത്തിയത് എന്നാണ് സൂര്യകുമാർ കൂട്ടിചേർത്തത്.

ഇതുവരെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 37 മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവിന് 773 റൺസാണ് സ്വന്തമാക്കാൻ സാധിച്ചത്. 25.76 എന്ന ശരാശരിയിലാണ് സൂര്യകുമാർ ഏകദിനങ്ങളിൽ കളിച്ചിട്ടുള്ളത്. അതിനാൽ തന്നെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഒഴിവാക്കിയത് സൂര്യയെ ബാധിച്ചിട്ടുണ്ടോ എന്ന് ചോദ്യത്തിന് സൂര്യകുമാർ നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. “എന്തിനാണ് ഞാൻ അക്കാര്യത്തിൽ വിഷമിക്കുന്നത്? ഞാൻ ഏകദിനങ്ങളിൽ മികവ് പുലർത്തിയിരുന്നെങ്കിൽ ഉറപ്പായും ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഉണ്ടായിരുന്നേനെ. എനിക്ക് മികവ് പുലർത്താൻ സാധിക്കാതെ വന്നതുകൊണ്ടാണ് പുറത്തായത്. അത് ഞാൻ അംഗീകരിക്കുന്നു.”- സൂര്യകുമാർ യാദവ് പറഞ്ഞു.

“അതേസമയം നിങ്ങൾ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യയുടെ സ്ക്വാഡിലേക്ക് നോക്കൂ. വളരെ മികച്ച താരങ്ങളാണ് സ്ക്വാഡിൽ അണിനിരക്കുന്നത്. സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുള്ള താരങ്ങൾ എല്ലാവരും കഴിഞ്ഞ സമയത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചതാണ്. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യക്കായും അവർ നടത്തിയ പ്രകടനങ്ങൾ നമുക്ക് കാണാതിരിക്കാൻ സാധിക്കില്ല. അവർക്ക് അവസരം ലഭിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. എന്നിരുന്നാലും കഴിഞ്ഞ സമയങ്ങളിൽ ഞാൻ ഏകദിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല എന്ന കാര്യം എന്നെ വേദനിപ്പിക്കുന്നുണ്ട്. ഞാൻ മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്ന സാഹചര്യത്തിലാണ് എനിക്ക് പകരം മറ്റൊരു താരത്തിന് ടീമിൽ അവസരം ലഭിച്ചത്.”- സൂര്യകുമാർ കൂട്ടിച്ചേർക്കുന്നു.

ബുമ്രയോടൊപ്പം മുഹമ്മദ് ഷാമിയെയും ഇന്ത്യ തങ്ങളുടെ ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേ സംബന്ധിച്ച് സൂര്യകുമാർ സംസാരിച്ചു. “അവർ ഒരുപാട് ക്രിക്കറ്റ് മത്സരങ്ങൾ ഒരുമിച്ചു കളിച്ചിട്ടുള്ളവരാണ്. ഒരുപാട് അനുഭവസമ്പത്തുള്ള ബോളർമാരാണ്. മാത്രമല്ല ഇന്ത്യക്കായി അവർ കളിക്കുമ്പോൾ മറ്റൊരു തരം വികാരമാണ് നമുക്ക് ഉണ്ടാവുന്നത്. ഇരുവരും ഒരുമിച്ച് ബോൾ ചെയ്യുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്. 2023 ഏകദിന ലോകകപ്പിൽ നമ്മൾ അത് കണ്ടിരുന്നു. അവർ അന്ന് നന്നായി എറിഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിലും അവർക്ക് അത് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- സൂര്യകുമാർ പറഞ്ഞുവെക്കുന്നു.

Previous article“ലക്നൗ ടീമിലും ഞാൻ ധോണി ഭായുടെ ആ വാക്കുകൾ പിന്തുടരും”- നായകൻ റിഷഭ് പന്ത് പറയുന്നു.
Next article“ആ താരം ടീമിലുണ്ട്, ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നേടാനാവും” : ഗാംഗുലി